Ukraine pregnant woman : ആ അമ്മയും കുഞ്ഞും മരിച്ചു, റഷ്യയുടെ കള്ളവും! ലോകത്തിന്റെ വേദനയായി ചിത്രം

Published : Mar 15, 2022, 12:25 PM IST
Ukraine pregnant woman : ആ അമ്മയും കുഞ്ഞും മരിച്ചു, റഷ്യയുടെ കള്ളവും! ലോകത്തിന്റെ വേദനയായി ചിത്രം

Synopsis

അതേസമയം, ആശുപത്രിയിലെ ബോംബ് സ്‌ഫോടനത്തിന് ശേഷം, ആക്രമണം വ്യാജമാണെന്ന് അവകാശപ്പെടുന്ന ലണ്ടനിലെ റഷ്യൻ എംബസിയുടെ രണ്ട് പോസ്റ്റുകൾ ട്വിറ്റർ നീക്കം ചെയ്തു.

ദിവസങ്ങൾക്ക് മുൻപാണ് ഉക്രൈനി(Ukraine)ലെ അമ്മമാർക്കും കുട്ടികൾക്കുമുള്ള മെറ്റേണിറ്റി ആശുപത്രി റഷ്യൻ ബോംബ് സ്‌ഫോടനത്തിൽ തകർന്നത്. അതിൽ ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും ചുരുങ്ങിയത് 17 പേർക്കെങ്കിലും പരിക്കേൽക്കുകയും ചെയ്തിരുന്നു. റഷ്യയുടെ നീചമായ പ്രവൃത്തിയെന്നാണ് ഉക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി ഇതിനെ വിശേഷിപ്പിച്ചത്. ഇപ്പോൾ ആക്രമണത്തിൽ പരിക്കേറ്റിരുന്ന ഗർഭിണിയായ സ്ത്രീ(Pregnant woman)യും അവരുടെ കുഞ്ഞും(baby) മരിച്ചുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ബുധനാഴ്ച മരിയുപോളിൽ നടന്ന വ്യോമാക്രമണത്തെത്തുടർന്ന് അവൾ സ്‌ട്രെച്ചറിൽ കിടക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രസവിക്കാനിരുന്ന സ്ഥലം ആക്രമിക്കപ്പെട്ടതിനെ തുടർന്ന് അവളെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സിസേറിയനിലൂടെയാണ് അവളുടെ കുഞ്ഞിനെ പുറത്തെടുത്തത്. പക്ഷേ, കുഞ്ഞിന് ജീവനില്ലായിരുന്നു. ആക്രമണത്തിൽ സ്ത്രീയുടെ പെൽവിസ് ചതഞ്ഞതായും ഇടുപ്പ് വേർപെട്ടതായും ശസ്ത്രക്രിയാ വിദഗ്ധൻ തിമൂർ മാരിൻ അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയോട് പറഞ്ഞു. തന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ, തന്റെ കുഞ്ഞിന്റെ ജീവൻ ഇല്ലാതാവുകയാണെന്ന് മനസ്സിലാക്കിയ അവൾ, "എന്നെ ഇപ്പോൾ തന്നെ  കൊല്ലൂ!" എന്ന് ആക്രോശിച്ചതായി ഡോക്ടർമാർ പറഞ്ഞു.

കുഞ്ഞ് മരിച്ചുവെന്ന് സ്ഥിരീകരിച്ച ശേഷം, ഡോക്ടമാർ അമ്മയെ രക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ, നീണ്ട 30 മിനിറ്റിനുശേഷം അതും വിഫലമായി എന്നവർ തിരിച്ചറിഞ്ഞു. കുഞ്ഞിനെയും അമ്മയെയും അവർക്ക് രക്ഷിക്കാനായില്ല. യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ഭർത്താവും പിതാവും എത്തി. യുവതിയുടെ പേര് വെളിപ്പെടുത്താൻ ഡോക്ടർമാർ വിസമ്മതിച്ചു.

അതേസമയം, ആശുപത്രിയിലെ ബോംബ് സ്‌ഫോടനത്തിന് ശേഷം, ആക്രമണം വ്യാജമാണെന്ന് അവകാശപ്പെടുന്ന ലണ്ടനിലെ റഷ്യൻ എംബസിയുടെ രണ്ട് പോസ്റ്റുകൾ ട്വിറ്റർ നീക്കം ചെയ്തു. ആ സമയത്ത് ആശുപത്രി പ്രവർത്തനക്ഷമമല്ലായിരുന്നുവെന്നും, സംഭവസ്ഥലത്ത് ചിത്രീകരിച്ചിരിക്കുന്ന പരിക്കേറ്റ സ്ത്രീകൾ അഭിനേതാക്കളായിരുന്നുവെന്നുമൊക്കെയുള്ള എംബസിയുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണ് പൊളിഞ്ഞത്. ബോംബാക്രമണത്തിന്റെ പിറ്റേന്ന് ആശുപത്രിയുടെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന മറ്റൊരു ഗർഭിണിയായ സ്ത്രീയെയും എംബസി അപകീർത്തിപ്പെടുത്തി.

രക്തം പുരണ്ട മുഖവുമായി ഗർഭിണിയായ മരിയാന വിഷേഗിർസ്‌കയ അവശിഷ്ടങ്ങൾക്കിടയിൽ പടികൾ ഇറങ്ങുന്ന ചിത്രം വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. എന്നാൽ, അവൾ യഥാർത്ഥത്തിൽ ഗർഭിണിയല്ലെന്ന വാദങ്ങളായിരുന്നു റഷ്യൻ മാധ്യമങ്ങൾ ഉന്നയിച്ചത്. ഒടുവിൽ ബിബിസിയുടെ ഫാക്ട് ചെക്ക് സംഘം ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തി. റഷ്യൻ ആക്രമണത്തിൽ തകർന്നടിഞ്ഞ പ്രസവാശുപത്രിയുടെ  അവശിഷ്ടങ്ങളിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജൻമം നൽകി. യുഎന്നിലെ യുക്രൈൻ അംബാസഡറാണ് ഈ യുവതി പ്രസവിച്ചതായി അറിയിച്ചത്. അതോടൊപ്പം, കുഞ്ഞിനൊപ്പമുള്ള ഇവരുടെ പടവും ഉക്രൈൻ അംബാസഡർ പുറത്തുവിട്ടു. അതോടെ റഷ്യൻ മാധ്യമങ്ങളും, സൈബർ കൂട്ടങ്ങളും പറഞ്ഞുണ്ടാക്കിയ പച്ചനുണ പൊളിയുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യ ഇഷ്ടമല്ലാത്തതു കൊണ്ടല്ല, കോടികളുണ്ടെങ്കിലും മടങ്ങി വരാത്തത്; ചർച്ചയായി കുറിപ്പ്
സ്വന്തം പേരുപോലും ആ 13 -കാരി പറഞ്ഞില്ല, ഒന്നിനും കാത്തുനിന്നില്ല, തണുത്തുറഞ്ഞ തടാകത്തിൽ വീണ 4 വയസുകാരനെ രക്ഷിക്കാനിറങ്ങി പെണ്‍കുട്ടി