മെക്സിക്കോയിൽ 'ബാറ്റ്മാൻ'? ബൈക്ക് കള്ളന്മാരെ തൂണിൽ കെട്ടിയിടുന്ന അജ്ഞാതനാര്?

Published : Jul 01, 2026, 09:28 PM IST
mexican batman

Synopsis

മെക്സിക്കോയിലെ ജാലിസ്കോയിൽ ബൈക്ക് മോഷ്ടാക്കളെന്ന് ആരോപിക്കപ്പെടുന്നവരെ തൂണുകളിൽ കെട്ടിയിടുന്ന അജ്ഞാതൻ! 'ബാറ്റ്മാൻ ഓഫ് ലാഗോസ് ഡി മൊറേനോ' എന്നാണ് ഇയാളെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.

​സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ 'കുറ്റവാളി'കളെ വേട്ടയാടി പൊതുജനങ്ങൾക്ക് മുന്നിൽ കെട്ടിയിടുന്ന 'മാസ്ക് ധരിച്ച' അജ്ഞാതനാണ് ഇപ്പോൾ മെക്സിക്കോയിൽ ചർച്ചയാകുന്നത്. മെക്സിക്കോയിലെ ജാലിസ്കോയിൽ ബൈക്ക് മോഷ്ടാക്കളെന്ന് ആരോപിക്കപ്പെടുന്ന ചിലരെ പൊതുസ്ഥലത്തെ പോസ്റ്റുകളിൽ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് 'ബാറ്റ്മാൻ ഓഫ് ലാഗോസ് ഡി മൊറേനോ' എന്ന് വിളിക്കപ്പെടുന്ന ഈ നിഗൂഢ വ്യക്തി സോഷ്യൽ മീഡിയയിൽ തരംഗമായത്.

​ചിലയിടങ്ങളിൽ യുവാക്കൾ മോഷ്ടിച്ചുവെന്ന് പറയപ്പെടുന്ന ബൈക്കുകൾക്ക് സമീപം തന്നെയാണ് ഇവരെ കെട്ടിയിട്ടിരുന്നത്. ഇതൊരു സ്വാഭാവിക നീതി നടപ്പാക്കലാണെന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ പലരും കുറിച്ചതോടെ വാർത്ത കാട്ടുതീ പോലെ പടർന്നു. എന്നാൽ, നിയമം കയ്യിലെടുത്ത ഈ 'ബാറ്റ്മാനെ' കണ്ടെത്താൻ ജാലിസ്കോയിലെ അധികൃതർ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ ആളുകളെ നിലവിൽ പ്രതികളായല്ല, മറിച്ച് അക്രമത്തിന് ഇരയായവരായാണ് നിയമം കാണുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

പൊതുസ്ഥലങ്ങളിലെ തൂണുകളിൽ യുവാക്കളെ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച നിലയിൽ കണ്ടെത്തിയ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ജാലിസ്കോയിലെ ലാഗോസ് ഡി മൊറേനോ മുനിസിപ്പാലിറ്റിയിൽ ഈ സംഭവം ചർച്ചയാകുന്നത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ അജ്ഞാത വ്യക്തിക്കോ ഗ്രൂപ്പിനോ 'ബാറ്റ്മാൻ' എന്നാണ് പേര് നൽകിയിരിക്കുന്നത്.

എന്നാൽ, ജാലിസ്കോയിലെ അധികൃതർ ഈ സംഭവങ്ങളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക മാധ്യമമായ 'എൽ ഫിനാൻസിയറോ'യുടെ റിപ്പോർട്ട് അനുസരിച്ച്, ബൈക്ക് മോഷ്ടിക്കരുതെന്ന് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾക്കൊപ്പം യുവാക്കളെ കെട്ടിയിട്ട നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ജാലിസ്കോ പ്രോസിക്യൂട്ടർ സാൽവഡോർ ഗോൺസാലസ് ഡി ലോസ് സാന്റോസ് സ്ഥിരീകരിച്ചു. ഈ യുവാക്കൾക്കെതിരെയുള്ള മോഷണക്കുറ്റങ്ങൾ അന്വേഷിച്ചുവരികയാണെന്നും എന്നാൽ നിലവിലെ ഘട്ടത്തിൽ ഇവർ ആക്രമിക്കപ്പെട്ടവരായാണ് കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

 

മറ്റൊരു മാധ്യമമായ 'ഇൻഫോബേ'യുടെ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 13 -നാണ് ആദ്യത്തെ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. പരിക്കുകളോടെ ഒരു യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അവൻ ഒരു കള്ളനാണെന്ന് ആരോപിക്കുന്ന ഒരു ബോർഡും ഒപ്പമുണ്ടായിരുന്നു. തുടർന്ന് ജൂൺ 17, 19 തീയതികളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ഇത്തരത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയവരുടെ എണ്ണം അഞ്ചായി. ഈ സംഭവങ്ങൾക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ഡയാന രാജകുമാരി എന്ന വിപ്ലവം; വിവാഹം മുതൽ ഫാഷൻ വരെ
ആകെ ശമ്പളം 23,000 രൂപ മാത്രം, സ്പാ, പാർട്ടി, ഒടുവിൽ കടക്കെണിയിലായെന്ന് യുവാവ്