ചരിത്രത്തിലെ തന്നെ 'മോഡേണ്‍' തുരങ്കം, പിന്നില്‍ മയക്കുമരുന്ന് സംഘം? അന്വേഷിച്ച് അധികൃതര്‍

By Web TeamFirst Published Aug 9, 2020, 11:36 AM IST
Highlights

ഏതുതരം ഉപകരണമുപയോഗിച്ചാണ് തുരങ്കം നിര്‍മ്മിച്ചതെന്ന് മനസിലാക്കാന്‍ സാധിച്ചുവെങ്കില്‍ ഒരുപക്ഷേ അത് നിര്‍മ്മിക്കപ്പെട്ട കാലത്തെ കുറിച്ച് ഏകദേശ ധാരണ കിട്ടും.

കള്ളക്കടത്തുകാരും മയക്കുമരുന്ന് കടത്തുന്നവരുമെല്ലാം മണ്ണിനടിയില്‍ തുരങ്കം നിര്‍മ്മിക്കുന്നത് സിനിമകളില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍, സിനിമയില്‍ മാത്രമല്ല, ശരിക്കും കള്ളന്മാരും കള്ളക്കടത്തുകാരും ഇങ്ങനെ തുരങ്കം നിര്‍മ്മിക്കാറുണ്ട്. മെക്സിക്കോയില്‍ നിന്ന് മയക്കുമരുന്ന് കടത്താനായി ഇങ്ങനെ തുരങ്കം നിര്‍മ്മിക്കുകയും പിന്നിലുള്ളവര്‍ പിടിക്കപ്പെടുകയും ചെയ്‍തിട്ടുണ്ട്. ഇപ്പോഴിതാ, മെക്സിക്കോ മുതൽ അരിസോണ വരെ നീളുന്ന അപൂർണ്ണമായ ഒരു തുരങ്കം കണ്ടെത്തിയിരിക്കുന്നു. 'യുഎസ് ചരിത്രത്തിലെ ഏറ്റവും നൂതനരീതിയിലുള്ള തുരങ്കം' എന്നാണ് അധികൃതർ ഇതിനെ വിശേഷിപ്പിച്ചത്. 

കള്ളക്കടത്തിനുദ്ദേശിച്ചുള്ളതെന്ന് കരുതപ്പെടുന്ന ഈ തുരങ്കം മെക്സിക്കോയിലെ സാൻ ലൂയിസ് റിയോ കൊളറാഡോയില്‍ നിന്ന് അരിസോണയിലെ സാൻ ലൂയിസിലേക്ക് നീളുന്നതാണ്. തുരങ്കങ്ങൾക്ക് അനുയോജ്യമല്ലാത്ത ഒരു പ്രദേശത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിന് വെന്‍റിലേഷൻ സംവിധാനം, വാട്ടർലൈനുകൾ, ഇലക്ട്രിക്കൽ വയറിംഗ്, റെയിൽ സംവിധാനം തുടങ്ങിയവയെല്ലാമുണ്ടെന്നും ഫെഡറൽ അധികൃതർ പറയുന്നു. “വളരെ നന്നായിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്ന് മനസിലാവും. അതില്‍ വായുസഞ്ചാരമുണ്ടായിരുന്നു, വെള്ളമുണ്ടായിരുന്നു, ചുവരുകൾ, മേൽക്കൂര, തറ, എന്നിവയൊക്കെയുള്ള ഒരു റെയിൽ സംവിധാനമുണ്ടായിരുന്നു. ഇതൊക്കെ ഇതിനെ വളരെ സവിശേഷമായ ഒരു തുരങ്കമാക്കി മാറ്റുന്നു” എന്ന് യുമയിലെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ അസി. സ്പെഷല്‍ ഇന്‍ ചാര്‍ജ് ഏഞ്ചല്‍ ഓര്‍ട്ടിസ് പറയുന്നു. യു എസ് ചരിത്രത്തിലെ തന്നെ ഏറ്റവും നൂതനമായ തുരങ്കമാണിതെന്നും കണ്ടതില്‍ വച്ച് ഏറ്റവും പരിഷ്‍കാരമുള്ള തുരങ്കമാണിതെന്നും അധികൃതര്‍ പറയുന്നു. 

