Russia Ukraine Crisis : മുട്ടുമടക്കില്ല, മരത്തോക്കുകളുംനാടന്‍ ആയുധങ്ങളുമായി ഉക്രൈന്‍ യുദ്ധത്തിനൊരുങ്ങി

Web Desk   | Asianet News
Published : Feb 01, 2022, 07:50 PM ISTUpdated : Feb 24, 2022, 12:21 PM IST
Russia Ukraine Crisis : മുട്ടുമടക്കില്ല, മരത്തോക്കുകളുംനാടന്‍ ആയുധങ്ങളുമായി ഉക്രൈന്‍ യുദ്ധത്തിനൊരുങ്ങി

Synopsis

ഉക്രൈനിലിപ്പോള്‍ മരംകോച്ചുന്ന മഞ്ഞുകാലമാണ്. അതിനിടെയാണ്, കൊടുംമഞ്ഞില്‍ കിടന്നും ഇരുന്നും മാര്‍ച്ച് ചെയ്തും സാധാരണക്കാരായ ഉക്രൈന്‍ പൗരന്‍മാര്‍ പരിശീലനം നടത്തുന്നത്. ആവശ്യത്തിന് ആയുധങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് ഇവര്‍ മരം കൊണ്ടുണ്ടാക്കിയ തോക്കുകളുമായി പരിശീലനത്തിന് ഒരുങ്ങുന്നത്. 

ഏതു സമയവും റഷ്യന്‍  ആക്രമണമുണ്ടാവുമെന്ന ആശങ്കക്കിടെ ഉക്രൈനിലെ ആയിരക്കണക്കിന് സാധാരണക്കാര്‍ യുദ്ധത്തിനൊരുങ്ങി. മരത്തോക്കുകളുമായാണ് ഉക്രൈന്‍ പൗരന്‍മാര്‍ രാജ്യവ്യാപകമായി ആയുധ പരിശീലനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് സാധാരണക്കാര്‍ക്കുള്ള പരിശീലനം ആരംഭിച്ചത്. ഉക്രൈന്‍ സൈന്യത്തിന്റെ റിസര്‍വ് ബ്രാഞ്ചാണ് ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്‌സ്. രാജ്യത്തെ ആക്രമിച്ച് കീഴടക്കാന്‍ റഷ്യയെ അനുവദിക്കില്ല എന്ന ത്രിജ്ഞയോടെയാണ് 'ൈനിക പരിശീലനം നടക്കുന്നത്. 

ഉക്രൈനിലിപ്പോള്‍ മരംകോച്ചുന്ന മഞ്ഞുകാലമാണ്. അതിനിടെയാണ്, കൊടുംമഞ്ഞില്‍ കിടന്നും ഇരുന്നും മാര്‍ച്ച് ചെയ്തും സാധാരണക്കാരായ ഉക്രൈന്‍ പൗരന്‍മാര്‍ പരിശീലനം നടത്തുന്നത്. ആവശ്യത്തിന് ആയുധങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് ഇവര്‍ മരം കൊണ്ടുണ്ടാക്കിയ തോക്കുകളുമായി പരിശീലനത്തിന് ഒരുങ്ങുന്നത്. കാഴ്ചയ്ക്ക് യന്ത്രത്തോക്കാണെന്നു തോന്നിക്കുന്ന മരത്തോക്കുകള്‍ ഉപയോഗിച്ച് സ്വയം പ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും അധ്യായങ്ങളാണ് പഠിപ്പിക്കുന്നത്. യുദ്ധമുണ്ടായാല്‍ സ്വന്തം ജനതയെ പ്രതിരോധിക്കാനുള്ള പരിശീലനമാണ് ഇതെന്നാണ് ഉക്രൈന്‍ പറയുന്നത്. 

 

 

റിസര്‍വിലുള്ള സൈനികരാണ് ഈ വളണ്ടിയര്‍മാരെ പരിശീലിപ്പിക്കുന്നത്. സ്ത്രീകളും വൃദ്ധരുമടക്കം വളണ്ടിയര്‍മാരായി ആയുധ പരിശീലനത്തിന് സന്നദ്ധരായി ്എത്തിയിട്ടുണ്ട്. ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി സ്വയം പ്രതിരോധ പരിശീലന ക്ലാസുകള്‍ ഉക്രൈനില്‍ തലങ്ങും വിലങ്ങും നടക്കുകയാണ്. 

മാസങ്ങളായി തുടരുന്ന റഷ്യ -  ഉക്രൈന്‍ അസ്വാസ്ഥ്യത്തിനിടെ റഷ്യ, ഉക്രൈനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനിടെയാണ് പുതിയ നീക്കം.  2014-ല്‍ ഉക്രെയ്‌നില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത ഉപദ്വീപായ റോസ്‌തോവ്, ക്രാസ്‌നോദര്‍, ക്രിമിയ എന്നിവിടങ്ങളിലായി റഷ്യ ഏകദേശം 1,00,000 സൈനികരെ വിന്യസിച്ചതായി അമേരിക്ക അടക്കം ആരോപിച്ചിരുന്നു.
 
