ഒരേ കോളേജിൽ പഠിച്ചിറങ്ങിയ രണ്ടു സ്നേഹിതർ, ഒന്നാമൻ കമ്മീഷണർ, രണ്ടാമൻ യാചകൻ

By Web TeamFirst Published Mar 11, 2020, 4:08 PM IST
Highlights

കുളിയും നനയുമില്ലാതെ മുഷിഞ്ഞ വസ്ത്രങ്ങളുമണിഞ്ഞ് ജടപിടിച്ചു നീണ്ടു കിടക്കുന്ന മുടിയും താടിയുമായി തെരുവോരത്ത് കിടന്നുറങ്ങുന്ന ഈ ഭിക്ഷാംദേഹികളിൽ പലരും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരാണ്

ഒഡിഷയിലെ പുരി എന്ന തീർത്ഥാടന കേന്ദ്രം 'ഭിക്ഷാടനമുക്ത'മാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ അധികാരികൾ നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന യാചകരെ ഒന്നൊന്നായി പിടിച്ചുകൊണ്ടുവന്ന് സർക്കാർ വക ശരണാലയത്തിലേക്ക് എത്തിച്ചത്. അവരിൽ പലരെയും ഇന്റർവ്യൂ ചെയ്ത സോഷ്യൽ വർക്കർമാർ അത്ഭുതപ്പെട്ടു. കാരണം, കുളിയും നനയുമില്ലാതെ മുഷിഞ്ഞ വസ്ത്രങ്ങളുമണിഞ്ഞ് ജടപിടിച്ചു നീണ്ടു കിടക്കുന്ന മുടിയും താടിയുമായി തെരുവോരത്ത് കിടന്നുറങ്ങുന്ന ഈ ഭിക്ഷാംദേഹികളിൽ പലരും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരാണ്. 

അക്കൂട്ടത്തിൽ ഒരാളാണ് ശ്രീജിത് പാഠി. അദ്ദേഹത്തെ അധികാരികൾ കണ്ടെത്തിയത് പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിനടുത്തുനിന്നാണ്. കട്ടക്കിലെ രാവെൻഷാ കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാന്തര ബിരുദം കഴിഞ്ഞിറങ്ങിയ മിടുക്കനായ ഒരു വിദ്യാർത്ഥിയായിരുന്നു പാഠി എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നു. ഇന്ന് അദ്ദേഹത്തിന്റെ കോലം കണ്ടാൽ അങ്ങനെ ഊഹിക്കാൻ പോലുമായെന്നു വരില്ല. അത്ഭുതപ്പെടുത്തുന്ന മറ്റൊരു വസ്തുത ഇന്നത്തെ ഭുവനേശ്വർ പൊലീസ് കമ്മീഷണർ ആയ സുധാംശു സാരംഗിയുടെ അടുത്ത സ്നേഹിതനും ഒപ്പം ഐഎഎസ് പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന ആളുമായിരുന്നു പാഠി എന്നതാണ്. സിവിൽ സർവീസ് പരീക്ഷയുടെ ആദ്യ പരിശ്രമത്തിലുണ്ടായ പരാജയമാണ്, അതിൽ തോന്നിയ വല്ലാത്ത നിരാശയാണ് അദ്ദേഹത്തിന്റെ മാനസികനില ആദ്യമായി താളം തെറ്റിക്കുന്നത്. പിന്നീടങ്ങോട്ട് എങ്ങോട്ടെന്നില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്ന പാഠി പൂർണ്ണമായ വിഭ്രാന്താവസ്ഥയിലേക്ക് വഴുതിവീഴുകയായിരുന്നു.

തെരുവിൽ പാഠിയെ കണ്ട ഏതോ ഒരു പഴയ സ്നേഹിതൻ കമ്മീഷണർ സാരംഗിയോടും തന്റെ മറ്റു സുഹൃത്തുക്കളോടും അദ്ദേഹത്തിന്റെ ഇന്നത്തെ ദുരവസ്ഥയെപ്പറ്റി പറഞ്ഞു. ഒടുവിൽ അവരെല്ലാവരും ചേർന്ന് പാഠിയെ കണ്ടെത്തി. തങ്ങളുടെ പഴയ സതീർത്ഥ്യന്റെ ഇന്നത്തെ രൂപം അവരിൽ പലരെയും കണ്ണീരണിയിച്ചു. മാനസികനില പൂർണമായും തകർന്ന പാഠിയെ അവർ എല്ലാവരും ചേർന്ന് ആദ്യം ഭുവനേശ്വറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് അദ്ദേഹം കട്ടക്കിലെ SCB ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് റെഫർ ചെയ്യപ്പെട്ടു. അവിടെ ഇപ്പോൾ അദ്ദേഹത്തിന്റെ ചികിത്സ നടക്കുകയാണ്. 

ഒരാഴ്ചത്തെ ചികിത്സ കൊണ്ടുതന്നെ കാര്യമായ മാറ്റം പാഠിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് കൈവന്നിട്ടുണ്ട്. ജടപിടിച്ച മുടിയും താടിയുമെല്ലാം തന്നെ വെട്ടിയൊതുക്കിയിട്ടുണ്ട്, വൃത്തിയുള്ള വസ്ത്രങ്ങളാണ് ഇപ്പോൾ പാഠി ധരിക്കുന്നത്. ഇന്ന് തന്നെ കാണാൻ വരുന്ന പഴയ സ്നേഹിതരെ അദ്ദേഹം തിരിച്ചറിയുന്നു. അവർക്ക് കുടിക്കാൻ ഫ്ലാസ്കിൽ സൂക്ഷിച്ച ചുടുചായ പകർന്നു നൽകുന്നു. "എന്താണ് ഇനി പ്ലാൻ ?" എന്ന് സ്നേഹിതരിലൊരാൾ ചോദിച്ചപ്പോൾ  പാഠി മന്ദഹസിച്ചുകൊണ്ട് പറഞ്ഞു," പിള്ളേർക്ക് നാലക്ഷരം വല്ലതും പറഞ്ഞുകൊടുക്കണം എന്നുണ്ട്..! "

click me!