അതിര്‍ത്തിയില്‍ മതിലിനോട് ചേര്‍ന്ന് ഒരു കുഴി കണ്ടെത്തിയതായി ഒരാള്‍ അറിയിച്ച വിവരത്തെ തുടര്‍ന്നാണ് ജൂലൈ അവസാനം ഇവിടെ കുഴിച്ചുനോക്കാനാരംഭിച്ചത്. നേരത്തെ തന്നെ ആ സ്ഥലത്ത് ഒരു ടണല്‍ ഉണ്ടായിരുന്നതായി ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷനിലുള്ളവര്‍ക്ക് നേരിയ വിവരമുണ്ടായിരുന്നു. സ്ഥലം തുരന്നുനോക്കുന്നതോടൊപ്പം ഒരു ക്യാമറ കൂടി താഴേക്ക് അയച്ചു. ചൊവ്വാഴ്‍ചയാണ് ടണല്‍ കണ്ടെത്തിയത്. തുരങ്കത്തിന് മൂന്നടിയാണ് വീതി. നാലടി ഉയരവും. എന്തിനായിരിക്കാം ഈ തുരങ്കം നിര്‍മ്മിച്ചതെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് കൃത്യമായി വിവരം കിട്ടിയിട്ടില്ല. മാത്രവുമല്ല, ഇപ്പോഴും തുരങ്കം അപൂര്‍ണമാണ്. എത്രകാലമായി ഈ തുരങ്കം ഇവിടെയുണ്ട് എന്ന കാര്യത്തിലും ഇവര്‍ക്ക് തീര്‍ച്ചയില്ല. 

ഏതുതരം ഉപകരണമുപയോഗിച്ചാണ് തുരങ്കം നിര്‍മ്മിച്ചതെന്ന് മനസിലാക്കാന്‍ സാധിച്ചുവെങ്കില്‍ ഒരുപക്ഷേ അത് നിര്‍മ്മിക്കപ്പെട്ട കാലത്തെ കുറിച്ച് ഏകദേശ ധാരണ കിട്ടും. ഒരുപക്ഷേ, ഇത് കൈകള്‍കൊണ്ടാണ് നിര്‍മ്മിച്ചതെങ്കില്‍ ഒരുപാട് മാസങ്ങളെടുത്താവാം ഇത് പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, ഏതെങ്കിലും യന്ത്രങ്ങളുപയോഗിച്ചാണ് അത് നിര്‍മ്മിച്ചതെങ്കില്‍ അധികകാലം എടുത്തിട്ടുണ്ടാവില്ല എന്നും അവര്‍ പറയുന്നു. 

മോഷ്‍ടാക്കളും മയക്കുമരുന്ന് കടത്തുകാരും എത്രയോ കാലമായി ഇത്തരം തുരങ്കങ്ങള്‍ നിര്‍മ്മിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് യുമയിലെ അധികൃതര്‍ മയക്കുമരുന്ന് കടത്തിയിരുന്ന ഒരു തുരങ്കം ഇതുപോലെ കണ്ടെത്തിയത്. മെക്സിക്കോയിലെ ഒരു വീട്ടില്‍ നിന്നും അരിസോണയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന ഒരു ഫാസ്റ്റ് ഫുഡ് റസ്റ്റോറന്‍റിലേക്ക് നീളുന്നതായിരുന്നു തുരങ്കം. റെസ്റ്റോറന്‍റ് ഉടമയായ ലോപ്പസിന്‍റെ ട്രക്കിന്‍റെ പിറകില്‍ നിരവധി കെട്ട് കെോക്കെയ്‍നും ഹെറോയ്‍നും അടക്കം മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. 2018 ആഗസ്‍തില്‍ അങ്ങനെയാണയാള്‍ അറസ്റ്റിലാവുന്നത്. അറസ്റ്റിനെ തുടര്‍ന്ന് അയാളുടെ വീട്ടിലും പഴയ റസ്റ്റോറന്‍റിലും നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. ആളുകള്‍ക്ക് അനായാസമായി എളുപ്പത്തില്‍ നടന്നുപോവാന്‍ പറ്റുന്നത്രയും വലിപ്പമുള്ളതായിരുന്നു തുരങ്കം. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ ഏഴ് വര്‍ഷം തടവിനു ശിക്ഷിച്ചു.

ഏതായാലും പുതുതായി കണ്ടെത്തിയ തുരങ്കം എപ്പോള്‍ നിര്‍മ്മിച്ചതാണെന്നോ, ആര് നിര്‍മ്മിച്ചതാണെന്നോ, എന്തിന് നിര്‍മ്മിച്ചതാണെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതില്‍ അന്വേഷണം നടന്നുവരികയാണ്. പക്ഷേ, അതിബുദ്ധിമാന്മാര്‍ തന്നെയാണ് അത് നിര്‍മ്മിച്ചതെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അത്രയും നൂതനരീതിയിലാണ് അതിന്‍റെ നിര്‍മ്മാണം. 

click me!