
ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായി ആണാ(man)യി മാറിയ ഒരു സ്‌ത്രീ ഇപ്പോൾ അത് വേണ്ടെന്ന് വച്ച് വീണ്ടും സ്‌ത്രീ(female)യായി മാറുകയാണ്. പുരുഷനാകാനുള്ള ചികിത്സകൾ ചെയ്ത് ആറ് വർഷത്തിന് ശേഷമാണ് മിഷിഗണിൽ നിന്നുള്ള ആലിയ ഇസ്മായിലി(Alia Ismail)ന്റെ തീരുമാനം. പുതിയ വ്യക്തിത്വവുമായി ഇഴുകിച്ചേരാൻ തനിക്ക് സാധിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇപ്പോൾ വീണ്ടും ഒരു സ്ത്രീയായി ജീവിക്കാൻ ആഗ്രഹിക്കുന്നു അവൾ.
ആലിയ ജനിച്ചത് യുഎസ്സിലെ മിഷിഗണി(Michigan)ലെ ഡിട്രോയിറ്റിലാണ്. കുട്ടിക്കാലത്ത് താൻ വളരെ അടക്കവും ഒതുക്കവുമുള്ള പെൺകുട്ടിയായിരുന്നുവെന്ന് അവൾ പറയുന്നു. ഒരു പെൺകുട്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളും കൗമാരകാലത്ത് അവളും ചെയ്തിരുന്നു. ആൺകുട്ടികളുമായി ഡേറ്റിംഗ് നടത്തുക, മേക്കപ്പ് ധരിക്കുക എന്നിങ്ങനെയുള്ള എല്ലാ സ്ത്രീകളുടേതായ കാര്യങ്ങളും അവൾ പിന്തുടർന്നു. എന്നാൽ 18 -ാം വയസ്സ് മുതലാണ് ആലിയ തന്റെ സ്ത്രീ ശരീരത്തെ വെറുക്കാൻ തുടങ്ങിയത്. അവൾ എല്ലാ രീതിയിലും ഒരു പുരുഷനായി മാറാൻ ആഗ്രഹിച്ചു. അങ്ങനെ പതുക്കെ അവൾ ആണുങ്ങളെ പോലെ വസ്ത്രം ധരിക്കാനും, പെരുമാറാനും ആരംഭിച്ചു. ഇതാണ് തന്റെ യഥാർത്ഥ വ്യക്തിത്വമെന്ന് അവൾ ധരിച്ചു.
20 വയസായതോടെ ശരീരം പൂർണമായും ഒരു പുരുഷന്റേതുപോലെയാക്കാൻ അവൾ ശ്രമങ്ങൾ തുടങ്ങി. ഇതിനായുള്ള ചികിത്സകളും, മരുന്നുകളും എടുക്കാൻ ആരംഭിച്ചു. 2015 ഓഗസ്റ്റിൽ 27 -കാരിയായ ആലിയ തന്റെ പേര് നിയമപരമായി ഇസ എന്നാക്കി. എന്നാൽ, ഈ കാര്യത്തിൽ വീട്ടുകാരിൽ നിന്ന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല എന്നവൾ പറയുന്നു. അവർ തന്നെ നല്ല പോലെ മനസ്സിലാക്കി കൂടെ നിന്നുവെന്നവൾ കൂട്ടിച്ചേർത്തു. തുടർന്ന്, 2016 ഫെബ്രുവരിയിൽ അവൾ മാറിടം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയയായി. എന്നാൽ അതിന് ശേഷം, അവൾ പഴയപോലെ സന്തോഷവതിയായില്ല.
തന്റെ ശരീരത്തിൽ വന്ന മാറ്റങ്ങൾ കണ്ട് അവൾ വല്ലാതെ അസ്വസ്ഥയായി. ഹോർമോണുകൾ കഴിച്ചതിന് ശേഷം, അവളുടെ രൂപത്തിൽ കാര്യമായ മാറ്റങ്ങൾ അവൾ ശ്രദ്ധിച്ചു. ഘനമുള്ള ശബ്ദം, മുഖത്തും ശരീരത്തിലും രോമവളർച്ച, പേശികളുടെ വളർച്ച, ഒപ്പം ഇടുപ്പിൽ നിന്നും സ്തനങ്ങളിൽ നിന്നും കൊഴുപ്പ് ഇല്ലാതാകുന്നതും എല്ലാം അവളെ വിഷമിപ്പിച്ചു. പിന്നീട്, അവൾ വിഷാദത്തിലേക്ക് വഴുതിവീണു. അങ്ങനെ 2021 ഫെബ്രുവരിയോടെ ശരീരത്തിൽ പുരുഷ ഹോർമോണുകൾ കൂട്ടാനായി കഴിച്ചിരുന്ന ഗുളികകൾ എല്ലാം അവൾ നിർത്തി. തന്റെ പഴയ സ്ത്രീ ശരീരത്തെ വീണ്ടും സ്നേഹിക്കാൻ തുടങ്ങി അവൾ.
ആലിയ ആകാൻ അവൾ ഒരിക്കൽ കൂടി ഇഷ്ടപ്പെട്ടു. എന്നാൽ, താൻ ചെയ്തതിലൊന്നും അവൾക്ക് നിരാശയോ, കുറ്റബോധമോ ഒന്നുമില്ല. ഇപ്പോൾ അവൾ ഹോർമോണുകൾ കഴിക്കുന്നത് നിർത്തി. രോമങ്ങൾ നീക്കം ചെയ്യാൻ ലേസർ ഹെയർ റിമൂവലിന് വിധേയമായി. ആലിയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്റെ കഥ പങ്കിടുന്നു. മാത്രവുമല്ല തന്നെ പോലെ കൺഫ്യൂഷൻ നേരിടുന്ന ആളുകൾക്ക് വേണ്ട സഹായവും അവൾ ചെയ്യുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ തേടി നിരവധി ആളുകൾ സന്ദേശങ്ങൾ അയക്കാറുണ്ടെന്ന് അവൾ പറയുന്നു.