Sri Lanka: പെട്രോളിന് മണിക്കൂറുകളുടെ ക്യൂ, ലങ്കയില്‍ ഓട്ടോ ഡ്രൈവറടക്കം രണ്ട് വൃദ്ധര്‍ കുഴഞ്ഞുവീണു മരിച്ചു

Web Desk   | Asianet News
Published : Mar 21, 2022, 06:27 PM ISTUpdated : Mar 22, 2022, 11:45 AM IST
Sri Lanka: പെട്രോളിന് മണിക്കൂറുകളുടെ ക്യൂ,  ലങ്കയില്‍ ഓട്ടോ  ഡ്രൈവറടക്കം രണ്ട് വൃദ്ധര്‍ കുഴഞ്ഞുവീണു മരിച്ചു

Synopsis

പെട്രോളും മണ്ണെണ്ണയും അടക്കം ഇന്ധനം കിട്ടാതായതോടെ പമ്പുകള്‍ക്കു മുന്നില്‍ മണിക്കൂറുകള്‍ നീളുന്ന വമ്പന്‍ ക്യൂവാണ് രൂപപ്പെട്ടത്. അതിനിടയിലാണ്, തന്റെ ഓട്ടോറിക്ഷയിലേക്ക് അല്‍പ്പം പെേട്രാള്‍ വാങ്ങാന്‍ എത്തിയ വൃദ്ധന്‍ മരിച്ചത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നട്ടംതിരിയുന്ന ശ്രീലങ്കയില്‍നിന്നും കരളലിയിക്കുന്ന ഒരു വാര്‍ത്ത കൂടി. വണ്ടിയോടിക്കാന്‍ ഒരിറ്റ് ഇന്ധനവും ഇല്ലാത്തതിനെ തുടര്‍ന്ന് മണിക്കൂറുകളോളം പെട്രോള്‍ പമ്പില്‍ ക്യൂനിന്ന രണ്ട് വൃദ്ധര്‍ കുഴഞ്ഞുവീണു മരിച്ചു. 70 വയസ്സ് പ്രായമുള്ള ഒരു ഓട്ടോ ഡ്രൈവറും 72 വയസ്സിലേറെയുള്ള മറ്റൊരു ടാക്‌സി ഡ്രൈവറുമാണ് മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍നിന്ന് കുഴഞ്ഞുവീണ് മരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ രണ്ട് ഭാഗങ്ങളിലായാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. 

പെട്രോളും മണ്ണെണ്ണയും അടക്കം ഇന്ധനം കിട്ടാതായതോടെ പമ്പുകള്‍ക്കു മുന്നില്‍ മണിക്കൂറുകള്‍ നീളുന്ന വമ്പന്‍ ക്യൂവാണ് രൂപപ്പെട്ടത്. അതിനിടയിലാണ്, തന്റെ ഓട്ടോറിക്ഷയിലേക്ക് അല്‍പ്പം പെേട്രാള്‍ വാങ്ങാന്‍ എത്തിയ വൃദ്ധന്‍ മരിച്ചത്. ഇദ്ദേഹത്തിന് പ്രമേഹവും ഹൃേദ്രാഗവും ഉണ്ടായിരുന്നതായി പൊലീസ് വക്താവ് നളിന്‍ താല്‍ദുവയാണ് അറിയിച്ചത്. നാലു മണിക്കൂറിലേറെ ക്യൂവില്‍ നിന്നതിനെ തുടര്‍ന്നാണ് ഈ എഴുപതുകാരന്‍ കുഴഞ്ഞുവീണ് മരിച്ചത്. സമാനമായ സാഹചര്യത്തിലാണ് മറ്റൊരു 72-കാരനും മരിച്ചതെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

പെട്രോളിനും ഡീസലിനും നാല്‍പ്പത് ശതമാനം വില കൂടിയതോടെയാണ്  ഇന്ധനക്ഷാമം രൂക്ഷമായത്. മണിക്കൂറുകളോളം കാത്തുകെട്ടിക്കിടക്കണം ഇപ്പോള്‍ പെട്രോളും ഡീസലും കിട്ടാന്‍. ഇന്ധന വില പല മടങ്ങ് കൂടുകയും ചെയ്തു. വൈദ്യുതിനിലയങ്ങള്‍ പ്രവര്‍ത്തനമൂലധനമില്ലാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്.  ഇതോടെ ദിവസം ഏഴരമണിക്കൂര്‍ പവര്‍കട്ടാണ് ഏര്‍പ്പെടുത്തിയത്. 

പാചക വാതകം വാങ്ങുന്നതിന് പൊരിവെയിലത്ത് സിലിണ്ടറുകളുമായി ക്യൂ നില്‍ക്കുന്ന നിരവധി സ്ത്രീകള്‍ തളര്‍ന്നു വീണ സംഭവങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പാചകവാതകത്തിന്റെ വില കുത്തനെ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കുടുംബങ്ങള്‍ മണ്ണെണ്ണയിലേക്ക് മാറിയിരുന്നു. രാജ്യത്തെ രണ്ടാമത്തെ പാചകവാതക വിതരണക്കാരായ ലോവ്‌സ് ഗ്യാസ് പാചക വാതകത്തിന്റെ വില പല മടങ്ങായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ മണ്ണെണ്ണ സ്റ്റൗ ഉപയോഗിക്കാനാരംഭിച്ചത്. എന്നാല്‍, മണ്ണെണ്ണയും ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥയാണ്. അതിനെ തുടര്‍ന്നാണ്, മണ്ണെണ്ണ വാങ്ങാനുള്ള സ്ത്രീകളുടെ വമ്പന്‍ ക്യൂ രൂപപ്പെട്ടത്. 

