
ലോകത്ത് ഇന്നും ഒറ്റപ്പെട്ട നിലയിലുള്ള നിരവധി രാജ്യങ്ങളുണ്ട്. സാങ്കേതികവിദ്യ ഏറെ പുരോഗതി കൈവരിച്ചുവെങ്കിലും ഇന്നും അവയിൽ പലതും എത്തിപ്പിടിക്കാൻ കഴിയാത്തവരാണ് ഇത്തരം വിദൂര സമൂഹങ്ങളിൽ പലതും. സമാനമായ രീതിയിൽ ഏറെ ഒറ്റപ്പെട്ടു സ്ഥിതിചെയ്യുന്ന ഒരു രാജ്യമാണ് ടുവാലു.
പസഫിക് ദ്വീപ് രാഷ്ട്രമായ ടുവാലു ഇപ്പോൾ വളരെ വലിയൊരു നേട്ടം കൈവരിച്ച സന്തോഷത്തിലാണ്. കാര്യം മറ്റൊന്നുമല്ല രാജ്യത്ത് ആദ്യത്തെ എടിഎം പ്രവർത്തനമാരംഭിച്ചു. നമ്മുടെയൊക്കെ നാട്ടിൽ എടിഎം മെഷീനുകളുടെ സാന്നിധ്യം നേരത്തെ മുതൽ തന്നെ ഉള്ളതാണെങ്കിലും ടുവാലു രാജ്യക്കാർക്ക് ഇത് ആദ്യമായാണ് എടിഎം സേവനങ്ങൾ ലഭ്യമായി തുടങ്ങുന്നത്.
വിദൂര രാജ്യം എന്നും, പവിഴപ്പുറ്റുകളുടെ നാടെന്നും ഒക്കെ പേരു കേട്ടിട്ടുള്ള ടുവാലു ഓസ്‌ട്രേലിയയ്ക്കും ഹവായിക്കും ഇടയിൽ ആണ് സ്ഥിതി ചെയ്യുന്നത്. 11200 ആളുകൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ധനകാര്യ സ്ഥാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇവിടെ ഇക്കാലമത്രയും എടിഎം സേവനങ്ങൾ ഉണ്ടായിരുന്നില്ല. ആളുകൾ നേരിട്ട് ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് പണം ഇടപാടുകൾ നടത്തിയിരുന്നത്.
സാമ്പത്തിക മേഖലയിൽ രാജ്യം വയ്ക്കുന്ന ഒരു പ്രധാന ചുവടുവയ്പ്പായാണ് ഇവിടുത്തുകാർ എടിഎം സേവനങ്ങളുടെ ഈ തുടക്കത്തെ കാണുന്നത്. പ്രധാന ദ്വീപായ ഫ്യൂനാഫുട്ടിയിൽ പ്രധാനമന്ത്രി ഫെലെറ്റി ടിയോ ചടങ്ങിന് നേതൃത്വം നൽകി. ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച അദ്ദേഹം ടുവാലുവിന്റെ മഹത്തായ നേട്ടമായാണ് ഇതിനെ വിശേഷിപ്പിച്ചത്.
നാഷണൽ ബാങ്ക് ഓഫ് ടുവാലുവിന്റെ ജനറൽ മാനേജർ സിയോസ് ടിയോ പുതിയ സേവനത്തെക്കുറിച്ച് പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ 11,200 നിവാസികൾക്ക് സാമ്പത്തിക ശാക്തീകരണത്തിനുള്ള വാതിലുകൾ തുറക്കുന്ന ഒരു മാറ്റമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നാണ് ടുവാലു, ഒമ്പത് ദ്വീപുകളിലായി വെറും 10 ചതുരശ്ര മൈൽ വിസ്തീർണ്ണം മാത്രമേയുള്ളൂ. ഒറ്റപ്പെട്ടതാണെങ്കിലും അടുത്തകാലത്തായി നിരവധി സന്ദർശകർ ഇവിടേക്ക് എത്തുന്നുണ്ട്. തദ്ദേശവാസികൾ ഫെറിയിലാണ് യാത്ര ചെയ്യുന്നത്.