Ukraine Crisis: അത് നാടകമല്ല, ഗര്‍ഭം തന്നെ, റഷ്യന്‍ നുണ പൊളിച്ചടുക്കി യുക്രൈന്‍ യുവതിയുടെ പ്രസവം!

Web Desk   | Asianet News
Published : Mar 12, 2022, 06:10 PM IST
Ukraine Crisis: അത് നാടകമല്ല, ഗര്‍ഭം തന്നെ, റഷ്യന്‍ നുണ  പൊളിച്ചടുക്കി യുക്രൈന്‍ യുവതിയുടെ പ്രസവം!

Synopsis

Ukraine Crisis:  ആശുപത്രിയുടെ തകര്‍ന്ന അവശിഷ്ടങ്ങളില്‍നിന്നും മുഖത്ത് ചോരയുമായി എഴുന്നേറ്റു വരുന്ന യുവതിയുടെ ചിത്രം ലോകമാകെ വന്‍ പ്രതിഷേധം ഇളക്കിവിട്ടിരുന്നു. 

റഷ്യന്‍ മാധ്യമങ്ങളും  (Russian Media)  സൈബര്‍ കൂട്ടങ്ങളും  (Cyber groups)  പറഞ്ഞുണ്ടാക്കിയ പച്ചനുണ ഒടുവില്‍ പൊളിഞ്ഞു. റഷ്യന്‍ ആക്രമണത്തില്‍ (Russian assault)   തകര്‍ന്നടിഞ്ഞ പ്രസവാശുപത്രിയുടെ (Mariupol Maternity hospita) l  അവശിഷ്ടങ്ങളില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഗര്‍ഭിണിയായ യുവതി (Pregnant woman)  ഒരു കുഞ്ഞിന് ജന്‍മം നല്‍കി. ആശുപത്രിയുടെ തകര്‍ന്ന അവശിഷ്ടങ്ങളില്‍നിന്നും മുഖത്ത് ചോരയുമായി എഴുന്നേറ്റു വരുന്ന യുവതിയുടെ ചിത്രം ലോകമാകെ വന്‍ പ്രതിഷേധം ഇളക്കിവിട്ടിരുന്നു. 

അതിനു പിന്നാലെയാണ്, റഷ്യന്‍ എംബസി അടക്കമുള്ള സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളില്‍നിന്ന് ഇവര്‍ ഗര്‍ഭിണിയല്ല എന്നും നാടക നടിയാണെന്നുമുള്ള വ്യാപക പ്രചാരണം ഉണ്ടായത്. ഇത് തെറ്റാണെന്ന് അധികം വൈകാതെ ബിബിസിയുടെ ഫാക്ട് ചെക്ക് സംഘം തെളിയിച്ചിരുന്നു. അതിനു പിന്നാലെയാണ്, യു എന്നിലെ യുക്രൈന്‍ അംബാസഡര്‍ ഈ യുവതി പ്രസവിച്ചതായി അറിയിച്ചത്. അതോടൊപ്പം, കുഞ്ഞിനൊപ്പമുള്ള ഇവരുടെ പടവും യുക്രൈന്‍ അംബാസഡര്‍ പുറത്തുവിട്ടു. റഷ്യയുടെ ഒരു നുണ കൂടി പൊളിഞ്ഞതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 

 

 

മാരിയാന വിഷേഗിര്‍സ്‌കയ (Mariana Vishegirskaya) എന്ന പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയാണ് റഷ്യന്‍ പ്രചാരണത്തിന് ഇരയായത്. മാരിയുപോള്‍ നഗരത്തിന് എതിരെ റഷ്യ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കിടയിലാണ് ഈ യുവതി വാര്‍ത്തയില്‍ നിറഞ്ഞത്. റഷ്യന്‍ ആക്രമണത്തില്‍ മാരിയുപോളിലെ പ്രസവാശുപത്രി തകര്‍ന്നടിഞ്ഞിരുന്നു. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങളില്‍നിന്നും മറ്റ് ചില സ്ത്രീകള്‍ക്കൊപ്പം പൂര്‍ണ്ണഗര്‍ഭിണിയായ യുവതി ചോരച്ച മുഖവുമായി തളര്‍ന്നവശയായ നിലയില്‍ പുറത്തേക്കു വരുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. എ പി വാര്‍ത്താ ഏജന്‍സി പകര്‍ത്തിയ ഇവരുടെ ചിത്രം അതിവേഗം വൈറലായി. ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ റഷ്യന്‍ ആക്രമണത്തിന്റെ നേര്‍ക്കാഴ്ചയായി ഈ ചിത്രം പ്രത്യക്ഷപ്പെട്ടു. റഷ്യയ്ക്ക് എതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. 