ക്രൂഡ് ഓയില്‍ സ്‌റ്റോക്ക് തീര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്തെ ഏക ഇന്ധന റിഫൈനറി ഞായറാഴ്ച പൂട്ടിയതായി പെട്രോളിയം ജനറല്‍ എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്റ് അശോക റാന്‍വാല പറഞ്ഞു. എന്നാല്‍, ഇക്കാര്യം ഇന്ധന മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. 

ജനുവരി മുതല്‍ വിദേശത്തുനിന്നും ഇന്ധനം കയറ്റുമതി ചെയ്യുന്നതിന്  നിയന്ത്രണം നിലനില്‍ക്കുകയാണ്. വിദേശനാണ്യ കരുതല്‍ ധനം ഒറ്റയടിക്ക് ഇടിഞ്ഞതിനെ തുടര്‍ന്നാണ് ഈ അവസ്ഥ ഉണ്ടായത്. ഫെബ്രുവരിയില്‍ ലങ്കയിലെ നാണയപ്പെരുപ്പം 15.1 ശതമാനമായിരുന്നു. ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതോടെ ഭക്ഷ്യ വസ്തുക്കളുടെ വില 25.7 ശതമാനമായി ഉയര്‍ന്നു. ഈ മാസമായപ്പോള്‍ കാര്യങ്ങള്‍ പിന്നെയും വഷളായി. 

പെട്രോളിനും ഡീസലിനും നാല്‍പ്പത് ശതമാനം വില കൂടി. ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായി. മണിക്കൂറുകളോളം കാത്തുകെട്ടിക്കിടക്കണം ഇപ്പോള്‍ പെട്രോളും ഡീസലും കിട്ടാന്‍. അതില്‍ തന്നെ ലിറ്ററിന് 283 ശ്രീലങ്കന്‍ രൂപയാണ് പെട്രോളിന്. ഡീസല്‍ ലിറ്ററിന് 176 ശ്രീലങ്കന്‍ രൂപ. രാജ്യത്തെ ഗതാഗതസംവിധാനം തന്നെ താറുമാറായ അവസ്ഥയാണ്. വൈദ്യുതിനിലയങ്ങള്‍ പ്രവര്‍ത്തനമൂലധനമില്ലാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ ദിവസം ഏഴരമണിക്കൂര്‍ പവര്‍കട്ടാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ചരിത്രത്തിലിതുവരെ സംഭവിക്കാത്ത വിധത്തിലുള്ള സാമ്പത്തികപ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് ശ്രീലങ്കന്‍ സാമ്പത്തികമേഖല. വിദേശനാണയം തീര്‍ന്ന് രാജ്യം പ്രതിസന്ധിയിലായതോടെ അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നിവൃത്തിയില്ലാതെയായി. ഇപ്പോള്‍ അന്താരാഷ്ട്ര നാണ്യനിധിയുടെയും ഇന്ത്യയുടെയുമെല്ലാം സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. ഐഎംഎഫില്‍ നിന്ന് വായ്പ സംഘടിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. ഒരു ബില്യണ്‍ ഡോളര്‍ കടമായി ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ധനമന്ത്രി ബേസില്‍ രാജപക്‌സ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. ഈ വര്‍ഷം ഇത് വരെ 140 കോടി ഡോളര്‍ സഹായമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയത്. 

അതിനിടെ, കൊളംബോയില്‍ രാജപക്‌സയ്ക്ക് എതിരെ കടുത്ത പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. രാജപക്‌സ ഉടനടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് പേരാണ് തെരുവിലിറങ്ങിയത്. പ്രതിപക്ഷപാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയാണ്. 

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗമായ ടൂറിസം മേഖല തകര്‍ന്നടിഞ്ഞതിതോടെയാണ് ലങ്കയില്‍ വിദേശനാണ്യ കമ്മി രൂക്ഷമായത്. കഴിഞ്ഞ കുറച്ചുകാലമായി ശ്രീലങ്കയില്‍ കയറ്റുമതിയും ഇറക്കുമതിയും തമ്മില്‍ കൃത്യമായ അനുപാതം നിലനിന്നിരുന്നില്ല. കയറ്റുമതി കുറഞ്ഞുവരികയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണ്യം ആ വഴിക്ക് ചെലവായിത്തുടങ്ങി. കയറ്റുമതി വഴി വിദേശനാണ്യം കിട്ടുന്നത് കുറയുകയും ചെയ്തു. നിലവില്‍ ശ്രീലങ്കയിലെ വിദേശനാണ്യശേഖരം ഏതാണ്ട് തീര്‍ന്ന അവസ്ഥയിലാണ്. മാത്രമല്ല, ഏഴ് ബില്യന്‍ ഡോളറോളും വിദേശകടവുമുണ്ട്. 
 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