ഗർഭിണിയായ ഭാര്യയെ തനിച്ചാക്കി ക്യാപ്റ്റൻ അഖിലേഷ് കുമാർ അകാലത്തിൽ വിടപറഞ്ഞപ്പോൾ

Published : Aug 08, 2020, 02:54 PM ISTUpdated : Aug 08, 2020, 02:56 PM IST
ഗർഭിണിയായ ഭാര്യയെ തനിച്ചാക്കി ക്യാപ്റ്റൻ അഖിലേഷ് കുമാർ അകാലത്തിൽ വിടപറഞ്ഞപ്പോൾ

Synopsis

മെയ് 8 -ന് വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള ദുബായിൽ നിന്നുള്ള ആദ്യ എയർഇന്ത്യാ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ വന്നിറങ്ങിയപ്പോൾ അതിന്റെ ക്യാപ്റ്റൻ അഖിലേഷ് കുമാർ ആയിരുന്നു. 

2020 മെയ് 8 -  ക്യാപ്റ്റൻ അഖിലേഷ് കുമാറിന്റെ കരിപ്പൂരേക്കുള്ള കഴിഞ്ഞ വരവിൽ  അദ്ദേഹത്തെ എയർപോർട്ടിൽ കാത്തുനിന്ന ജനക്കൂട്ടം സ്വീകരിച്ചത് നിറഞ്ഞ കയ്യടിയോടെയായിരുന്നു. അന്ന് എയർപോർട്ടിലെ സകലരും അദ്ദേഹത്തെ സ്വീകരിച്ചത് ഒരു വീരനായകന്റെ പരിവേഷത്തോടെയാണ്. 

 

കൊവിഡ് എന്ന മഹാമാരി രാജ്യത്തെയും ഗൾഫ് നാടുകളെയും ഒരുപോലെ പിടിമുറുക്കിയ കാലത്ത്, അന്വനാട്ടിൽ തൊഴിൽ നഷ്ടപ്പെട്ട്, ശമ്പളമോ വേണ്ടത്ര ഭക്ഷണം പോലുമോ കിട്ടാതെ കഷ്ടപ്പെട്ടുകൊണ്ടിരുന്ന ഭാരതീയരെ തിരികെ നാട്ടിലെത്തിക്കാൻ കേന്ദ്രം തുടങ്ങിയ ദൗത്യമായിരുന്നു വന്ദേ ഭാരത് മിഷൻ. അതിന്റെ ഭാഗമായി, ദുബായിൽ നിന്നുള്ള ആദ്യ എയർഇന്ത്യാ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ മെയ് 8 -ന് വന്നിറങ്ങിയപ്പോൾ അതിന്റെ ക്യാപ്റ്റൻ അഖിലേഷ് കുമാർ ആയിരുന്നു. അന്ന് അഖിലേഷിന്റെ സേവന സന്നദ്ധതയിൽ രാജ്യം അഭിമാനം കൊണ്ടു.

എന്നാൽ, അതേ അഖിലേഷ് കുമാർ കഴിഞ്ഞ ദിവസം വീണ്ടും മറ്റൊരു എയർഇന്ത്യാ എക്സ്പ്രസ് വിമാനത്തിന്റെ സഹപൈലറ്റായി അഖിലേഷ് വീണ്ടും കരിപ്പൂരിലെ റൺവേയിൽ ടച്ച് ഡൌൺ ചെയ്തു. അത് അദ്ദേഹത്തിന്റെ അവസാനത്തെ ലാൻഡിംഗ് ആയിരുന്നു. വിമാനത്തിന്റെ ക്യാപ്റ്റൻ ആയ വിങ് കമാണ്ടർ ദിലീപ് വസന്ത് സാഠേക്കൊപ്പം അഖിലേഷും ആ അപകടത്തിൽ മരണപ്പെട്ടു. വെള്ളിയാഴ്ച നടന്ന വിമാനാപകടത്തിൽ മരണപ്പെട്ട പതിനെട്ടുപേരിൽ മുപ്പത്തിരണ്ടുകാരനായ ഈ പൈലറ്റും ഉണ്ടായിരുന്നു. അപകടത്തിന്റെ യഥാർത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല എങ്കിലും, ഈ ഘട്ടത്തിൽ അധികാരികൾ സൂചിപ്പിക്കുന്നത് ഈ രണ്ടു പൈലറ്റുമാരും സ്വന്തം ജീവൻ ബലികഴിച്ച് വിമാനത്തിലെ 170 യാത്രക്കാരുടെ ജീവൻ പൊലിയാതെ കാത്ത ധീരനായകർ തന്നെയാണ് എന്നാണ്. 

ഉത്തർപ്രദേശിലെ മഥുര സ്വദേശിയാണ് ക്യാപ്റ്റൻ അഖിലേഷ് കുമാർ. ഗർഭിണിയായ ഭാര്യ മേഘയെ തനിച്ചാക്കിയാണ് അഖിലേഷ് മടങ്ങുന്നത്. ഡിസംബർ 2017 ലായിരുന്നു അവരുടെ വിവാഹം. വളരെ കഠിനാധ്വാനിയായ ഒരു പാസഞ്ചർ എയർക്രാഫ്റ്റ്  പൈലറ്റ് ആയിരുന്നു  അഖിലേഷ് എന്ന് സഹപ്രവർത്തകർ ഓർക്കുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ അനുശോചിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. 

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!