ഒന്നാം ലോകമഹായുദ്ധകാലത്തെ കപ്പല്‍ കണ്ടെത്തിയവരുടെ കണ്ണുതള്ളി; 102 വര്‍ഷം കടലില്‍ ഉറങ്ങിയത് അമൂല്യ മദ്യശേഖരം

By Web TeamFirst Published Nov 13, 2019, 12:44 PM IST
Highlights

കോണിയാക്കിന്‍റെ 600 ബോട്ടിലുകളും ബെനഡിക്ടൈന്‍റെ 300 കുപ്പികളുമാണ് കണ്ടെത്തിയത്. ഇത്രകാലം കടലില്‍ കിടന്നത് മൂലം ഇവ ഉപയോഗിക്കാന്‍ സാധിക്കുന്നതാണോയെന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാനാവൂവെന്ന് ഗവേഷകര്‍

ബെര്‍ലിന്‍(ജര്‍മ്മനി): തകര്‍ന്ന കപ്പലുകളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ കണ്ടെത്തുന്ന ഗവേഷക സംഘത്തിന് കിട്ടിയത് 'അമൂല്യ മദ്യശേഖരം'. ഒന്നാം ലോകമഹായുദ്ധ സമയത്ത് മുങ്ങിപ്പോയ കപ്പലില്‍ നിന്നാണ് 102 വര്‍ഷം പഴക്കമുള്ള വന്‍ മദ്യശേഖരമാണ് ഓഷ്യന്‍ എക്സ് ടീം എന്ന ഗവേഷക സംഘത്തിന് കിട്ടിയത്. അതിശയിപ്പിക്കുന്ന വസ്തുതയെന്താണെന്ന് വച്ചാല്‍ ഇവയൊന്നും ഒഴിഞ്ഞ ബോട്ടിലുകള്‍ അല്ല, ഒരു തുള്ളിപോലും ഉപയോഗിക്കാത്ത മദ്യമാണ് ഇവക്കുള്ളില്‍ ഉള്ളത്. 

അപൂര്‍വ്വമായ കോണിയാക് ബോട്ടിലുകളും നിലവിലെ പ്രമുഖ മദ്യ ബ്രാന്‍ഡായ ബക്കാര്‍ഡിയുടെ ഉടമസ്ഥതയിലുള്ള ബെനഡിക്ടൈന്‍  മദ്യവുമാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. കോണിയാക്കിന്‍റെ 600 ബോട്ടിലുകളും ബെനഡിക്ടൈന്‍റെ 300 കുപ്പികളുമാണ് കണ്ടെത്തിയത്. ഇത്രകാലം കടലില്‍ കിടന്നത് മൂലം ഇവ ഉപയോഗിക്കാന്‍ സാധിക്കുന്നതാണോയെന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാനാവൂവെന്ന് ഗവേഷകര്‍ പറയുന്നു. 

ബക്കാര്‍ഡി കമ്പനിയുമായി സംസാരിച്ചിട്ടുണ്ടെന്നും ഇവയുടെ സാധ്യതകളെക്കുറിച്ച് പഠിക്കുകയാണെന്നും സ്വീഡിഷ് ഗവേഷക കമ്പനിയായ എസ് എസ് കൈറോസ് വിശദമാക്കി. ഈ ഇനം കോണിയാക് മദ്യത്തേക്കുറിച്ച് കേട്ടിട്ട് പോലും ഇല്ലാത്തതിനാല്‍ വിപണിയിലെ വില എത്രയാവുമെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ഗവേഷകരുടെ ഭാഷ്യം. വിപണിയിലെ മൂല്യം അറിഞ്ഞ ശേഷം മാത്രമാണ് കുപ്പി തുറക്കൂവെന്നാണ് ഗവേഷക സംഘത്തിനെ നയിച്ച ലിഡ്ബെര്‍ഗ് പറഞ്ഞു. ഇവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ കണ്ടെത്തുമെന്നും ലിഡ്ബെര്‍ഗ് പറയുന്നു. 

 

ചില ബോട്ടിലുകളില്‍ കോര്‍ക്ക് കുപ്പിക്കുള്ളിലേക്ക് അല്‍പം കയറിയിട്ടുള്ള നിലയിലാണ്. എത്ര ബോട്ടിലുകളുടെ സീലുകള്‍ക്ക് തകരാര്‍ ഇല്ലെന്നത് ഉടന്‍ തന്നെ കണക്കെടുക്കുമെന്നും ലിഡ്ബെര്‍ഗ് പറഞ്ഞു. ബാള്‍ട്ടിക് സമുദ്രത്തില്‍ 77 മീറ്റര്‍ ആഴത്തിലാണ് തകര്‍ന്ന നിലയില്‍ കപ്പല്‍ കണ്ടെത്തിയത്. ഫ്രാന്‍സില്‍ നിന്ന് റഷ്യന്‍ നഗരമായ സെന്‍റ് പീറ്റേഴ്സബര്‍ഗിലേക്ക് തിരിച്ച കൈറോസ് എന്ന കപ്പലാണ് ഗവേഷകര്‍ കണ്ടെത്തിയത്. ജര്‍മ്മന്‍ അന്തര്‍വാഹിനികള്‍ 1917ല്‍ കൈറോസിനെ തടഞ്ഞുനിര്‍ത്തിയതാവാം എന്നാണ് ഗവേഷകരുടെ അനുമാനം. 

റഷ്യ അക്കാലത്ത് ഭരിച്ചിരുന്നത് സര്‍ നിക്കോളാസ് രണ്ടാമനായിരുന്നു. സാറിന് വേണ്ടി മദ്യം കൊണ്ടുപോയ കപ്പലാണ് മുങ്ങിപ്പോയതെന്നാണ് നിരീക്ഷണം. ജര്‍മ്മന്‍ അന്തര്‍വാഹിനികള്‍ എന്‍ജിന്‍  റൂമില്‍ സ്ഫോടന വസ്തുക്കള്‍ വച്ചാണ് കൈറോസ് തകര്‍ത്തതെന്നാണ് കരുതുന്നത്. കൈറോസിലുണ്ടായിരുന്ന ജീവനക്കാരെ തിരികെ സ്വീഡനില്‍ എത്തിച്ചിരുന്നു. 1999ല്‍ ഈ കപ്പല്‍ കണ്ടെത്തിയിരുന്നു. മത്സ്യ ബന്ധന ഉപകരണങ്ങള്‍ മൂലം കേടുപാട് സംഭവിച്ച നിലയിലായിരുന്നു കപ്പലുണ്ടായിരുന്നത്. വന്‍തോക്ക് ശേഖരം പ്രതീക്ഷിച്ചായിരുന്നു ഓഷ്യന്‍ എക്സ് ടീം ബാള്‍ട്ടിക് സമുദ്രത്തില്‍ ഗവേഷണത്തിന് ഇറങ്ങിയത്.  

click me!