ദേശാടനക്കിളികൾ ഒന്നിനുപിറകെ ഒന്നായി ചത്തുവീഴുന്നു, കാരണമറിയാതെ ഭയപ്പാടിലമർന്ന് ഒരു പ്രദേശം

Published : Nov 13, 2019, 10:47 AM IST
ദേശാടനക്കിളികൾ ഒന്നിനുപിറകെ ഒന്നായി ചത്തുവീഴുന്നു, കാരണമറിയാതെ ഭയപ്പാടിലമർന്ന് ഒരു പ്രദേശം

Synopsis

വെള്ളത്തിൽ കലർന്നിട്ടുള്ള എന്തോ വിഷാംശമുള്ള പദാർത്ഥമാകാം പക്ഷികളുടെ ജീവനെടുക്കുന്നത് എന്ന് പ്രാഥമികമായ പഠനങ്ങളെ ആശ്രയിച്ചുകൊണ്ട് അധികാരികൾ സംശയം പ്രകടിപ്പിക്കുന്നു.

അയ്യായിരത്തിലധികം ദേശാടനക്കിളികൾ... പത്തിലധികം ഇനത്തിൽ പെട്ട പക്ഷികൾ - ചത്തുവീണിരിക്കുകയാണ് സാംഭർ തടാകത്തിൽ. രാജസ്ഥാനിലെ ജയ്പൂരിലുള്ള ഈ തടാകം, ഇന്ത്യയിലെ കരയിലുള്ള ഉപ്പുജലാശയങ്ങളിൽ ഏറ്റവും വലുതാണ്. ഈ കിളികളെക്കാണാൻ വേണ്ടി ആയിരക്കണക്കിന് സന്ദർശകർ പ്രദേശത്തെത്താറുണ്ട്. അവരെ ആശ്രയിച്ചുകൊണ്ട് ഒരു വലിയ വിഭാഗം ജനങ്ങൾ ഉപജീവനം നയിക്കുന്നുണ്ട്. അതുകൊണ്ട്, വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ദേശാടനക്കിളികൾക്ക് അജ്ഞാതമായ ഏതോ കാരണത്താൽ തുടർച്ചയായി ജീവനാശമുണ്ടാകുന്നു എന്നതിലെ ദുരൂഹതയ്‌ക്കൊപ്പം, ഇതിങ്ങനെ തുടർന്നാൽ പ്രദേശവാസികളുടെ ജീവിതങ്ങളിലെ വെളിച്ചവും അസ്തമിക്കുമോ എന്ന ഭയവും അധികാരികളെ അലട്ടുന്നു. 

വെള്ളത്തിൽ കലർന്നിട്ടുള്ള എന്തോ വിഷാംശമുള്ള പദാർത്ഥമാകാം പക്ഷികളുടെ ജീവനെടുക്കുന്നത് എന്ന് പ്രാഥമികമായ പഠനങ്ങളെ ആശ്രയിച്ചുകൊണ്ട് അധികാരികൾ സംശയം പ്രകടിപ്പിക്കുന്നു. ഗവണ്‍മെന്‍റ് ഏജൻസികളുടെ കണക്കിൽ 1500 കിളികളേ ചത്തുവീണിട്ടുള്ളൂ എങ്കിലും, യഥാർത്ഥ മരണസംഖ്യ അയ്യായിരം കടക്കും എന്ന് പ്രദേശത്തെ പരിസ്ഥിതി പ്രേമികൾ പറയുന്നു. "എന്റെ ഇത്രയും കാലത്തെ പക്ഷിനിരീക്ഷണപരിചയത്തിനിടെ ഇങ്ങനെ ഒരു സംഭവം, അയ്യായിരത്തിലധികം പക്ഷികൾ മരിച്ചുവീഴുക, അതും ഒരിടത്തു തന്നെ, അഭൂതപൂർവം എന്നുതന്നെ പറയേണ്ടിവരും..." അഭിനവ് വൈഷ്ണവ് എന്ന പ്രാദേശിക പക്ഷിനിരീക്ഷകൻ പിടിഐയോട് പറഞ്ഞു.

സാംഭറിലെ ചതുപ്പുനിലങ്ങളിലൂടെ വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ കണ്ണെത്താദൂരത്തോളം അവിടവിടെയായി ചാണകം പോലെ കിടക്കുന്നത് കണ്ടിരുന്നു അഭിനവ്. എന്നാൽ അടുത്തുചെന്ന് നോക്കിയപ്പോഴാണ് അത് ചാണകമല്ല, കിളി ചത്തുവീണതാണ് എന്ന് ബോധ്യപ്പെടുന്നത്. കുളക്കോഴികൾ, നീർക്കോഴികൾ, പവിഴക്കാലികൾ, കോരിച്ചുണ്ടൻ എരണ്ടകൾ, ചക്രവാകങ്ങൾ തുടങ്ങി പലയിനം ദേശാടനക്കിളികളാണ് തടാകത്തിന്റെ കരയിൽ തന്നെ ചത്തുവീണുകൊണ്ടിരിക്കുന്നത്. 

കുറച്ചു ദിവസങ്ങൾക്കുമുമ്പ് ശക്തമായ ആലിപ്പഴം വീഴ്ചയോടു കൂടിയ ഒരു കൊടുങ്കാറ്റ് പ്രദേശത്തുകൂടി കടന്നുപോയിരുന്നു. അതിൽപെട്ടും ഇങ്ങനെ കൂട്ടമരണങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട് എന്ന് ഫോറസ്റ്റ് റേഞ്ചർ രാജേന്ദ്ര ഝാക്കര്‍ പറഞ്ഞു. വെള്ളത്തിൽ വിഷം കലർന്നതോ, വൈറൽ/ബാക്റ്റീരിയൽ അണുബാധകൾ വന്നതോ ആകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബേർഡ് ഫ്ലൂ ആകാനുളള സാധ്യത പക്ഷേ, പ്രദേശത്തെ വെറ്റിനറി ഡോക്ടർമാർ പരിശോധനകളിലൂടെ തള്ളിക്കളഞ്ഞിരിക്കുന്നു. 

ഫ്ലമെംഗോകൾക്കും, സാൻഡ് പൈപ്പറുകൾക്കും, വരി എരണ്ടകൾക്കും, വെള്ളക്കാക്കകൾക്കും, കൊറ്റികൾക്കുമെല്ലാം പ്രസിദ്ധമാണ് സാംഭർ തടാകം. വർഷാവർഷം ഇവിടെ വിരുന്നിനെത്തുന്നത് മൂന്നുലക്ഷത്തില്പരം ദേശാടനക്കിളികളാണ്. ആ കിളികൾ ഇത്രയധികമായി ഇങ്ങനെ ചത്തൊടുങ്ങുന്നതിന് കൃത്യമായ ഒരു വിശദീകരണമില്ലാത്തത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നാൽപതു വർഷത്തിനിടെ ഇങ്ങനെ ഒരു കൂട്ടമരണം ഇതാദ്യമായിട്ടാണെന്ന് നാട്ടുകാർ പറഞ്ഞു. 

യാതൊരുവിധത്തിലുള്ള വ്യാവസായികമലിനീകരണവും ഇല്ലാത്ത ഒരു ജലാശയമാണ് സാംഭർ എന്നതും അധികാരികളെ കൂടുതൽ കുഴക്കുന്നു. കിളികളുടെ മൃതാവശിഷ്ടങ്ങളിൽ നിന്ന് സാമ്പിളുകളെടുത്ത് കേന്ദ്രലാബുകളിൽ വിശദമായ പരിശോധനകൾക്കായി അയച്ചിട്ടുണ്ട് എന്നും ഫലം വന്നയുടൻ കൃത്യമായ പ്രതിരോധപദ്ധതികളെപ്പറ്റി തീരുമാനമെടുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

വരൻ സ്ത്രീധനം ചോദിച്ചെന്ന് വധു, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ചതാണെന്ന് വരൻ
ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്