തുടര്‍ന്നാണ് ഇവര്‍ക്കെതിരെ വ്യാപകമായ സോഷ്യല്‍ മീഡിയാ ആക്രമണത്തിന് കളമാരുങ്ങിയത്. റഷ്യന്‍ ഔദ്യോഗിക മാധ്യമങ്ങളും  എംബസി പോലുള്ള നയതന്ത്ര സ്ഥാപനങ്ങളും റഷ്യന്‍ അനുകൂലികളായ സൈബര്‍ സംഘങ്ങളും പ്രചാരണത്തിന് കൊഴുപ്പു കൂട്ടി. മാരിയാന വിഷേഗിര്‍സ്‌കയ ഗര്‍ഭിണിയല്ല എന്നായിരുന്നു പ്രധാന പ്രചാരണം. ഇവര്‍ യുക്രൈനിലെ നാടക നടിയാണെന്നും തെറ്റായ ചിത്രത്തില്‍ അഭിനയിച്ചതാണെന്നും റഷ്യയ്ക്ക് എതിരെ പ്രചാരണം നടത്തുന്നതിന് വാടകക്കെടുത്ത അഭിനേത്രിയാണ് ഇവരെന്നുമാണ് പ്രചാരണമുണ്ടായത്. ബ്രിട്ടനിലെ റഷ്യന്‍ എംബസി അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്നു പോലും ഈ പ്രചാരണം അഴിച്ചുവിട്ടു. 

അതിനു പിന്നാലെ ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ഈ പ്രചാരണത്തിന്റെ വസ്തുത അന്വേഷിച്ചിറങ്ങി. റഷ്യന്‍ പ്രചാരണം പച്ചക്കള്ളമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. യൂ ട്യൂബര്‍ എന്ന നിലയില്‍ പ്രശസ്തയായ ഇവര്‍ ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോകളില്‍ ഇവരുടെ നിറവയറും ഗര്‍ഭകാലാനുഭവങ്ങളും ഉണ്ടായിരുന്നു. അതോടൊപ്പം, ഇവരുമായി ബന്ധപ്പെട്ട ആളുകളും ഇവര്‍ ഗര്‍ഭിണിയാണെന്ന് സാക്ഷ്യപ്പെടുത്തി. അതോടെ, റഷ്യയുടെ സൈബര്‍ പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണമുണ്ടായി. ട്വിറ്റര്‍ ബ്രിട്ടനിലെ റഷ്യന്‍ എംബസിയുടെ ട്വീറ്റ് നീക്കം ചെയ്തു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഔദ്യോഗിക ഹാന്‍ഡിലുകള്‍ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും ട്വിറ്റര്‍ അറിയിച്ചു. 

അതിനിടെയാണ്, ഐക്യരാഷ്ട്രസഭയിലെ യുക്രൈന്‍ പ്രതിനിധി സെര്‍ജി കിസ്‌ലിസ്റ്റിയ മാരിയാന പ്രസവിച്ചതായി അറിയിച്ചത്. റഷ്യന്‍ നുണകള്‍ പൊളിക്കുന്നതിനായി കുഞ്ഞിനൊപ്പം ഇവര്‍ കിടക്കുന്ന ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. പണ്‍കുഞ്ഞാണ് പിറന്നതെന്നും വെറോണിക്ക എന്നാണ് പേരിട്ടത് എന്നും അദ്ദേഹം അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!