ഇന്ത്യയുടെ പൊതുഭരണ സംവിധാനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും വലിയ പുരോഗതി ആവശ്യമാണെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. രാജ്യ വികസനത്തിന്റെ നാല് ഘട്ടങ്ങൾ വിശദീകരിച്ച അദ്ദേഹം, ഇന്ത്യ ചില മേഖലകളിൽ മുന്നിലാണെങ്കിലും പൊതുഭരണത്തിൽ പിന്നിലാണെന്ന് ചൂണ്ടിക്കാട്ടി.
പൊതുഭരണ രംഗത്ത് ഇന്ത്യയ്ക്ക് വലിയ തോതിലുള്ള പുരോഗതി ആവശ്യമാണെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. കുഴികൾ നിറഞ്ഞ റോഡുകളും, തകർന്നുവീഴുന്ന പാലങ്ങളും, അനിയന്ത്രിതമായ മലിനീകരണവും തുടങ്ങി രാജ്യത്തെ പൊതുഭരണ സംവിധാനത്തിലെ നിരവധി പോരായ്മകളാണ് ഇൻഫോസിസ് ഉടമ നാരായണ മൂർത്തി ചൂണ്ടിക്കാട്ടിയത്. ബെംഗളൂരുവിൽ നടന്ന ഇൻഫോസിസ് പ്രൈസ് പ്രഖ്യാപന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സാമ്പത്തികമായും സാങ്കേതികമായും ഒരു രാജ്യം എങ്ങനെയാണ് വികസിക്കുന്നതെന്ന് വിശദീകരിക്കുന്ന നാല് ഘട്ടങ്ങളുള്ള വികസന മാതൃകയും അദ്ദേഹം പരിപാടിക്കിടെ അവതരിപ്പിച്ചു. പൊതുഅടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും ഏറ്റവും താഴ്ന്ന ഘട്ടത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യ വികസനത്തിന്റെ നാല് ഘട്ടങ്ങൾ
ഒരു രാജ്യത്തിന്റെ വളർച്ചയെ നാല് ഘട്ടങ്ങളായി തിരിച്ചാണ് നാരായണ മൂർത്തി വിശദീകരിച്ചത്. ആദ്യ ഘട്ടം പൂർണമായ നിശ്ചലാവസ്ഥയാണ്. പുതിയ ആശയങ്ങളോ പരിഹാരങ്ങളോ ഒരു രാജ്യം കണ്ടെത്തുകയോ ജനങ്ങളുടെ ക്ഷേമത്തിനായി വിദേശത്ത് നിന്നുള്ള നൂതന ആശയങ്ങൾ സ്വീകരിക്കുകയോ ചെയ്യാത്ത അവസ്ഥയാണിത്. രണ്ടാം ഘട്ടത്തിൽ വിദേശരാജ്യങ്ങൾ വികസിപ്പിച്ച കണ്ടുപിടിത്തങ്ങൾ അതേപടി സ്വീകരിച്ച് ഉപയോഗിക്കുന്നതിലൂടെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ രാജ്യം ശ്രമിക്കുന്നു.
മൂന്നാം ഘട്ടത്തിൽ സ്വന്തം ഗവേഷണങ്ങളുടെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും സഹായത്തോടെ നിലവിലുള്ള ആഗോള ആശയങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുകയും പുതിയ നൂതനാശയങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു. നാലാമത്തേതും ഏറ്റവും ഉയർന്നതുമായ ഘട്ടത്തിൽ, ലോകത്തിന് തന്നെ മാതൃകയാകുന്ന മൗലികവും വിപ്ലവകരവുമായ കണ്ടുപിടിത്തങ്ങൾ നടത്തുന്ന രാജ്യമായി മാറുന്നു. അമേരിക്ക, പടിഞ്ഞാറൻ യൂറോപ്പ്, ചൈന, ജപ്പാൻ തുടങ്ങിയവയാണ് ഈ ഘട്ടത്തിലെത്തിയ രാജ്യങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയുടെ സ്ഥാനം ഏത് ഘട്ടത്തിൽ?
ആണവോർജം, ബഹിരാകാശ ഗവേഷണം, വാക്സിൻ വികസനം, ഹരിതവിപ്ലവം, ജനറിക് മരുന്നുകളുടെ ഉത്പാദനം തുടങ്ങിയ മേഖലകളിൽ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് നാരായണ മൂർത്തി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ മിക്ക മേഖലകളിലും ഇന്ത്യ രണ്ടാം ഘട്ടത്തിലും ചില മേഖലകളിൽ മൂന്നാം ഘട്ടത്തിലുമാണെന്നും അദ്ദേഹം വിലയിരുത്തി.
എന്നാൽ, പൊതുഭരണ സംവിധാനത്തിന്റെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും അടിസ്ഥാന ഘട്ടത്തിൽ തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. വിദൂര ഗ്രാമങ്ങളിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പൗരന്മാരുടെ ജീവിതത്തെ സ്വാധീനിക്കുന്ന എല്ലാ മേഖലകളിലും ഇന്ത്യ നാലാം ഘട്ടത്തിലെത്താൻ ലക്ഷ്യമിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മളേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്കാരങ്ങളിൽ നിന്ന് പഠിക്കാനുള്ള വിനയം നമ്മുക്കുണ്ടാകണമെന്നും ഇൻഫോസിസ് ചെയർമാൻ എമിരിറ്റസ് കൂടിയായ നാരായണ മൂർത്തി അഭിപ്രായപ്പെട്ടു.
എന്താണ് ഇൻഫോസിസ് പ്രൈസ്?
ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ വർഷംതോറും നൽകുന്ന പുരസ്കാരമാണ് ഇൻഫോസിസ് പ്രൈസ്. സാമ്പത്തികശാസ്ത്രം, എൻജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ്, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം എന്നീ ആറ് മേഖലകളിലാണ് ഇൻഫോസിസ് പുരസ്കാരം നൽകുന്നത്.














