അടുക്കളയിലെ അശ്രദ്ധ, യുവതിയുടെ കയ്യിലെ മുഴയിൽ നിന്നും പുറത്തെടുത്തത് 10 സെന്‍റീമീറ്റർ നീളമുള്ള രണ്ട് വിരകളെ!

Published : Jun 19, 2026, 03:04 PM IST
worms

Synopsis

ചൈനയിൽ ഒരു യുവതിയുടെ കയ്യിലെ മുഴയിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പത്ത് സെന്‍റീമീറ്റർ നീളമുള്ള രണ്ട് ജീവനുള്ള വിരകളെ പുറത്തെടുത്തു. തവള ഇറച്ചി മുറിക്കാൻ ഉപയോഗിച്ച ചോപ്പിംഗ് ബോർഡും കത്തിയും മറ്റ് ഭക്ഷണങ്ങൾ തയ്യാറാക്കാൻ ഉപയോഗിച്ചതാണ് വിരകൾ ശരീരത്തിൽ പ്രവേശിക്കാൻ കാരണമായതെന്ന് ഡോക്ടർമാർ കണ്ടെത്തി.  

 

ചൈനയിൽ യുവതിയുടെ കയ്യിലെ മുഴയിൽ നിന്ന് പത്ത് സെന്‍റീമീറ്റർ നീളമുള്ള രണ്ട് ജീവനുള്ള വിരകളെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഒരു വർഷത്തോളമായി കഠിനമായ വേദനയും വീക്കവും സഹിച്ച വാങ് എന്ന യുവതിക്കാണ് ഒടുവിൽ ഡോക്ടർമാർ രക്ഷകരായത്. അടുക്കളയിലെ മോശം ശുചിത്വവും തെറ്റായ പാചകരീതികളുമാണ് യുവതിയുടെ ശരീരത്തിൽ വിരകൾ വളരാൻ കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലുള്ള ഷെൻഷെൻ പീപ്പിൾസ് ഹോസ്പിറ്റലിലാണ് അപൂർവ്വമായ ഈ ശസ്ത്രക്രിയ നടന്നത്.

വില്ലനായത് ചോപ്പിംഗ് ബോർഡ്!

യുവതിയുടെ കയ്യിൽ നിന്ന് പുറത്തെടുത്തത് 'സ്പാർഗാനം' (Sparganum) ഇനത്തിൽപ്പെട്ട വിരകളെയാണ്. താൻ വീട്ടിൽ സ്ഥിരമായി തവള ഇറച്ചി പാകം ചെയ്യാറുണ്ടായിരുന്നെന്ന് യുവതി ഡോക്ടർമാരോട് പറഞ്ഞു. തവളയെ മുറിക്കാൻ ഉപയോഗിച്ച അതേ ചോപ്പിംഗ് ബോർഡും കത്തിയും ഉപയോഗിച്ചാണ് ഇവർ സലാഡുകളും മറ്റ് ഭക്ഷണങ്ങളും തയ്യാറാക്കിയിരുന്നത്. തവളയുടെ ശരീരത്തിലുണ്ടായിരുന്ന വിരകളുടെ മുട്ടകൾ ചോപ്പിംഗ് ബോർഡ് വഴി മറ്റ് ഭക്ഷണങ്ങളിലേക്ക് പടരുകയും, ഇത് കഴിച്ചതിലൂടെ വിരകൾ യുവതിയുടെ ശരീരത്തിൽ പ്രവേശിക്കുകയുമായിരുന്നു എന്നാണ് ഡോക്ടർമാരുടെ നിഗമനം. ഡിറ്റർജന്‍റ് ഉപയോഗിച്ച് കഴുകിയാൽ ഇത്തരം വിരകളുടെ മുട്ടകൾ നശിക്കുമെന്ന തെറ്റായ ധാരണയാണ് പലർക്കുമുള്ളതെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.

ഡോക്ടർമാരുടെ മുന്നറിയിപ്പ്

"ഈ വിരകൾ മനുഷ്യശരീരത്തിൽ പൂർണ്ണവളർച്ചയെത്തില്ല. പകരം ഇവ ശരീരത്തിലെ വിവിധ കോശങ്ങളിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കും. ഇവ ചർമ്മത്തിനടിയിലേക്കോ, പേശികളിലേക്കോ, കണ്ണുകളിലോ, തലച്ചോറിലോ വരെ എത്താം. ചർമ്മത്തിന് താഴെ വേദനയോട് കൂടിയ മുഴകൾ ഉണ്ടാകുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം. അടുക്കളയിലെ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും."

സമാന സംഭവങ്ങൾ പതിവാകുന്നു

അതേസമയം മനുഷ്യ ശരീരത്തിൽ നിന്ന് വിരകളെ പുറത്തെടുക്കുന്ന സംഭവങ്ങൾ ചൈനയിൽ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസം വിചിത്രമായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ചികിത്സ തേടിയ ഗ്വാങ്‌ഡോങ് സ്വദേശിനിയായ സ്ത്രീയുടെ തലച്ചോറിൽ നിന്ന് 8 സെന്‍റീമീറ്റർ നീളമുള്ള വിരയെയാണ് നീക്കം ചെയ്തത്. പല്ലുവേദന മാറാൻ തവളയുടെ കാൽ പല്ലിന്‍റെ ഇടയിൽ വെച്ചതും, കാട്ടുചോലകളിലെ വെള്ളം തിളപ്പിക്കാതെ കുടിച്ചതുമാണ് ഇവർക്ക് വിനയായത്. കഴിഞ്ഞ മെയ് മാസം ഗുവാങ്‌സിയിൽ ഒരു വ്യക്തിയുടെ തലച്ചോറിൽ നിന്ന് 5 സെന്‍റീമീറ്റർ നീളമുള്ള വിരയെ കണ്ടെത്തിയിരുന്നു. തിളപ്പിക്കാത്ത വെള്ളം കുടിക്കുന്നതും പന്നിയുടെ പച്ചച്ചോര കഴിക്കുന്നതും ഇയാളുടെ ശീലമായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

എഐ കണ്ടെത്തിയത് ഗുരുതര ക്യാൻസർ, ഒടുവിൽ ഡോക്ടറെ കണ്ടപ്പോൾ അങ്ങനൊരു രോഗമേയില്ല! മുന്നറിയിപ്പുമായി ഡോക്ടർമാർ
വ്യോമസേനാ ഉദ്യോഗസ്ഥന്‍റെ ഭാര്യയെ നിർബന്ധിത മതം മാറ്റം നടത്തി, പിന്നാലെ ബലാത്സംഗവും; മതപുരോഹിതനടക്കം മൂന്ന് പേർ അറസ്റ്റിൽ