Chained Woman: കുടിലിനുള്ളില്‍ ചങ്ങലയ്ക്കിട്ട ആ യുവതി ഭ്രാന്തിയല്ല, കഥകളെല്ലാം മാറ്റിപ്പറഞ്ഞ് അധികൃതര്‍!

Web Desk   | Asianet News
Published : Feb 11, 2022, 05:16 PM IST
Chained Woman:  കുടിലിനുള്ളില്‍ ചങ്ങലയ്ക്കിട്ട ആ  യുവതി ഭ്രാന്തിയല്ല,  കഥകളെല്ലാം മാറ്റിപ്പറഞ്ഞ് അധികൃതര്‍!

Synopsis

സോഷ്യല്‍ മീഡിയയില്‍ അധികൃതര്‍ക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് ഈ മലക്കം മറിച്ചില്‍.

ചൈനയിലെ ഗ്രാമത്തില്‍ വൃത്തികെട്ട ഒരു കുടിലിനുള്ളില്‍ ചങ്ങലയിട്ട നിലയില്‍ കണ്ടെത്തിയ യുവതിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞ് കൈകഴുകിയ ചൈനീസ് അധികൃതര്‍ ഇപ്പോള്‍ ആ കഥ തിരുത്തി. മനുഷ്യക്കടത്തിന്റെ ഇരയാണ് ഇവരെന്നാണ് സുഴൗ നഗരത്തിലെ അധികൃതര്‍ അറിയിച്ചത്. ഇവരെ സ്വന്തം ഗ്രാമത്തില്‍നിന്നും നഗരത്തിലേക്ക് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ചും യുവതിയുടെ ഭര്‍ത്താവ് എന്നു പറഞ്ഞ് രംഗത്തെത്തിയ ഒരാളെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നതായി സിറ്റി പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ അധികൃതര്‍ക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് ഈ മലക്കം മറിച്ചില്‍.

കിഴക്കന്‍ ജിയാങ്സു പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ ചപ്പുചവറുകള്‍ നിറഞ്ഞ കുടിലില്‍ പൂട്ടിയിട്ട സ്ത്രീയുടെ ദൈന്യത രണ്ടാഴ്ച മുമ്പ് ഒരു യൂ ട്യൂബറാണ് പുറത്തുവിട്ടത്. തണുത്ത് മരവിച്ച അവസ്ഥയില്‍ ഈ യുവതിയെ കഴുത്തില്‍ ചങ്ങലയിട്ട് കോണ്‍ക്രീറ്റ് ഭിത്തിയില്‍ ബന്ധിച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അവര്‍ക്ക് സംസാരിക്കാനൊന്നും കഴിയുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തൊട്ടുപിന്നാലെ ലോകമാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റുപിടിച്ചു. ഈ സ്ത്രീയ്ക്ക് ഭ്രാന്താണ് എന്നായിരുന്നു അധികൃതരുടെ ആദ്യത്തെ വിശദീകരണം. എന്നാല്‍, ഇതിനെതിരെ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്നാണിപ്പോള്‍ അധികൃതരുടെ നിലപാടു മാറ്റം. ഇവരെക്കുറിച്ച് നേരത്തെ പറഞ്ഞ പേരും വിവരങ്ങളുമെല്ലാം തെറ്റായിരുന്നുവെന്നാണ് ഇപ്പോള്‍ അധികൃൃതര്‍ സമ്മതിക്കുന്നത്. 

സംഭവം ചര്‍ച്ചയായതിനു പിന്നാലെ പുതിയൊരു വീഡിയോയുമായി ഒരാള്‍ രംഗത്തുവന്നിരുന്നു. താന്‍ ഇവരുടെ ഭര്‍ത്താവാണെന്നും ഈ സ്ത്രീയെ ചങ്ങലയ്ക്കിട്ടത് താനാണെന്നുമാണ് അയാള്‍ വീഡിയോയില്‍ പറഞ്ഞത്. അതില്‍, അയാള്‍ക്കൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു. കുട്ടിയുടെ അമ്മയാണ് അത് എന്നും സ്ത്രീയില്‍ തനിക്ക് വേറെയും കുട്ടികളുണ്ട് എന്നും അയാള്‍ വിശദീകരിച്ചു. പുറത്തുനിന്നുള്ള ആളുകള്‍ അവളെ പരിഹസിച്ചതിനാലാണ് അവളെ വീട്ടിനകത്ത് പൂട്ടിയിട്ടതെന്ന് ആ വീഡിയോയില്‍ മറ്റു ചിലരും പറഞ്ഞിരുന്നു.

 


ഇതിനു പിന്നാലെ ഇയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു. ഇയാള്‍ മനുഷ്യക്കടത്തുകാരനാണെന്നും നേരത്തെ നിരവധി കേസുകളുണ്ടെന്നും പലരും ചൂണ്ടിക്കാട്ടി. അതോടൊപ്പം ഈ സംഭവത്തില്‍ നടപടി എടുക്കാത്ത അധികൃതര്‍ക്ക് എതിരെയും വിമര്‍ശനം ഉയര്‍ന്നു. 

