നിധിവേട്ടക്കാരന്‍ കുഴിച്ചെടുത്തത് 4000 വര്‍ഷം പഴക്കമുള്ള ആഭരണം; വില 87 ലക്ഷം!

By Web TeamFirst Published Oct 8, 2019, 3:25 PM IST
Highlights

ഇതിനെ കുറിച്ച് ബില്ലി പറയുന്നത്, താനിത് ആദ്യം കണ്ടപ്പോള്‍ സ്വര്‍ണ്ണമാണ് എന്നുപോലും ധരിച്ചിരുന്നില്ല എന്നാണ്. മല കയറാനായി അക്കാലത്തുണ്ടായിരുന്നവരുപയോഗിച്ചിരുന്ന എന്തോ ഉപകരണമാണെന്നാണത്രേ ബില്ലി വിചാരിച്ചിരുന്നത്. 

4000 വര്‍ഷം പഴക്കമുള്ള, 87 ലക്ഷത്തോളം രൂപ വിലവരുന്ന നിധി... കഴുത്തില്‍ അണിയുന്ന ഈ ആഭരണം കിട്ടിയിരിക്കുന്നത് ഇംഗ്ലണ്ടിലെ കുബ്രിയയിലെ വൈറ്റ്ഹെവനില്‍നിന്ന് നിധിവേട്ടകാരനായ ബില്ലി വാഗനാണ്. ബില്ലിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് വെങ്കലയുഗത്തിലെ ആഭരണമാണ്. 22 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ആഭരണത്തിന്‍റെ ഭാരം 300 ഗ്രാം... 

ഇതിനെ കുറിച്ച് ബില്ലി പറയുന്നത്, താനിത് ആദ്യം കണ്ടപ്പോള്‍ സ്വര്‍ണ്ണമാണ് എന്നുപോലും ധരിച്ചിരുന്നില്ല എന്നാണ്. മല കയറാനായി അക്കാലത്തുണ്ടായിരുന്നവരുപയോഗിച്ചിരുന്ന എന്തോ ഉപകരണമാണെന്നാണത്രേ ബില്ലി വിചാരിച്ചിരുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് അഞ്ച് ഇഞ്ച് താഴെയായിട്ടാണ് ആഭരണം കിടന്നിരുന്നത്. കിട്ടിയ ഉടനെ ബില്ലി അത് ബാഗിലേക്കിടുകയും ചെയ്‍തു. അപ്പോഴും ഇത്രമാത്രം താഴെയായിരുന്നതിനാല്‍ സ്വര്‍ണമാണെന്ന് ബില്ലിക്ക് വിശ്വാസം വന്നില്ലായിരുന്നു. ഏതായാലും 300 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള എന്ത് വസ്‍തുക്കള്‍ കിട്ടിയാലും അത് ലന്‍കഷൈര്‍ മ്യൂസിയത്തില്‍ അറിയിച്ചേ തീരൂ. അവിടെവെച്ച് ഒദ്യോഗിക നിധിയായി വിലയിരുത്തപ്പെട്ടാല്‍ അത് ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെക്കും. 

തന്‍റെ നിധിവേട്ടയെ കുറിച്ച് അവിശ്വസനീയം എന്നും ബില്ലി പറഞ്ഞു. മാനസികമായി പ്രശ്നമനുഭവിക്കുന്നവരേയും ഓര്‍മ്മക്കുറവുള്ളവരേയും പരിചരിക്കുന്ന ജോലിയുണ്ടായിരുന്ന ബില്ലി ആറ് മാസം മുമ്പ് മാത്രമാണ് നിധിവേട്ടക്കിറങ്ങുന്നത്. ചെറിയ വെള്ളി നാണയങ്ങളും ബട്ടണുകളുമൊക്കെ കിട്ടുമ്പോള്‍ തനിക്ക് സന്തോഷമാകാറുണ്ടെന്നും ഇത് അവിശ്വസനീയമായിരിക്കുന്നുവെന്നും ബില്ലി പറയുന്നു. തന്‍റെ മനസ്സ് ശാന്തമായിരിക്കുന്നതിനായിട്ടാണ് ബില്ലി ഈ ജോലിക്കിറങ്ങിയത്. 


 

click me!