ഡൽഹി നിയമസഭാ മന്ദിരത്തിൽ നിന്നും തുടങ്ങുന്ന രഹസ്യതുരങ്കം, ചെന്നെത്തുന്നത് ചെങ്കോട്ടയിൽ

By Web TeamFirst Published Sep 3, 2021, 2:42 PM IST
Highlights

എന്നാൽ, ഇപ്പോൾ തുരങ്കം കണ്ടെത്താൻ കഴിഞ്ഞെന്നും, മെട്രോ പദ്ധതികളും ഓടകളും കാരണം തുരങ്കത്തിലേക്കുള്ള എല്ലാ വഴികളും തകർന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. 

ഡൽഹി നിയമസഭാ മന്ദിരത്തിൽ ഒരു രഹസ്യതുരങ്കം കണ്ടെത്തി. നിയമസഭാ മന്ദിരത്തിൽ നിന്ന് ആരംഭിക്കുന്ന അത് ചെന്നെത്തുന്നത് ചെങ്കോട്ടയിലാണ്. ബ്രിട്ടീഷുകാർ പണിതതാണെന്ന് കരുതുന്ന ഈ തുരങ്കം സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുവരാനും, കൊണ്ടുപോകാനും വേണ്ടി ഉപയോഗിച്ചിരിക്കാമെന്ന് അനുമാനിക്കുന്നു.  

"ഞാൻ 1993 -ൽ എംഎൽഎ ആയിരുന്ന സമയത്താണ് ചെങ്കോട്ട വരെ നീളുന്ന ഒരു തുരങ്കത്തെക്കുറിച്ച് കേൾക്കുന്നത്. അതിന്റെ ചരിത്രം അന്വേഷിച്ച് പോയെങ്കിലും, കാര്യമായി ഒന്നും കണ്ടെത്താനായില്ല" സ്പീക്കർ റാം നിവാസ് ഗോയൽ പറഞ്ഞു. എന്നാൽ, ഇപ്പോൾ തുരങ്കം കണ്ടെത്താൻ കഴിഞ്ഞെന്നും, മെട്രോ പദ്ധതികളും ഓടകളും കാരണം തുരങ്കത്തിലേക്കുള്ള എല്ലാ വഴികളും തകർന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ തുരങ്കം കൂടുതൽ കുഴിച്ച് നോക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

1912 -ൽ ബ്രിട്ടീഷുകാർ രാജ്യത്തിന്റെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുകയുണ്ടായി. തുടർന്ന്, കേന്ദ്ര നിയമസഭയായി പ്രവർത്തിച്ചിരുന്ന ഡൽഹി നിയമസഭ 1926 -ൽ ഒരു കോടതിയാക്കി മാറ്റി. അക്കാലത്ത്, ഈ തുരങ്കം വഴിയാണ് ബ്രിട്ടീഷുകാർ സ്വാതന്ത്ര്യസമര സേനാനികളെ കോടതിയിൽ കൊണ്ടുവന്നിരുന്നതെന്ന് ഗോയൽ അറിയിച്ചു. 

"ഇവിടെ ഒരു തൂക്കുമരമുണ്ടെന്ന് എല്ലാവർക്കും അറിയാമായിരുന്നു, പക്ഷേ ആരും ഇതുവരെ ആ മുറി തുറന്ന് നോക്കിയിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തിന്റെ അന്നാണ് ഞാൻ ആ മുറി പരിശോധിക്കാൻ തീരുമാനിക്കുന്നത്. ആ മുറി സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകമാക്കി മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു" അദ്ദേഹം പറഞ്ഞു. അടുത്ത സ്വാതന്ത്ര്യ ദിനത്തോടെ സഞ്ചാരികൾക്കായി തൂക്കുമുറി തുറക്കാൻ ഉദ്ദേശിക്കുന്നുവെന്നും അതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചുവെന്നും നിയമസഭാ സ്പീക്കർ കൂട്ടിച്ചേർത്തു.  

click me!