ആ കൊല സ്‌നേഹം കൊണ്ട്, ഭാര്യയെ കഴുത്തറുത്ത് കൊന്ന വൃദ്ധനെ വെറുതെ വിട്ടു!

Published : Jul 22, 2022, 07:23 PM IST
ആ കൊല സ്‌നേഹം കൊണ്ട്, ഭാര്യയെ കഴുത്തറുത്ത് കൊന്ന വൃദ്ധനെ വെറുതെ വിട്ടു!

Synopsis

 ''തന്നെ ഒന്ന് കൊന്ന് തരൂ'' എന്ന് ഭാര്യ അപേക്ഷിച്ചപ്പോഴാണ്, ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടു കൂടി, ഭാര്യയെ കഴുത്തറുത്ത് കൊന്നതെന്ന് മാന്‍സ്ഫീല്‍ഡ് പറഞ്ഞു. 

ഭാര്യയെ കഴുത്തറുത്ത് കൊന്ന വൃദ്ധനെ കോടതി വെറുതെ വിട്ടു. കാന്‍സര്‍ ബാധിതയായ ഭാര്യയെയാണ്  73 കാരനായ ഗ്രഹാം മാന്‍സ്ഫീല്‍ഡ് വധിച്ചത്. 'സ്‌നേഹം കൊണ്ടാണ് മാന്‍സ്ഫീല്‍ഡ് ഈ കടുംകൈ ചെയ്തതെ'ന്ന് നിരീക്ഷിച്ചാണ് കോടതി ഇയാളെ വെറുതെവിട്ടത്. കാന്‍സര്‍ ബാധിച്ച് വേദന കൊണ്ട് നിലവിളിക്കുന്ന ഭാര്യയെ സഹായിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നാണ് മാന്‍സ്ഫീല്‍ഡ് കോടതിയില്‍ പറഞ്ഞത്. 

യുകെയിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലാണ് സംഭവം. ''നമ്മളെ സ്‌നേഹിക്കുന്നവര്‍ വേദനിക്കുന്നത് കണ്ട് നില്‍ക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കാന്‍സര്‍ ബാധിതയായ ഭാര്യ വേദന കൊണ്ട് നിലവിളിക്കുന്നത് നിസ്സഹായതയോാടെ നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. ''-മാന്‍സ്ഫീല്‍ഡ് പറഞ്ഞു. 

ഭാര്യയുടെ രോഗം മൂര്‍ച്ഛിച്ചുവെന്നും, ഇനി മരണവും മാത്രമേ അവളുടെ മുന്നിലുള്ളുവെന്നും തനിക്ക് അറിയാമായിരുന്നുവെന്ന് മാന്‍സ്ഫീല്‍ഡ്  പറഞ്ഞു. പല രാജ്യങ്ങളിലും ദയാവധം അനുവദനീയമാണെങ്കിലും, യുകെയില്‍ അത് അനുവദനീയമല്ല. ''തന്നെ ഒന്ന് കൊന്ന് തരൂ'' എന്ന് ഭാര്യ അപേക്ഷിച്ചപ്പോഴാണ്, ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടു കൂടി, ഭാര്യയെ കഴുത്തറുത്ത് കൊന്നതെന്ന് മാന്‍സ്ഫീല്‍ഡ് പറഞ്ഞു. 

 

 

ഭാര്യയെ വധിച്ചശേഷം തുടര്‍ന്ന് മാന്‍സ്ഫീല്‍ഡ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് നരഹത്യയ്ക്ക് കേസും എടുത്തു. എന്നാല്‍ ഇപ്പോള്‍ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കൊലപാതകത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടിരിക്കയാണ്. പത്ത് പുരുഷന്മാരും രണ്ട് സ്ത്രീകളുമടങ്ങുന്ന ജൂറി 90 മിനിറ്റ് നേരം ചര്‍ച്ച ചെയ്താണ് ഈ തീരുമാനം കൈക്കൊണ്ടത്.  സ്‌നേഹം കൊണ്ടാണ് അദ്ദേഹം ഇത് ചെയ്തതെന്ന് വിലയിരുത്തിയാണ് ജഡ്ജി ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. 

