ചിത്രമെടുക്കാനായി കുഞ്ഞിനെ ഇരുത്തിയത് റെയിൽവെ ക്രോസിം​ഗിൽ!

By Web TeamFirst Published Jul 8, 2021, 10:23 AM IST
Highlights

ട്രെയിൻ റോഡിലൂടെ ഓടുന്ന ഒരു സാധാരണ വാഹനം പോലെ ആണ് എന്ന് കരുതരുത്. അതിന് ആളുകളെ കാണുമ്പോൾ നിർത്താനാവില്ല. അതിനാൽ തന്നെ ജീവൻ തന്നെ നഷ്ടമാവാം എന്നും അധികൃതർ പറയുന്നു.

അപകടകരമായ സെല്‍ഫികളുടെ വാര്‍ത്ത നാം പലപ്പോഴും കാണാറുണ്ട്. അതിന്‍റെ പേരില്‍ ജീവന്‍ പോയവരെയും കണ്ടിട്ടുണ്ട്. ഇപ്പോള്‍ വെയില്‍സിലെ പൊലീസും റെയില്‍ ഓഫീസര്‍മാരും ഇങ്ങനെയൊരു സെല്‍ഫി ഭ്രാന്തിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. റെയില്‍വേ ട്രാക്കുകളുടെ തൊട്ടടുത്തിരുന്ന് ചിത്രമെടുക്കുന്നവരുടെ എണ്ണം കൂടിവരുന്നു എന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ഒരു കുഞ്ഞിനെ ചിത്രം പകര്‍ത്താനായി റെയില്‍വേ ക്രോസിംഗിലിരുത്തിരിയിക്കുന്ന ഒരു ചിത്രം അധികൃതര്‍ പങ്കുവയ്ക്കുകയുണ്ടായി. ആളുകള്‍ റെയില്‍വേ ട്രാക്കിലിരുന്നു കൊണ്ടുള്ള നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊവിഡ് തുടങ്ങിക്കഴിഞ്ഞതിന് ശേഷം മാത്രം ഇത്തരത്തില്‍ ഗുരുതരമായ 433 സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്ന് അധികൃതര്‍ പറയുന്നു. 

ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസും ട്രാന്‍സ്പോര്‍ട്ട് ഫോര്‍ വെയില്‍സുമായി ചേര്‍ന്ന് ഇപ്പോള്‍ ഒരു പുതിയ കാമ്പയിന്‍ തുടങ്ങിയിരിക്കുകയാണ്. നിങ്ങളുടെ കുടുംബത്തന് നഷ്ടമുണ്ടാക്കിക്കൊണ്ടുള്ള ഒരു ചിത്രവും എടുക്കരുത് എന്നാണ് അവർ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ലെവല്‍ ക്രോസിംഗുകളില്‍ ചുറ്റിക്കറങ്ങുന്നതും ചിത്രം പകര്‍ത്തുന്നതുമെല്ലാം അങ്ങേയറ്റം അപകടകരവും നിയമവിരുദ്ധവുമാണ്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങളെ കോടതിയില്‍ ഹാജരാക്കുന്നതും ആയിരം ഡോളര്‍ പിഴയടക്കേണ്ടി വരുന്നതുമാണ് എന്നും അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്. 

ടിക്ടോക്ക്, സെൽഫി, ചിത്രങ്ങൾ, വീഡിയോ തുടങ്ങിയവ ക്രോസിം​ഗുകളിൽ നിന്നും പകർത്തുന്നതും അവ സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും വ്യാപകമായതിനെ തുടർന്നാണ് അധികൃതർ ഇങ്ങനെ ഒരു നിലപാട് കൈക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ പകർത്തുന്ന ചിത്രങ്ങൾക്കാകട്ടെ മില്ല്യൺ കണക്കിന് വ്യൂവും ഉണ്ട്. 

ട്രെയിൻ റോഡിലൂടെ ഓടുന്ന ഒരു സാധാരണ വാഹനം പോലെ ആണ് എന്ന് കരുതരുത്. അതിന് ആളുകളെ കാണുമ്പോൾ നിർത്താനാവില്ല. അതിനാൽ തന്നെ ജീവൻ തന്നെ നഷ്ടമാവാം എന്നും അധികൃതർ പറയുന്നു. താനും തന്റെ സഹപ്രവർത്തകരും എപ്പോഴും ട്രാക്കുകളിൽ ദാരുണമായ എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയപ്പെടുന്നുവെന്നും അത്തരം ഒരുപാട് കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നും ട്രെയിൻ ഡ്രൈവർ ജോഡി ഡൊണെല്ലി പറയുന്നു. 

ഏതായാലും തങ്ങളുടെ പുതിയ കാമ്പയിൻ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരും എന്ന വിശ്വാസത്തിലാണ് അധികൃതർ. 

click me!