
വളരെ പ്രശസ്തമാണ് ലണ്ടനിലെ ഹൈഡ് പാർക്കിലെ ലെൻസ്ബറോ(Lanesborough hotel) ഹോട്ടൽ. ഈ ആഡംബര പഞ്ചനക്ഷത്ര ഹോട്ടൽ ഒറ്റനോട്ടത്തിൽ ഒരു കൊട്ടാരമാണെന്ന് തോന്നും. അത്രയ്ക്ക് മനോഹരവും ഗംഭീരവുമാണ് അതിനകം. ഹോട്ടലിൽ ഒരു ദിവസം മുറിയെടുക്കാൻ 26 ലക്ഷം രൂപയാണ് എന്ന് പറയുമ്പോൾ തന്നെ അതിന്റെ പ്രൗഢി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ, ആ ഹോട്ടലിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
ബക്കിങ്ഹാം കൊട്ടാര(Buckingham Palace)ത്തിലെന്നപോലെ ഇവിടെയും ഒരു രാജ്ഞിയുണ്ട്. ഹോട്ടലിലെ ആളുകളും, അവിടെ വരുന്ന അതിഥികളും 'ദി ലേഡി ഓഫ് ദി ലെൻസ്ബറോ' എന്നാണ് ആ രാജ്ഞിയെ വിളിക്കുന്നത്. എന്നാൽ, രാജ്ഞി ഒരു മനുഷ്യനല്ല, പകരം ഒരു പൂച്ചയാണ്. ഒരു രാജ്ഞിയ്ക്ക് തുല്യമായ അവളുടെ ജീവിതം കണ്ട് ആളുകൾ ആശ്ചര്യപ്പെടുന്നു. കൂടാതെ പലരും അവളെ ലോകത്തിലെ ഏറ്റവും സമ്പന്നമായ പൂച്ചയായി കണക്കാക്കുന്നു.
ഹോട്ടലിലെ അവളുടെ ആഡംബര ജീവിതം അടുത്തിടെ വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അവളുടെ പേരിൽ പോലുമുണ്ട് ആ പ്രത്യേകത. കുട്ടിക്കാലത്ത്, എലിസബത്ത് രാജ്ഞിയുടെ പേര് ലിലിബെറ്റ്(Lilibet) എന്നായിരുന്നു. ഇപ്പോൾ പൂച്ചയ്ക്കും അതേ പേരാണ് നല്കിയിരിക്കുന്നത്. ഈ മാസം അവൾക്ക് 3 വയസ്സ് തികയും. നീണ്ട രോമങ്ങളുള്ള സൈബീരിയൻ പൂച്ചയായ ലിലിബെറ്റ് ജൂണിലാണ് ലെൻസ്ബറോയിൽ എത്തിയത്. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ അവൾ എല്ലാവരുടെയും പ്രിയപ്പെട്ടവളായി മാറി. ആളുകൾ അതിനെ വളരെയധികം സ്നേഹിക്കാൻ തുടങ്ങി.
ഹോട്ടലിൽ എവിടെയും പോകാൻ പൂച്ചയ്ക്ക് സ്വാതന്ത്ര്യമുണ്ട്. ഹോട്ടലിൽ അവൾ അതിഥികൾക്കിടയിൽ സുഖമായി ചുറ്റി സഞ്ചരിക്കുന്നു. അതേസമയം, ചില അതിഥികളുടെ എതിർപ്പുകളെ മാനിച്ച്, പൂച്ചയെ ഹോട്ടലിലെ പ്രധാന ഭക്ഷണശാലയിലേക്ക് പോകുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഹോട്ടലിൽ പൂച്ചയെ കാണാൻ മാത്രമായി വരുന്ന അതിഥികളും കുറവല്ല. വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നവർക്ക് ഇത് വളരെ അനുയോജ്യമായ ഒരിടമാണ്. അവിടെ വരുന്ന അതിഥികൾക്കൊപ്പമുള്ള മൃഗങ്ങളുമായും അവൾ നന്നായി ഇണങ്ങുന്നു, ഒന്നൊഴിച്ച്. ഫ്രഞ്ച് ബുൾഡോഗ് ഇനത്തിൽ പെട്ട നായ്കളെ അവൾക്ക് ഇഷ്ടമല്ല.
"ഞങ്ങളുടെ എല്ലാ അതിഥികളെയും ലിലിബെറ്റ് സ്വാഗതം ചെയ്യുന്നു. അതിഥികൾക്കൊപ്പം മിക്കവാറും വളർത്തുമൃഗങ്ങളും കാണും. എന്നാൽ, അതിൽ അവൾക്ക് ഒരു പ്രശ്നവുമില്ല. എന്നാൽ, അവൾക്ക് താൽപ്പര്യമില്ലാത്ത ഒരു ഇനമുണ്ട്, അതാണ് ഫ്രഞ്ച് ബുൾ ഡോഗ്. എന്താണ് കാരണമെന്ന് അറിയില്ല. ഈ ഇനത്തെ കണ്ടാൽ അവൾ വല്ലാതെ അസ്വസ്ഥയാകും" ഹോട്ടലിൽ ജോലി ചെയ്യുന്ന ജോ സ്റ്റീവൻസൺ പറഞ്ഞു. അതുപോലെ അവളുടെ സുരക്ഷയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയും ചെയ്യാൻ ഹോട്ടൽ അധികൃതർ തയ്യാറല്ല. അവൾ എങ്ങും ഓടിപ്പോകാതിരിക്കാനായി ഹോട്ടൽ എപ്പോഴും അവളെ ട്രാക്ക് ചെയ്യുന്നു. ഹോട്ടലിന്റെ ഇൻസ്റ്റാഗ്രാം പേജിൽ അവളുടെ ചിത്രങ്ങളും നിരന്തരം പോസ്റ്റ് ചെയ്യപ്പെടുന്നു.