മാന്‍സ്ഫീല്‍ഡിന്റെ ഭാര്യ ഡയാന്‍ മാന്‍സ്ഫീല്‍ഡിന് മരിക്കുമ്പോള്‍ പ്രായം 71 ആയിരുന്നു. ഡയാനയുടെ മൂത്രാശയ അര്‍ബുദം ശ്വാസകോശങ്ങളിലേക്കും ലിംഫ് നോഡുകളിലേക്കും വ്യാപിച്ചിരുന്നു. ഇനി ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. കൂടിയാല്‍ മൂന്നോ നാലോ ആഴ്ച മാത്രമേ ജീവിച്ചിരിക്കൂ എന്നും അവര്‍ വിലയിരുത്തി. 

മൃതപ്രാണയായി മരണം കാത്ത് കിടക്കുമ്പോഴും വേദന സഹിക്കാന്‍ കഴിയാതെ ഭാര്യ ഉറക്കെ നിലവിളിച്ചു കൊണ്ടിരുന്നതായി മാന്‍സ്ഫീല്‍ഡ് പറഞ്ഞു. 'എനിക്ക് ഇത് സഹിക്കാന്‍ കഴിയുന്നില്ല. എന്നെ ഒന്ന് കൊന്ന് തരുമോ എന്നാണ് അവള്‍ ചോദിച്ചു കൊണ്ടിരുന്നത്. ഏറ്റവും വേദനിപ്പിക്കുന്ന വാക്കുകളായിരുന്നു അത്'-അദ്ദേഹം കോടതിയില്‍ പറഞ്ഞു. 

തന്റെ മുന്നില്‍ രണ്ട് വഴികളായിരുന്നു ഉണ്ടായിരുന്നതെന്നും അയാള്‍ പറഞ്ഞു. ''ഒന്ന് ഇഞ്ചിഞ്ചായി അവള്‍ മരിക്കുന്നത് കൈയും കെട്ടി നോക്കി നില്‍ക്കുക, ഇല്ലെങ്കില്‍ സ്വയം അവളെ ആ വേദനയില്‍ നിന്ന് മോചിപ്പിക്കുക. ഒരു മനുഷ്യജീവന്‍ എടുക്കാന്‍ ആര്‍ക്കും അധികാരമില്ല എന്നത് വ്യക്തമായി അറിയാമായിരുന്നു. എന്നാല്‍ ഭാര്യയെ വേദനയ്ക്ക് വിട്ടു കൊടുക്കാന്‍ മനസ്സ് വന്നില്ല.''    

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24 ന് രാവിലെയായിരുന്നു സംഭവം. ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് മാന്‍സ്ഫീല്‍ഡ് പൊലീസില്‍ വിളിച്ച് താന്‍ ഭാര്യയെ കൊന്നുവെന്ന് പൊലീസിനോട് ഏറ്റു പറഞ്ഞു. പൊലീസ് എത്തുമ്പോള്‍ ഗ്രഹാം രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ഭാര്യയുടെ മൃതദേഹം പൂന്തോട്ടത്തില്‍ ഒരു കസേരയില്‍ നിന്ന് കണ്ടെത്തി. മൂന്ന് കത്തികളും ഒരു ചുറ്റികയും ഇവരുടെ ശരീരത്തിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തി. ''ഞങ്ങള്‍ ഞങ്ങളുടെ ജീവന്‍ എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു'' എന്നൊരു കുറിപ്പും അതിനൊപ്പം ഉണ്ടായിരുന്നു. 

ഈ മ്പതികള്‍ക്ക് കുട്ടികളില്ലായിരുന്നു. അവര്‍ വിവാഹിതരായിട്ട് 40 വര്‍ഷമായി. ഭാര്യയില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് മാന്‍സ്ഫീല്‍ഡ് കോടതിയെ അറിയിച്ചു. ''അവള്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു. അവളോടൊപ്പം ജീവിച്ച് എനിക്ക് മതിയായില്ല'' അദ്ദേഹം നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