ആകെ 2,15,000 സൈനികരാണ് ഉക്രൈന്‍ സൈന്യത്തിലുള്ളത്. 2014 മുതല്‍ തുടരുന്ന ഉക്രൈന്‍ - റഷ്യ സംഘര്‍ഷത്തിനിടെ 13,000-ലധികം സൈനികരെ ഉക്രൈന് നഷ്ടപ്പെട്ടു. പഴയ യുഎസ്എസ്ആറില്‍ നിന്ന് പിരിഞ്ഞ് പോയ രാജ്യങ്ങളില്‍ 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ കലാപങ്ങള്‍ നടക്കുകയാണെന്ന് ഉക്രൈന്‍ ആരോപിക്കുന്നു.

'എങ്ങനെ ആയുധങ്ങള്‍ കൈകാര്യം ചെയ്യണം, ഒരു യുദ്ധ അന്തരീക്ഷത്തില്‍ എങ്ങനെ പെരുമാറണം, നഗരങ്ങളെ എങ്ങനെ ആക്രമണത്തില്‍ നിന്നും പ്രതിരോധിക്കാം, എന്നിങ്ങനെയുള്ള അടിസ്ഥാന കാര്യങ്ങളില്‍ തങ്ങള്‍ പരിശീലനം നേടിയതായി 19 കാരനായ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ഡാനില്‍ ലാറിന്‍ എഎഫ്പിയോട് പറഞ്ഞു.

യുദ്ധമുഖത്ത് മരുന്ന് എത്തിക്കുന്നതിലും പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിലും ഓട്ടോമാറ്റിക് റൈഫിളുകള്‍ വിന്യസിക്കാനും വെടിവയ്ക്കാനുമൊക്കെയാണ് പരിശീലനം. വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, ഡോക്ടര്‍മാര്‍, ആര്‍കിടെക്റ്റുകള്‍, തൊഴിലാളികള്‍ എന്നിങ്ങനെ ഉക്രൈനില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് യുദ്ധ പരിശീലനം തേടുന്നത്. 

യുദ്ധ പരിശീലനത്തിനെത്തുന്നവര്‍ക്കെല്ലാം മുഴുവന്‍ ആയുധങ്ങളോ സുരക്ഷാ സംവിധാനങ്ങളോ സൈന്യം വാഗ്ദാനം ചെയ്യുന്നില്ല. പകരം പലര്‍ക്കും സൈനിക യൂണിഫോം മാത്രമാകും ലഭിക്കുക. ഹെല്‍മെറ്റ്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, രാത്രികാല കണ്ണടകള്‍ എന്നിങ്ങനെയുള്ള മറ്റ് യുദ്ധ സാമഗ്രികള്‍ സ്വന്തം കൈയില്‍ നിന്ന് കാശ് മുടക്കി വാങ്ങുകയാണ് പലരും. 

ആക്രമണമുണ്ടായാല്‍ നഗരത്തെ സംരക്ഷിക്കാന്‍ സജ്ജീകരിച്ച കരുതല്‍ സൈന്യത്തിന്റെ ഭാഗമായിരിക്കും ഇവരെന്ന് കമാന്‍ഡര്‍ വാഡിം ഒസിര്‍നി പറയുന്നു. കരുതല്‍ സൈന്യം, ഭരണപരമായതും മറ്റ് പ്രധാനപ്പെട്ടതുമായ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനും ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും നേതൃത്വം നല്‍കുമെന്ന് ഒസിര്‍നി എഎഫ്പിയോട് പറഞ്ഞു.

ഉക്രൈന്‍  അതിര്‍ത്തിയില്‍ ഒരു ലക്ഷത്തിനും ഒരു ലക്ഷത്തി ഇരുപതിനായിരത്തിനുമിടയില്‍ സൈനികരെയും കവചിത വാഹനങ്ങളെയും ടാങ്കുകളും മിസൈലുകളുമാണ് റഷ്യ  വിന്യസിപ്പിച്ചത്.   കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍  1,00,000 സൈനികരെയും ടാങ്കുകളും മിസൈലുകളും ഉക്രൈന്‍ അതിര്‍ത്തിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. 2014 ലെ കടുത്ത മഞ്ഞ് കാലത്ത് റഷ്യ ഉക്രൈന്‍ ആക്രമിച്ച് ക്രിമിയ ഉപദ്വീപ് സ്വന്തമാക്കിയത് പോലെ ഇത്തവണയും റഷ്യആക്രമിക്കുമെന്ന്  ഉക്രൈന്‍  കരുതുന്നു. 
 

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്