മരത്തില്‍ പശതേച്ച് പക്ഷികളെ കുടുക്കുന്നു, അതില്‍നിന്ന് വേര്‍പ്പെടുത്താന്‍ ഉപയോഗിക്കുന്നത് പെട്രോള്‍; പക്ഷികളോട് കൊടുംക്രൂരത

By Web TeamFirst Published Dec 3, 2019, 4:59 PM IST
Highlights

എന്നാൽ, ഈ രീതി പറഞ്ഞറിയിക്കാനാവാത്ത വിധം ക്രൂരതയാണെന്ന് പക്ഷി സംരക്ഷകർ പറയുന്നു. കഴിഞ്ഞ 30 വർഷത്തിനിടെ ദേശീയ, യൂറോപ്യൻ കോടതികളിൽ നിരവധി നിയമ കേസുകൾ ഇതിനെതിരായി അവർ കൊണ്ടുവന്നിട്ടുണ്ട്. 

പ്രഭാതമാവുകയാണ്. ഉയരമുള്ള കറുത്ത പൈൻ മരങ്ങൾക്ക് പിന്നിൽ എവിടെയോ ഒരു പ്രഭാത സംഗീതം ആരംഭിച്ചു. കുറ്റിക്കാടുകൾക്കിടയിൽനിന്നും കിളികളുടെ മനോഹരമായ നാദവിസ്‍മയമാണത്. ഇതാണ് സസ്യജന്തുജാലങ്ങളാൽ സമ്പന്നവും അസാധാരണമായ പ്രകൃതി സൗന്ദര്യവും ഉള്ള ഫ്രഞ്ച് രാജ്യം. പക്ഷേ, അവിടെ കേൾക്കുന്ന പക്ഷികളുടെ പാട്ടിന്  മരണത്തിന്‍റെ ഗന്ധമുണ്ട്. കാരണം, അവിടെ പക്ഷികളെ മരക്കൊമ്പിൽ പശവെച്ച് പിടിക്കുന്ന പ്രാകൃതമായ വേട്ടയാടൽ രീതി ഇന്നും തുടർന്നുവരുന്നു.

ആദ്യം വേട്ടക്കാർ കുറച്ചു പക്ഷികളെ മാസങ്ങളോളം കൂട്ടിലടച്ച് ഇരുട്ടിൽ സൂക്ഷിക്കുന്നു. എന്നിട്ടൊരു ദിവസം പകൽവെളിച്ചത്തിൽ തുറന്നുവിടുന്നു. പകൽ വെളിച്ചത്തിലെത്തിയ പക്ഷി സന്തോഷം കൊണ്ട് മതിമറന്ന് ഹൃദയം തുറന്നു പാടുകയും മറ്റ് പക്ഷികളെ ആകർഷിക്കുകയും ചെയ്യുന്നു. ഇവയുടെ പാട്ട് കേട്ട് മറ്റു പക്ഷികളും അവയോടൊപ്പം ചേരുന്നു. എന്നാൽ, അവ വന്നിരിക്കുന്ന മരച്ചില്ലകളിൽ വേടന്മാർ പശ ഒട്ടിച്ചിരിക്കും. ഇതറിയാതെ പാവങ്ങൾ മരക്കൊമ്പിലിരിക്കുകയും അനങ്ങാനാവാത്തവിധം ഒട്ടിപ്പോവുകയും ചെയ്യും.  രക്ഷപ്പെടാൻ അവർ എത്രയധികം പാടുപെടുന്നുവോ അത്രയധികം അവ അതിൽ കുടുങ്ങിപ്പോകുന്നു.

പ്രോവെന്‍സിലെ പാടുന്ന പക്ഷികളെയാണ് ഇത്തരത്തിൽ മറ്റുള്ളവയെ ആകർഷിക്കാനായി പിടിച്ചു വക്കുന്നത്. അവർ മറ്റുപക്ഷികളുടെ മരണത്തിന് അറിയാതെ കാരണം ആവുകയാണ്. ഇവയുടെ പാട്ടുകേട്ട് മറ്റു പക്ഷികൾ വശീകരിക്കപ്പെട്ടുകഴിഞ്ഞാൽ, അവ ചില്ലകളിൽ വന്നിരുന്ന് കുടുങ്ങിപ്പോവുകയാണ്. മരത്തിന്‍റെ ചില്ലകളിൽ പശ ഒട്ടിച്ചു പക്ഷികളെ പിടിക്കുന്ന രീതി 1979 -ലെ നിർദ്ദേശപ്രകാരം യൂറോപ്യൻ യൂണിയനിൽ നിരോധിച്ചതാണ്. എന്നാൽ, പ്രത്യേക സാഹചര്യങ്ങളിൽ ചില നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്, പരിമിതമായ രീതിയില്‍ അവ ആകാം എന്ന് നിയമഭേദഗതി ഉണ്ടായി. ഫ്രാൻസിലാകട്ടെ  'പരമ്പരാഗതം' എന്ന പേരിൽ 1989 മുതൽ ഇത് തുടരുന്നുണ്ട്.

