Trump In Touch With Kim : കിമ്മുമായി ഇപ്പോഴും കട്ട കമ്പനിയെന്ന് ട്രംപ്; കസേര പോയിട്ടും കൂട്ടുവെട്ടിയില്ല!

Web Desk   | Asianet News
Published : Feb 11, 2022, 07:16 PM IST
Trump In Touch With Kim :   കിമ്മുമായി ഇപ്പോഴും കട്ട കമ്പനിയെന്ന്  ട്രംപ്; കസേര പോയിട്ടും കൂട്ടുവെട്ടിയില്ല!

Synopsis

താനും കിമ്മും തമ്മില്‍ പ്രണയത്തിലാണ് എന്നായിരുന്നു 2018-ല്‍ ട്രംപ് പറഞ്ഞിരുന്നത്. ഇരുവരും തമ്മില്‍ കത്തിടപാടുകള്‍ ഉണ്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. 

അധികാരത്തില്‍ നിന്നൊഴിഞ്ഞ ശേഷം ഒരൊറ്റ നേതാവുമായി മാത്രമാണ് മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബന്ധം പുലര്‍ത്തുന്നത്-യു എസിന്റെ മുഖ്യശത്രുവായ ഉത്തര കൊറിയന്‍ സര്‍വാധിപതി കിം ജോം ഉന്നുമായി!

ചുമ്മാ പറയുകയല്ല, ട്രംപ് തന്റെ വിശ്വസ്ഥരായ ആളുകളോട് പല വട്ടം പറഞ്ഞതാണ് ഇക്കാര്യം. കിമ്മുമായി പല വട്ടം ബന്ധപ്പെടുകയും കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യാറുണ്ടെന്നും ട്രംപ് ഉറ്റവരോട് പറഞ്ഞിട്ടുണ്ട്. 

ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമപ്രവര്‍ത്തക മാഗി ഹെബര്‍മാന്‍ ട്രംപിനെക്കുറിച്ച് എഴുതുന്ന പുതിയ പുസ്തകമായ 'ദ് കോണ്‍ഫിഡന്‍സ് മാന്‍' ഈ സംഭവം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. പുസ്തകം ഉടന്‍ പുറത്തിറങ്ങും. പുസ്തകം ഇറങ്ങുന്നതിന് തൊട്ടുമുമ്പായി അതിലുള്ള ഈ വിവരം വാര്‍ത്തയാവുന്നത്. 

ട്രംപ് ഇക്കാര്യം പല വട്ടം ഉറപ്പിച്ചു പറഞ്ഞതായി പുസ്തകം എഴുതിയ മാഗി ഹെബര്‍മാന്‍ സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  പുസ്തകത്തിലെ ഈ പരാമര്‍ശം വിവാദമായെങ്കിലും ട്രംപോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതുപോലെ യു എസ് വിദേശകാര്യ മന്ത്രാലയമോ വൈറ്റ് ഹൗസോ പ്രസിഡന്റിന്റെ ഓഫീസോ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. 

ട്രംപ് പലപ്പോഴും കിമ്മുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. താനും കിമ്മും തമ്മില്‍ പ്രണയത്തിലാണ് എന്നായിരുന്നു 2018-ല്‍ ട്രംപ് പറഞ്ഞിരുന്നത്. ഇരുവരും തമ്മില്‍ കത്തിടപാടുകള്‍ ഉണ്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ട്രംപിന്റെ കാലത്ത് ഉത്തരകൊറിയന്‍ വിഷയത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. മൂന്ന് തവണ കിമ്മുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും ആണവായുധ നിര്‍മാണം, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ എന്നിവയെക്കുറിച്ച് കിമ്മിന്റെ കൈയില്‍നിന്നും ഒരുറപ്പും വാങ്ങാന്‍ ട്രംപിനു കഴിഞ്ഞിരുന്നില്ല. 

കഴിഞ്ഞ ഒരൊറ്റ മാസം മാത്രം ഉത്തര കൊറിയ ഏഴ് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതായാണ് യു എസ് കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നത്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ അടക്കമാണ് ഉത്തരകൊറിയ പരീക്ഷിച്ചു വിജയിച്ചത്. കടലിലൂടെയും ആകാശത്തിലൂടെയും ഒരേ സമയം ആക്രമണങ്ങള്‍ നടത്താന്‍ ശേഷി നല്‍കുന്ന ആയുധങ്ങളുടെ പരീക്ഷണത്തില്‍ ഉത്തരകൊറിയ ഏറെ മുന്നിലാണെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. ഹാക്കര്‍മാരെ ഉപയോഗിച്ച് കോടികളുടെ ക്രിപ്‌റ്റോ കറന്‍സികള്‍ കൊള്ളയടിച്ചാണ് മിസൈല്‍ പരീക്ഷണങ്ങള്‍ക്കുള്ള പണം ഉത്തരകൊറിയ സമാഹരിച്ചതെന്ന് ഈയടുത്ത് യു എന്നും വ്യക്തമാക്കിയിരുന്നു. 

അമേരിക്കയും ഉത്തരകൊറിയയുമായുള്ള ബന്ധത്തിന് വലിയ ഉലച്ചിലാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്. കാട്ടുകള്ളന്‍ എന്നാണ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ കിമ്മിനെ വിശേഷിപ്പിച്ചിരുന്നത്. പ്രസിഡന്റായ ശേഷം അല്‍പ്പം അയവു വന്നെങ്കിലും ഉത്തരകൊറിയയ്ക്ക് എതിരെ കടുത്ത നിലപാടാണ് ബൈഡന്‍ തുടരുന്നത്. ആണവായുധങ്ങളെക്കുറിച്ച് സാസാരിക്കാന്‍ കിം താല്‍പ്പര്യം കാണിച്ചാല്‍ കൂടിക്കാഴ്ച നടത്താമെന്നാണ് ഈയടുത്ത് ബൈഡന്‍ പറഞ്ഞിരുന്നത്. 

അതിനിടെയാണ്, ഈ സംഘര്‍ഷങ്ങള്‍ക്കിടയിലും കിമ്മുമായി താന്‍ നിരന്തര ബന്ധം പുലര്‍ത്തുന്നുവെന്ന ട്രംപിന്റെ അവകാശവാദം പുറത്തുവന്നത്. സ്വകാര്യ വ്യക്തികള്‍ അനുമതിയില്ലാതെ മറ്റ് രാജ്യങ്ങളുടെ ഭരണാധികാരികളുമായി ചര്‍ച്ച നടത്തുന്നത് 1799-ലെ അമേരിക്കന്‍ നിയമപ്രകാരം കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തല്‍  വലിയ ചര്‍ച്ചയായത്. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