
ഊബർ, ഓല പോലെയുള്ള ടാക്സിയിലെ ഡ്രൈവർമാർ മോശമായി പെരുമാറിയതിന്റെ അനേകം അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈയിൽ തർക്കത്തിന് പിന്നാലെ ഊബർ ഡ്രൈവർ, ആപ്പ് വഴി അധിക്ഷേപ സന്ദേശമയച്ചതായിട്ടാണ് യാത്രക്കാരിയുടെ പോസ്റ്റ്. കനത്ത മഴയുള്ള സമയത്ത് തന്റെ അമ്മയ്ക്കായി ഊബർ ബ്ലാക്ക് റൈഡ് ബുക്ക് ചെയ്തപ്പോഴാണ് ഈ ദുരനുഭവമുണ്ടായതെന്ന് അങ്കിത പഥക് എന്ന യുവതി ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നു. സുരക്ഷയും വിശ്വാസ്യതയും മുൻനിർത്തിയാണ് താൻ ഊബർ ബ്ലാക്ക് തിരഞ്ഞെടുത്തതെന്നും അവർ വ്യക്തമാക്കി.
ജൂൺ 24 -നാണ് സംഭവം. ബുക്കിംഗ് കൺഫേം ചെയ്ത ശേഷം ഡ്രൈവർ അങ്ങോട്ട് വരാതെ എതിർദിശയിലേക്ക് വണ്ടി ഓടിച്ചുപോയി. ഫോൺ വിളിച്ചപ്പോൾ പ്രതികരിച്ചതുമില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ 'എന്ത് വേണമെങ്കിലും ചെയ്തോളൂ', 'എന്നെ വിട്ടേക്കൂ, എനിക്ക് ഒരു കുഴപ്പവുമില്ല' എന്ന രീതിയിലായിരുന്നു ഡ്രൈവറുടെ മറുപടി. ഇതിന് പിന്നാലെ ഊബർ ആപ്പിൽ തന്നെ ഡ്രൈവർ അധിക്ഷേപകരമായ സന്ദേശം അയച്ചതായി അങ്കിത ആരോപിക്കുന്നു.
സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകിയിട്ടും 48 മണിക്കൂറോളം ഊബറിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും അങ്കിത പറയുന്നു. ഇത്തരം ഗുരുതരമായ പരാതികൾ അവഗണിക്കപ്പെടുകയാണെന്നും, സ്വന്തം ആപ്പിലൂടെ ഇത്തരം സന്ദേശങ്ങൾ അയക്കാൻ അനുവദിച്ചിട്ട് പ്ലാറ്റ്ഫോം മൗനം പാലിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ കമ്പനി ബന്ധപ്പെട്ടതായി അങ്കിത പിന്നീട് കമന്റിലൂടെ അറിയിച്ചു. ഡ്രൈവറെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തതായി ഊബർ സ്ഥിരീകരിച്ചിട്ടുണ്ട്.
'പിന്തുണച്ചവർക്കും പോസ്റ്റ് പങ്കുവെച്ചവർക്കും നന്ദി. പരസ്യമായി എഴുതാൻ മടിയുണ്ടായിരുന്നുവെങ്കിലും മറ്റ് വഴികളില്ലായിരുന്നു' എന്നും അങ്കിത കുറിച്ചു. എങ്കിലും പരാതി നൽകിയപ്പോഴല്ല മറിച്ച് പോസ്റ്റിട്ടപ്പോഴാണ് നടപടിയുണ്ടായതെന്ന കാര്യത്തിലെ നിരാശയും അവർ പങ്കുവച്ചു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സമാനമായ അനുഭവം പങ്കുവച്ചുതന്നെ ഒരുപാടുപേർ കമന്റ് നല്‌കി.