എന്നാൽ, ഈ രീതി പറഞ്ഞറിയിക്കാനാവാത്ത വിധം ക്രൂരതയാണെന്ന് പക്ഷി സംരക്ഷകർ പറയുന്നു. കഴിഞ്ഞ 30 വർഷത്തിനിടെ ദേശീയ, യൂറോപ്യൻ കോടതികളിൽ നിരവധി നിയമ കേസുകൾ ഇതിനെതിരായി അവർ കൊണ്ടുവന്നിട്ടുണ്ട്. പക്ഷെ, എല്ലാം പരാജയപ്പെടുകയാണുണ്ടായത്.  “ചിലപ്പോൾ ഇങ്ങനെ കുടുങ്ങുന്ന പക്ഷി 20 മുതൽ 30 മിനിറ്റ് വരെ പശയിൽ ഒട്ടി വേദന അനുഭവിക്കുന്നു. ചില്ലയിൽ നിന്ന് അവയെ നീക്കംചെയ്യുന്നതിന്, അവയിൽ പെട്രോൾ അല്ലെങ്കിൽ അസെറ്റോൺ തളിക്കുന്നു. അത് വിഷമാണ്, വേട്ടയാടുന്നവർ അവർക്ക് പിടിക്കാൻ അനുവദിച്ച ഇനമല്ലെങ്കിൽ പലപ്പോഴും പക്ഷിയെ കല്ല് പോലെ വലിച്ചെറിയുന്നു” ഫ്രാൻസ് പക്ഷി സംരക്ഷക സമിതിയിലുള്ള യെവ്സ് വെറിൽഹാക്ക് പറഞ്ഞു. "ചിലവയെ വിട്ടയച്ചാലും പെട്രോൾ അല്ലെങ്കിൽ അസെറ്റോൺ മൂലം പരിക്കേറ്റ അവ ചത്തതിന് തുല്യമാകുന്നു. അത് മാത്രമല്ല പശയിൽ ഒട്ടിപ്പിടിച്ച് വാൽ തൂവലുകൾ നഷ്ടപ്പെട്ടാൽ അവയ്ക്ക് പിന്നെ പറക്കാൻ കഴിയില്ല. അവ പട്ടിണി കിടന്ന് ചത്തുപോകും. ഇതിനെയാണ് അവർ 'പാരമ്പര്യം ’എന്ന് വിളിക്കുന്നത്, പക്ഷേ, ഇത് മനുഷ്യരെ ക്രൂരന്മാരാക്കുന്ന ഒരു രീതിയാണ്.” അദ്ദേഹം പറഞ്ഞു.

64 ഇനങ്ങളിൽ നിന്ന് ഫ്രഞ്ച് വേട്ടക്കാർ പ്രതിവർഷം 17 ദശലക്ഷം പക്ഷികളെ കൊല്ലുന്നുവെന്ന് അദ്ദേഹം പറയുന്നു. ഈ പക്ഷികളിൽ പലതും കുടിയേറ്റക്കാരാണ്. അതിൽ 20 എണ്ണം യൂറോപ്പിലെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ശക്തമായ വേട്ടയാടൽ ലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങി വേട്ടയാടൽ ലൈസൻസിന്‍റെ വില പകുതിയായി കുറച്ചിരുന്നു.

യൂറോപ്യൻ പക്ഷികളിൽ അഞ്ചിലൊന്ന് വംശനാശ ഭീഷണിയിലാണെന്ന് ബേർഡ് ലൈഫ് ഇന്‍റർനാഷണൽ പറയുന്നു. എത്രയും വേഗം ഈ ക്രൂര നായാട്ടുരീതി നിർത്തണമെന്ന് പക്ഷി സംരക്ഷകർ ഫ്രഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. അതിനായി നിരന്തരം പോരാടുമെന്നും അവർ ഓർമിപ്പിച്ചു. ഇനിയും അവയുടെ സംഗീതം കാടുകളിൽ നിറയട്ടെ. മരണത്തിന്‍റെ അല്ല മറിച്ച് സന്തോഷത്തിന്‍റെ ഗാനം അവക്ക് ആലപിക്കാൻ സാധിക്കട്ടെ.  

click me!