അനക്കമില്ലാതെ കിടക്കുന്ന അമ്മ, ആർപിഎഫ് ജവാന്മാരോട് സഹായം തേടി വെറും രണ്ട് വയസുള്ള കുട്ടി...

By Web TeamFirst Published Jul 5, 2021, 3:51 PM IST
Highlights

അവർ അതിവേഗം ആംബുലൻസ് സംഘടിപ്പിക്കുകയും യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അമ്മയ്ക്ക് ഇപ്പോഴും ബോധം തെളിഞ്ഞിട്ടില്ല. 

രണ്ട് വയസുള്ള ഒരു കുട്ടിയ്ക്ക് എന്തൊക്കെ ചെയ്യാനാവും? പിച്ച വെച്ച് നടക്കാം, കളിക്കാം, വിശക്കുമ്പോൾ കരയാം, ഭക്ഷണം കഴിക്കാം അത്ര തന്നെ അല്ലെ? എന്നാൽ, ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രണ്ട് വയസുള്ള ഒരു പിഞ്ചുകുഞ്ഞ് അമ്മ ബോധംകെട്ട് വീണപ്പോൾ തനിയെ നടന്ന്  ആർ‌പി‌എഫ് ജവാന്മാരുടെ അടുക്കൽ പോയി സഹായം തേടിയത് ഇപ്പോൾ വലിയ വാർത്തയാവുകയാണ്.  

മൊറാദാബാദ് റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. അന്ന് റെയിൽ‌വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ അമ്മ അനക്കമറ്റ് കിടക്കുന്നതായി അവൾ കണ്ടു. അമ്മക്കൊപ്പം ആറുമാസം പ്രായമുള്ള കുഞ്ഞ് സഹോദരനുമുണ്ടായിരുന്നു. സ്വാഭാവികമായും സംസാരിക്കാനോ നേരെ നടക്കാനോ പോലും കഴിയാത്ത ആ പ്രായത്തിലുള്ള ഒരു കുട്ടി തനിച്ച് എന്ത് ചെയ്യും? അമ്മയെ കുറെ വിളിച്ച് ഒടുവിൽ മറുപടി കിട്ടാതാകുമ്പോൾ നിസ്സഹായായി അവിടെ ഇരുന്ന് കരയും, അല്ലെ? എന്നാൽ ഈ രണ്ടു വയസ്സുകാരി അതൊന്നുമല്ല ചെയ്തത്. സഹായത്തിനായി ചുറ്റിലും തിരയുകയാണ് ആദ്യം അവൾ ചെയ്തത്. മറ്റൊരു റെയിൽ‌വേ പ്ലാറ്റ്‌ഫോമിലേക്ക് നടന്ന അവൾ ആർ‌പി‌എഫ് ജവാന്മാരെ കണ്ടു. അവരോട് എന്തോ പറയാൻ അവൾ ശ്രമിച്ചു. എന്നാൽ അവർക്ക് ഒന്നും വ്യക്തമായില്ല. എങ്കിലും എന്തോ കുഴപ്പമുണ്ടെന്ന് അവർക്ക് മനസ്സിലായി. അവൾ അമ്മ കിടക്കുന്ന സ്ഥലത്തേയ്ക്ക് നടന്നു. അവരും അവൾക്കൊപ്പം പോയി. അവിടെ ചെന്നപ്പോഴാണ് അമ്മയും സഹോദരനും അബോധാവസ്ഥയിൽ കിടക്കുന്നത് അവർ കണ്ടത്.  

അവർ അതിവേഗം ആംബുലൻസ് സംഘടിപ്പിക്കുകയും യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അമ്മയ്ക്ക് ഇപ്പോഴും ബോധം തെളിഞ്ഞിട്ടില്ല. അമ്മയ്ക്ക് ബോധം തെളിയാതെ ഒന്നും പറയാൻ സാധിക്കില്ല എന്നാണ് അവരെ ചികിത്സിക്കുന്ന ഡോക്ടർ പറയുന്നത്. ആർ‌പി‌എഫ് ജവാൻ‌മാർ‌ പിന്നീട് സംഭവം മുഴുവൻ വിവരിക്കുകയും, ആ ചെറിയ പെൺകുട്ടിയെക്കുറിച്ച് സംസാരിക്കുകയും ചെയ്‌തു. അവൾ വല്ലാതെ ഭയന്നിരുന്നെന്നും അവരോട് എന്തോ പറയാൻ പാടുപെടുകയായിരുന്നുവെന്നും അവർ പറഞ്ഞു.  തുടർന്ന് അവൾ എതിർ പ്ലാറ്റ്ഫോമിലേയ്ക്ക് ചൂണ്ടി കാണിക്കുകയും, പൊലീസ് കോൺസ്റ്റബിൾമാരിൽ ഒരാളുടെ കൈ പിടിക്കുകയും ചെയ്തു. തുടർന്ന് ടീം അവൾക്കൊപ്പം അമ്മയുടെ അടുത്തെത്തി. ഒരു കൊച്ചു കുട്ടിയായിരുന്നിട്ട് പോലും അവൾ കാണിച്ച ധൈര്യവും, ബുദ്ധിയും അവഗണിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.  

click me!