അറിയാമോ, വടംവലി ഒരു ഒളിമ്പിക്‌സ് ഇനമായിരുന്നു, അതൊഴിവാക്കിയതിന് കാരണവുമുണ്ടായിരുന്നു!

By Web TeamFirst Published Dec 15, 2022, 7:25 PM IST
Highlights

വിവാദങ്ങള്‍ തുടര്‍ക്കഥയായതോടെ ഒളിമ്പിക്‌സില്‍ വടംവലി മത്സരത്തില്‍ പങ്കെടുക്കാന്‍ രാജ്യങ്ങള്‍ വിസമ്മതിച്ചു. 1920-ന് ശേഷം വടംവലി ഒളിമ്പിക്സില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

ഇക്കാലത്ത് സങ്കല്‍പ്പിക്കാന്‍ പ്രയാസമാണെങ്കിലും വടംവലി ഒരു ഒളിമ്പിക് സ്പോര്‍ട്സായിരുന്നു. 1900-ല്‍ പാരീസ് മുതല്‍ 1920-ലെ ആന്റ് വെര്‍പ്പ് വരെയുള്ള എല്ലാ ഒളിമ്പിക്സിനും ഇത് ഒരു മല്‍സരയിനമായി ഉണ്ടായിരുന്നു. ആകെ ആറ് സീസണുകളില്‍ ആണ് വടംവലി ഉണ്ടായിരുന്നത്. ഒന്നാം ലോകമഹായുദ്ധം കാരണം 1916 -ലെ ഒളിമ്പിക്സ് റദ്ദാക്കപ്പെട്ടു. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റിക്സ് പ്രോഗ്രാമിന്റെ ഭാഗമായി ആയിരുന്നു ഗെയിംസില്‍ വടംവലിയെ ഉള്‍പ്പെടുത്തിയിരുന്നത്. 

പക്ഷേ വിവാദങ്ങളുടെ ഒരു വലിയ നിര തന്നെയാണ് ഒളിമ്പിക്‌സില്‍ വടംവലി മത്സരം സൃഷ്ടിച്ചത്.  1904 -ല്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ അമേരിക്കന്‍ സ്‌ക്വാഡ് മില്‍വാക്കി അത്ലറ്റിക് ക്ലബിനെ പ്രതിനിധീകരിക്കുന്നതായിരുന്നു.  എന്നാല്‍ പിന്നീടാണ് അറിയുന്നത് വടംവലിക്കാനെത്തിയത് ചിക്കാഗോയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നവര്‍ ആയിരുന്നു എന്ന്.

വിവാദങ്ങള്‍ അതുകൊണ്ടൊന്നും അവസാനിച്ചില്ല 1908 -ലെ ഒളിമ്പിക്‌സില്‍ ലിവര്‍പൂള്‍ പോലീസ് ടീമിലെ ബ്രിട്ടീഷ് കളിക്കാര്‍ ധരിച്ചിരുന്ന പോലീസ് ബൂട്ടുകളില്‍ നിയമവിരുദ്ധമായി ക്ലീറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ ടീം ആരോപിച്ചു.  മത്സരശേഷം അമേരിക്കന്‍ ടീം ബ്രിട്ടീഷ് മത്സരാര്‍ത്ഥികളോട് ബൂട്ടുകള്‍ അണിയാതെ നഗ്‌നപാദരായി മത്സരത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ബ്രിട്ടന്‍ അതിന് തയ്യാറായില്ല. അതോടെ അമേരിക്ക മത്സരത്തില്‍ നിന്നും പിന്മാറി.അങ്ങനെ ആ വര്‍ഷം ഗ്രേറ്റ് ബ്രിട്ടന്‍ സ്വര്‍ണം നേടി.

വിവാദങ്ങള്‍ തുടര്‍ക്കഥയായതോടെ ഒളിമ്പിക്‌സില്‍ വടംവലി മത്സരത്തില്‍ പങ്കെടുക്കാന്‍ രാജ്യങ്ങള്‍ വിസമ്മതിച്ചു. ഏറ്റവും അവസാനത്തെ  മത്സരം നടന്നത് 1920-ലെ ഒളിമ്പിക്‌സില്‍ ആണ്. അന്ന് നിരവധി രാജ്യങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാതെ ഒഴിഞ്ഞുമാറിയതോടെ മത്സരിക്കാനായി ആകെ ഉണ്ടായിരുന്നത് ബ്രിട്ടനും സ്വീഡനും മാത്രമായിരുന്നു. ആ മത്സരത്തില്‍ സ്വീഡന്‍ ജയിച്ചു.

1920-ന് ശേഷം വടംവലി ഒളിമ്പിക്സില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ഗെയിംസില്‍ മത്സരം ഉള്‍പ്പെടുത്തിയ  സമയത്ത് മൊത്തം അഞ്ച് മെഡലുകള്‍ നേടിയ ഗ്രേറ്റ് ബ്രിട്ടനാണ് ഈ ഇവന്റിലെ നിലവിലെ ചാമ്പ്യന്‍മാര്‍ .
 

click me!