ബി​ഗ് ജോൺ, ദിനോസറിന്റെ അസ്ഥികൂടം, വില 57 കോടി!

By Web TeamFirst Published Oct 22, 2021, 10:13 AM IST
Highlights

തലയോട്ടിയിൽ കേടുപാടുകൾ സംഭവിച്ചതിന്റെ ലക്ഷണങ്ങളുണ്ട്, മറ്റേതെങ്കിലും ദിനോസറുമായുണ്ടായ പോരാട്ടത്തില്‍ സംഭവിച്ചതായിരിക്കാം ഇത് എന്നാണ് കരുതുന്നത്. 

പല പുരാവസ്തുക്കളും കോടിക്കണക്കിന് രൂപയ്ക്ക് ലേലത്തിൽ വിറ്റുപോവുന്നത് നാം കാണാറുണ്ട്. എന്നാൽ, അന്താരാഷ്ട്രതലത്തിൽ ഇപ്പോൾ ദിനോസറുകളുടെ ഫോസിലുകൾ വലിയ വിലയ്ക്ക് ലേലത്തിന് പോവുകയാണ്.

ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ട്രൈസെറാടോപ്സ്(triceratops) ദിനോസറായ ബിഗ് ജോണിന്റെ(Big John) ഫോസിലൈസ് ചെയ്ത അവശിഷ്ടങ്ങൾ ഫ്രഞ്ച് തലസ്ഥാനത്ത് നടന്ന ലേലത്തിൽ വിറ്റത് കോടിക്കണക്കിന് രൂപയ്ക്കാണ്. അസ്ഥികൂടത്തിന് യൂറോപ്യൻ റെക്കോർഡ് വില 6.65 മില്യൺ ഡോളർ (57,85,10,100.00) ലഭിച്ചു. ഏകദേശം 66 മില്ല്യണ്‍ വർഷങ്ങൾക്ക് മുമ്പ്, അമേരിക്കയിലെ ആധുനിക സൗത്ത് ഡക്കോട്ടയിലാണ്(South Dakota) ബിഗ് ജോൺ ഉണ്ടായിരുന്നത്. 2014 -ൽ ദിനോസറിന്റെ അസ്ഥികൾ കണ്ടെടുത്തു. 

വലിയ തലയോട്ടിയും മൂന്ന് കൊമ്പുകളുമുള്ള, ട്രൈസെറാടോപ്സ് ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ ഒരു ഭീമന്‍ തന്നെയായിരുന്നു. യുഎസ്സിലെ ഒരു സ്വകാര്യ കളക്ടറാണ് ബിഗ് ജോണിന്റെ അസ്ഥികൂടം വാങ്ങിയത്. അത് കഴിഞ്ഞയാഴ്ച പാരീസിലെ ഡ്രൂട്ട് ലേലത്തിൽ പൊതുദർശനത്തിന് വെച്ചു. വാങ്ങിയ ആളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വാങ്ങിയയാളുടെ പ്രതിനിധി പറഞ്ഞത് അദ്ദേഹത്തിന്‍റെ സ്വകാര്യശേഖരത്തിലേക്ക് ഇങ്ങനെയൊരു അസ്ഥികൂടം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട് എന്നാണ്. 

ബിഗ് ജോണിനെ കണ്ടെത്തിയ പാലിയന്റോളജിസ്റ്റുകൾക്ക് ദിനോസറിന്റെ അസ്ഥികൂടത്തിന്റെ 60% കുഴിച്ചെടുക്കാന്‍ കഴിഞ്ഞു. ദിനോസറിന്റെ രണ്ട് മീറ്റർ വീതിയുള്ള തലയോട്ടി ഉൾപ്പെടെ അതിന്റെ 200 കഷണങ്ങൾ ഇറ്റലിയിലെ ട്രൈസ്റ്റെ സ്പെഷ്യലിസ്റ്റുകൾ കൂട്ടിച്ചേർത്തു. അവയില്‍ നിന്നും എട്ട് മീറ്റർ നീളവും മൂന്ന് മീറ്റർ ഉയരവുമുള്ള ഒരു അസ്ഥികൂടമാണ് ഉണ്ടാക്കിയെടുത്തത്. 

തലയോട്ടിയിൽ കേടുപാടുകൾ സംഭവിച്ചതിന്റെ ലക്ഷണങ്ങളുണ്ട്, മറ്റേതെങ്കിലും ദിനോസറുമായുണ്ടായ പോരാട്ടത്തില്‍ സംഭവിച്ചതായിരിക്കാം ഇത് എന്നാണ് കരുതുന്നത്. ബിഗ് ജോൺ ഒരു പുരാതന വെള്ളപ്പൊക്കത്തിൽ മരിക്കുകയും ചെളിയിൽ പുതഞ്ഞ് പോവുകയും ചെയ്തു എന്നാണ് കരുതുന്നത്. പിന്നീട് ദശലക്ഷക്കണക്കിന് വർഷങ്ങള്‍ ആ മണ്ണില്‍ ദിനോസറിന്റെ അസ്ഥികൾ സംരക്ഷിക്കപ്പെട്ടു. 

"ഇത് ഒരു മാസ്റ്റർപീസ് ആണ്" ബിഗ് ജോണിന്റെ പുനർനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പാലിയന്റോളജിസ്റ്റ് ഇയാക്കോപോ ബ്രയാനോ കഴിഞ്ഞ മാസം ഫ്രാൻസ് ഇന്‍ററിനോട് പറഞ്ഞു. "ലോകമെമ്പാടും  ട്രൈസെറാടോപ്സ് തലയോട്ടികളുണ്ട്, എന്നാൽ അവയിൽ കുറച്ച് മാത്രമാണ് പൂര്‍ണമായിട്ടുള്ളത്."ബിഗ് ജോണിന്‍റെ അസ്ഥികൂടത്തിന് കിട്ടിയ വലിയ തുക കാണിക്കുന്നത് എങ്ങനെയാണ് ധനികരായ പുരാവസ്തു കളക്ടര്‍മാര്‍ ദിനോസര്‍ ഫോസിലുകള്‍ക്ക് വേണ്ടി ഒരു പുതിയ മാര്‍ക്കറ്റ് ഉണ്ടാക്കുന്നത് എന്നാണ് എന്ന് ലേലക്കാര്‍ പറയുന്നു. 

click me!