African Jacana : ആറ് കാലുള്ള പക്ഷിയോ? അപൂർവ ചിത്രവുമായി ഫോട്ടോ​ഗ്രാഫർ, പിന്നിലെ സത്യം

Published : Mar 16, 2022, 01:16 PM ISTUpdated : Mar 23, 2022, 05:46 PM IST
African Jacana : ആറ് കാലുള്ള പക്ഷിയോ? അപൂർവ ചിത്രവുമായി ഫോട്ടോ​ഗ്രാഫർ, പിന്നിലെ സത്യം

Synopsis

വളരെയധികം പ്രത്യേകതകളുള്ള പക്ഷിവർഗ്ഗമാണ് ആഫ്രിക്കൻ ജക്കാന. മറ്റ് പക്ഷികളിൽ നിന്ന് വ്യത്യസ്തമായി കൂടൊരുക്കുന്നതും, കുഞ്ഞുങ്ങളെ വളർത്തുന്നതും എല്ലാം ആൺ പക്ഷികളാണ്. 

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നിന്നുള്ള ഫോട്ടോഗ്രാഫറായ ജോസ് ഫ്രാഗോസോ(Jose Fragozo) പകർത്തിയ ഒരു ചിത്രമാണ് ഇത്. അദ്ദേഹം തന്റെ ജന്മനാട്ടിലെ ക്രൂഗർ നാഷണൽ പാർക്കി(Kruger National Park)ൽ നിന്നാണ് ഈ വിചിത്ര പക്ഷിയുടെ ചിത്രം പകർത്തിയിരിക്കുന്നത്. ആഫ്രിക്കൻ ജക്കാന(African Jacana) ഇനത്തിൽപെട്ട ഒരു ആൺപക്ഷിയായ ഇതിന്റെ ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. സാധാരണ പക്ഷികൾക്ക് രണ്ട് കാലുകൾ മാത്രമുള്ളപ്പോൾ ഈ അപൂർവ പക്ഷിയ്ക്ക് രണ്ടിലധികം കാലുകളുണ്ട് എന്നത് ചിത്രത്തെ വേറിട്ടതാക്കി.  

എന്നാൽ, ചിത്രത്തിൽ കാണുന്ന കാലുകൾ സത്യത്തിൽ ആൺപക്ഷിയുടേതല്ല, മറിച്ച് അത് തന്റെ ചിറകിനടിയിൽ ഒതുക്കി വച്ചിരിക്കുന്ന കുഞ്ഞുങ്ങളുടേതാണ്. കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിക്കുന്ന പെൺപക്ഷികളുടെ ചിത്രങ്ങൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ, ശത്രുക്കളിൽ നിന്നും രക്ഷിക്കാൻ ഒരു ആൺപക്ഷി തന്റെ കുഞ്ഞുങ്ങളെ സ്വന്തം ശരീരത്തിൽ ഒതുക്കി വയ്ക്കുന്നതിന്റെ ചിത്രങ്ങൾ അപൂർവമാണ്. പിതൃവാത്സല്യത്തിന്റെ തീർത്തും മനോഹരമായ ഒരു ചിത്രമാണ് ഇതിലൂടെ ഫോട്ടോഗ്രാഫർ നമുക്ക് പകർന്ന് നൽകുന്നത്.

ബോട്സ്വാനയുടെ വടക്കൻ അതിർത്തിക്കടുത്തുള്ള ചോബ് നദിയുടെ തണ്ണീർത്തടങ്ങളിലാണ് പക്ഷിയുള്ളത്. കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം തിരയുകയാണ് ആൺപക്ഷി. താമരപ്പൂവിന്റെ ചുവട്ടിൽ പതിയിരിക്കുന്ന വേട്ടക്കാരിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ ആൺപക്ഷി  പ്രയോഗിക്കുന്ന ഒരു തന്ത്രമാണ് ഇത്. ഒരു താമര ഇലയിൽ ബാലൻസ് ചെയ്യുന്നതിനിടയിൽ, അപകടം മനസ്സിലാക്കിയ പക്ഷി തന്റെ കുഞ്ഞുങ്ങളെ കോരിയെടുക്കുകയും, തൂവലുകൾക്കിടയിൽ തിരുകുകയും ചെയ്യുന്നു.

വളരെയധികം പ്രത്യേകതകളുള്ള പക്ഷിവർഗ്ഗമാണ് ആഫ്രിക്കൻ ജക്കാന. മറ്റ് പക്ഷികളിൽ നിന്ന് വ്യത്യസ്തമായി കൂടൊരുക്കുന്നതും, കുഞ്ഞുങ്ങളെ വളർത്തുന്നതും എല്ലാം ആൺ പക്ഷികളാണ്. മുട്ട ഇടുന്ന സമയം മുതൽ കുഞ്ഞുങ്ങൾ വളരുന്നത് വരെയുള്ള കാലം വരെ കുഞ്ഞുങ്ങൾ അച്ഛന്റെ ചുമതലയാണ്. ജക്കാന ഇനങ്ങളിലെ പെണ്ണുങ്ങൾ ഓരോ പ്രജനന കാലത്തും ഓരോ ഇണകളെ തിരഞ്ഞെടുക്കുന്നു. മുട്ടയിട്ടാൽ പിന്നെ അടുത്ത ഇണയെ തേടി അവ പറന്നകലും. കുഞ്ഞുങ്ങളെ നോക്കുക എന്നത് പിന്നെ ആണുങ്ങളുടെ കടമയാണ്. കൂടൊരുക്കുക, അടയിരുന്ന് മുട്ടകൾ വിരിയിക്കുക, കുഞ്ഞുങ്ങളെ വളർത്തുക, ശത്രുക്കളിൽ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുക എന്നിവയെല്ലാം ആണുങ്ങളുടെ ചുമതലകളാണ്. വിരിഞ്ഞുവരുമ്പോൾ, അവയുടെ ഏറ്റവും സവിശേഷമായ സ്വഭാവം കുത്തനെയുള്ള നീളമുള്ള കാലുകളാണ്. വെള്ളത്തിൽ മുങ്ങാതെ താമരയിലയിലൂടെ സഞ്ചരിക്കാൻ ഇത് പക്ഷികളെ സഹായിക്കുന്നു. അതുകൊണ്ടാണ് അവയ്ക്ക് "ലില്ലി ട്രോട്ടറുകൾ" എന്ന വിളിപ്പേര് ലഭിച്ചത്.  

സെനഗൽ, തെക്കൻ മാലി, ബുർക്കിന ഫാസോ, നൈജീരിയ, തെക്കൻ ചാഡ്, സൗത്ത് സുഡാൻ, എത്യോപ്യ എന്നിവിടങ്ങളിലെ ശുദ്ധജല തണ്ണീർത്തടങ്ങളിൽ ആഫ്രിക്കൻ ജക്കാനകൾ വ്യാപകമാണ്. മരുഭൂമികളിലെയും സമതലങ്ങളിലെയും ചൂടുള്ളതും വരണ്ടതുമായ പ്രദേശങ്ങളിൽ നിന്നും, കാടുകളിൽ നിന്നും വനപ്രദേശങ്ങളിൽ നിന്നും അവ അകന്നുനിൽക്കുന്നു. അവ ചെടികൾക്ക് മുകളിലൂടെ നടന്ന് വെള്ളിത്തിലുള്ള പ്രാണികളെയും ചെറിയ മത്സ്യങ്ങളെയും ആഹാരമാക്കുന്നു. ഇവയ്ക്ക് മനോഹരമായി നീന്താനും സാധിക്കും.  

PREV
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി