'ഇവിടെ കൊറോണയില്ല' , ജീവിതം താറുമാറാക്കിയ യുദ്ധത്തിന് അക്കാര്യത്തിൽ നന്ദി പറഞ്ഞ് ലിബിയൻ യുവാക്കൾ

By Web TeamFirst Published Mar 11, 2020, 1:27 PM IST
Highlights

ലിബിയൻ യുവാക്കൾ പലരും സ്പോർട്സ് കഫെകളിൽ ഒത്തുകൂടി സോക്കർ ലീഗ് മത്സരം അവിടത്തെ വലിയ സ്‌ക്രീനുകളിൽ തത്സമയം കാണുകയാണ്. കാരണം അവിടെ കൊറോണയില്ല.

ലിബിയയിലും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. അയൽരാജ്യങ്ങളിലൊക്കെ  കൊവിഡ് 19 പടർന്നുപിടിച്ചിരിക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കണം. പുറത്തൊന്നും ഇറങ്ങരുത് ആവശ്യമില്ലാതെ. ആളുകൾ കൂട്ടംകൂടുന്നിടങ്ങൾ ഒഴിവാക്കണം എന്നൊക്കെ. എന്നാൽ, അതൊന്നും കാര്യമാക്കാതെ ലിബിയൻ യുവാക്കൾ പലരും സ്പോർട്സ് കഫെകളിൽ ഒത്തുകൂടി സോക്കർ ലീഗ് മത്സരം അവിടത്തെ വലിയ സ്‌ക്രീനുകളിൽ തത്സമയം കാണുകയാണ്. കാരണം അവിടെ കൊറോണയില്ല. ഒരൊറ്റ കേസുപോലും ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 

ഇന്നുവരെ നൂറോളം രാജ്യങ്ങളിൽ  കൊവിഡ് 19 ബാധ സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു എങ്കിലും, യുദ്ധത്തിന്റെ കെടുതികളിൽ വലയുന്ന ലിബിയയിലേക്ക് ഇതുവരെ കൊറോണാ വൈറസ് തിരിഞ്ഞു നോക്കിയ മട്ടില്ല. 2011 -ൽ തുടങ്ങിയ പോരാട്ടങ്ങളിൽ ആകെ വലഞ്ഞിരുന്ന തദ്ദേശവാസികൾക്ക് ഒടുവിൽ ചരിത്രത്തിൽ ആദ്യമായി യുദ്ധം കൊണ്ടും, അത് അടിച്ചേൽപ്പിച്ച യാത്രാ വിലക്കുകളും ഒറ്റപ്പെടുത്തലുകളും കൊണ്ടും ഒക്കെ ഒരു ഉപകാരമുണ്ടായിരിക്കുകയാണ്. ലിബിയയിൽ തുടർച്ചയായ ആഭ്യന്തര കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും ഒക്കെ നടക്കുന്നതുകൊണ്ട് ജീവനിൽ കൊതിയുള്ളവർ ആരും തന്നെ, വിശേഷിച്ച് വൈറൽ അസുഖങ്ങളുടെ വാഹകരായ ടൂറിസ്റ്റുകൾ ആ വഴിക്കേ വരാറില്ല. 

ഇന്നലെ വരെ ഏകദേശം 105 രാജ്യങ്ങളിലായി, 114000 -ല്പരം പേരെ ബാധിച്ച്, 4000 -ലധികം പേരുടെ ജീവനെടുത്ത കൊവിഡ് 19 എന്ന മാരകരോഗത്തെ ഒരു കാരണവശാലും ഭയക്കേണ്ടതില്ല എന്നാണ് ലിബിയക്കാർ പറയുന്നത്. ഇറ്റാലിയൻ സോക്കർ ലീഗിന് ലിബിയയിലും ആരാധകർ അനവധിയാണ്. ലോകത്ത് എവിടെയും,  കൊവിഡ് 19  ബാധക്ക് ശേഷം സോക്കർ മത്സരങ്ങൾ കാണാൻ വേണ്ടി സ്റ്റേഡിയത്തിൽ പോകുന്നത് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ആ അനുഭവത്തോട് അടുത്തുനിൽക്കുന്നത് പിന്നെ സ്പോർട്സ് കഫെകളിലെ കൂട്ടം ചേർന്നുള്ള കളി കാണലാണ്. അതും ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളിലും നിരോധിക്കപ്പെട്ടുകഴിഞ്ഞു. എന്നാൽ രാജ്യത്ത് ഒരൊറ്റ  കൊവിഡ് 19 കേസുപോലും വന്നിട്ടില്ലാത്ത സ്ഥിതിക്ക് തങ്ങൾ ടെൻഷനില്ലാതെ സ്പോർട്സ് കഫെകളിൽ കളി ആസ്വദിക്കുന്നു എന്നാണ് ലിബിയക്കാർ പറഞ്ഞത്. ജീവിതം ദുസ്സഹമാക്കിയ യുദ്ധം കൊണ്ട് ഇത്രയും കാലത്തിനിടെ തങ്ങൾക്കുണ്ടായ ഒരേയൊരു ഉപകാരം എന്ന് ലിബിയയിലെ ചെറുപ്പക്കാർ ഇതിനെ കരുതുന്നു. 

എന്നാൽ, ഇതുവരെ  കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നുവെച്ച് ഈ പകർച്ച വ്യാധിയെ ലാഘവത്തോടെ കാണാൻ ലിബിയൻ ഗവൺമെന്റ് തയ്യാറല്ല. അതിർത്തികൾ കേന്ദ്രീകരിച്ചും, രാജ്യത്തിനുള്ളിലും പരിശോധനകൾ സജീവമാകുകയാണ് ലിബിയൻ ആരോഗ്യവകുപ്പ്. 

click me!