തുടര്‍ന്ന്, പ്രവിശ്യാ ഉദ്യോഗസ്ഥര്‍ ഈ കേസ് അന്വേഷിച്ചു. ആ സ്ത്രീ ഒരു ഭിക്ഷക്കാരിയാണെന്നും മനോരോഗിയാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്. രണ്ടാമത്തെ വീഡിയോയിലുള്ള ആള്‍ അവരെ 1998 -ല്‍ വിവാഹം കഴിച്ചതായും അവര്‍ വാര്‍ത്താ കുറിപ്പിറക്കി. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം കുടുംബാസൂത്രണ ഉദ്യോഗസ്ഥര്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കിയെന്നും എന്നാല്‍, അത് ഫലപ്രദമായില്ലെന്നും അവര്‍ പറഞ്ഞു. യുവതിയെ പരിശോധിച്ച മനോരോഗ വിദഗ്ദര്‍ യുവതിക്ക് സ്‌കിസോഫ്രീനിയയാണെന്ന് സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു. 

അതോടെയാണ്, അധികൃതര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ചൈനീസ് സോഷ്യല്‍ മീഡിയയായ വൈബോയില്‍ ലക്ഷക്കണക്കിനാളുകള്‍ ഈ സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചൈനീസ് മാധ്യമങ്ങളും ഇക്കാര്യം ഉന്നയിച്ചു. 

തുടര്‍ന്നാണ് ഇന്നലെ പുതിയ വിശദീകരണവുമായി അധികൃതര്‍ രംഗത്തുവന്നത്. 

ഈ സ്ത്രീയുടെ പേര് യാങ്് എന്നായിരുന്നു നേരത്തെ അവര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇവരുടെ പേര് സിയാവോ ഹുമെയി എന്നാണെന്നാണ് അധികൃതര്‍ പറയുന്നത്. അവരുടെ ഭര്‍ത്താവെന്ന് അവകാശപ്പെട്ട ഡോംഗ് എന്നയാള്‍ ഒരു പാവം കര്‍ഷകനാണ് എന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ അയാള്‍ മനുഷ്യക്കടത്തുകാരനാണെന്നാണ് അവര്‍ പറയുന്നത്. 

അധികൃതര്‍ ഇപ്പോള്‍ പറയുന്നത്: 

തെക്കുപടിഞ്ഞാറന്‍ യുനാന്‍ പ്രവിശ്യയിലെ വിദൂര ഗ്രാമത്തിലായിരുന്നു ഇവരുടെ വീട്. നേരത്തെ ഒരു വിവാഹം ചെയ്തു. അതില്‍ രണ്ടു കുട്ടികളുണ്ടായിരുന്നു. അതിനുശേഷം മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ വിവാഹമോചനം ചെയ്തു. മാതാപിതാക്കളുടെ മരണശേഷം ആരുമില്ലാതായ ഇവരെ അതേ ഗ്രാമത്തിലെ സാംഗ് എന്നൊരു സ്ത്രീയാണ് അവിടെനിന്നും കൂട്ടിക്കൊണ്ടുപോന്നത്. എന്നാല്‍, ഇവരെ നഗരത്തില്‍ കൊണ്ടുപോയി പുതിയ ഒരു ഭര്‍ത്താവിനെ കണ്ടെത്തണമെന്ന് യുവതിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അങ്ങനെ താന്‍ യുവതിയുമായി ട്രെയിനില്‍ വരുമ്പോള്‍ അവരെ കാണാതായെന്നുമാണ് സാങ് എന്ന സ്ത്രീ പൊലീസിനോട് പറഞ്ഞത്. ഇത് കെട്ടുകഥയാണെന്നും സാങ്് ആണ് ഇവരെ നഗരത്തിലേക്ക് കൊണ്ടുവന്നതെന്നുമാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്. ഇതിനെ തുടര്‍ന്ന്, സാങ്, അവരുടെ ഭര്‍ത്താവ് എന്നിവര്‍ അറസ്റ്റിലായതായും പൊലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് എന്നവകാശപ്പെട്ട ആളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്നും അവര്‍ അറിയിച്ചു. 

ഈ വാര്‍ത്ത പുറത്തുവന്നതോടെ ചൈനീസ് സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നു. പലരും പൊലീസിന്റെ പുതിയ കഥയും വിശ്വസിക്കുന്നില്ല. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് നേരത്തെ പറഞ്ഞ കഥ മാറ്റിപ്പറയുകയായിരുന്നുവെന്നും യഥാര്‍ത്ഥ സംഭവം ഇതൊന്നുമാവില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പലരും പ്രതികരിക്കുന്നത്. 
 

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ
ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം