അധോലോകത്തിൽ ചേരാൻ മുംബൈക്ക് പുറപ്പെട്ട മൂന്നു കൗമാരക്കാർ വെറും 500 രൂപയ്ക്ക് വേണ്ടി നടത്തിയത് അരുംകൊല

By Web TeamFirst Published Jun 19, 2020, 3:03 PM IST
Highlights

ആകെ ഉണ്ടായിരുന്നത് ഒരേയൊരു തുമ്പ് മാത്രമായിരുന്നു. അയാളുടെ ഷർട്ടിന്റെ കോളർ ടാഗ്ഗിന്മേൽ ഉണ്ടായിരുന്ന തയ്യൽക്കടയുടെ പേര്. 'പ്രിൻസ് ടെയ്‌ലർ, BWD.' 

ഇനി പറയാൻ പോകുന്നത് ആരെയും ഞെട്ടിക്കുന്ന ഒരു ക്രൂരമായ കൊലപാതകത്തിന്റെ കഥയാണ്. ഒരു പക്ഷേ കേട്ടാൽ ആർക്കും വിശ്വസിക്കാൻ പറ്റാത്ത ഒരു സംഭവകഥ. സിനിമാക്കഥകളേക്കാൾ നാടകീയമായ ഒന്ന്. 

എല്ലാം തുടങ്ങുന്നത് ജൂൺ എട്ടാം തീയതി മഹാരാഷ്ട്രയിലെ ദേഹു റോഡ് കന്റോൺമെന്റ് സ്റ്റേഷനിലെ പോലീസുകാർ പിംപ്രി - ചിഞ്ച്വാഡ് പ്രദേശത്തെ മെയിൻ റോഡിനടുത്തായി ഒരു മൃതദേഹം കണ്ടെടുക്കുന്നതോടെയാണ്. നാല്പതു നാല്പത്തൊന്നു വയസ്സുതോന്നിക്കുന്ന ഒരാളുടേതായിരുന്നു മൃതദേഹം. റോഡരികിൽ കിടന്നിരുന്ന മൃതദേഹം ആരെയും ഞെട്ടിക്കുന്ന പരുവത്തിലായിട്ടുണ്ടായിരുന്നു. ഒരു വലിയ പാറക്കല്ല് പൊക്കിയെടുത്ത്  തല ചതച്ച നിലയിലായിരുന്നു ആ മൃതദേഹം കിടന്നിരുന്നത്. മുഖം തിരിച്ചറിയാൻ പോലും പ്രയാസം. ആളെ തിരിച്ചറിയാൻ പോന്ന യാതൊരു തെളിവുമില്ല ശരീരത്തിൽ. പ്രദേശവാസികൾക്ക് മരിച്ചയാളിനെ തിരിച്ചറിയാനും ആയിട്ടില്ല. 

ആരാണ് ഇയാൾ? ലോക്കൽ പൊലീസ് ഏറെ നേരം അതോർത്ത് തല പുണ്ണാക്കി. ഒരു കാര്യം അവർ ഏകദേശം ഉറപ്പിച്ചു. ലോക്ക് ഡൗൺ കാരണം ബസ് സർവീസ് മുടങ്ങിയതുകൊണ്ട് ഗതികെട്ട് ഇറങ്ങി നടന്ന ഏതോ യാത്രികനാണ് അയാൾ. വഴിയരികിൽ കിടന്നുറങ്ങുന്നതിനിടെയാണെന്ന് തോന്നുന്നു ആരോ അയാളെ ആക്രമിച്ച് കയ്യിലുണ്ടായിരുന്ന സകല സാധനങ്ങളും കവർന്നു സ്ഥലം വിട്ടത്. 

ഇനി എങ്ങനെ ആളെ കണ്ടുപിടിക്കും? ലോക്കൽ പൊലീസിൽ നിന്ന്, കേസന്വേഷണ ചുമതല ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ റാം ഗോമാരെക്കു മുന്നിൽ ആകെ ഉണ്ടായിരുന്നത് ഒരേയൊരു തുമ്പ് മാത്രമായിരുന്നു. അയാളുടെ ഷർട്ടിന്റെ കോളർ ടാഗ്ഗിന്മേൽ ഉണ്ടായിരുന്ന തയ്യൽക്കടയുടെ പേര്. 'പ്രിൻസ് ടെയ്‌ലർ, BWD.' ആ കച്ചിത്തുരുമ്പിൽ പിടിച്ച് അന്വേഷണം തുടങ്ങിയ ഇൻസ്‌പെക്ടർ റാം BWD എന്നത് മുംബൈയിലെ 'ഭിവണ്ടി' എന്ന സ്ഥലത്തിന്റെ ചുരുക്കപ്പേരാണ് എന്ന് മനസ്സിലാക്കി. ആ സ്ഥലം തിരക്കി അങ്ങ് ചെന്നപ്പോൾ അടുത്ത വെല്ലുവിളി മുന്നിലെത്തി. ഭിവണ്ടിയിൽ 'പ്രിൻസ് ടെയ്‌ലർ' എന്ന പേരിൽ 25 തയ്യൽക്കടകളുണ്ട്.  എന്നാൽ, ആ 25 പേരോടും സംസാരിച്ച പൊലീസിന്, ആ ഷർട്ട് വെച്ച്, മരിച്ച അയാളിലേക്ക് എത്തിപ്പെടാൻ സാധിച്ചു. മരിച്ചയാളുടെ പേര് ദത്താറായ കൃഷ്ണാജി മചർള എന്നായിരുന്നു. 

ദത്താറായയെ കാണാനില്ല എന്നൊരു പരാതി പോലീസ് സ്റ്റേഷനിൽ കിട്ടിയിട്ട് ഒരാഴ്ചയിലധികമായി. ഭിവണ്ടിയിൽ നിന്ന് ലോക്ക് ഡൌൺ തുടങ്ങിയ മാർച്ച് 25 -ന് മുമ്പ് ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ വേണ്ടി സോളാപൂരിലെ തന്റെ ഗ്രാമത്തിലേക്ക് വന്നതായിരുന്നു ദത്താറായ. ചടങ്ങു കഴിഞ്ഞപ്പോഴേക്കും ലോക്ക് ഡൌൺ തുടങ്ങി  ഒരു വണ്ടി പോലും ഓടാത്ത അവസ്ഥയായി. കുറെ ദിവസം അയാൾ നാട്ടിൽ തന്നെ കഴിച്ചുകൂട്ടി. എന്നാൽ, മുംബൈയിൽ തന്റെ ഭാര്യയും മക്കളും താനില്ലാതെ പട്ടിണിയിലേക്ക് വഴുതി വീഴുന്നു എന്ന് മനസ്സിലായതോടെ പിന്നെ അയാൾക്ക്  ഇരിക്കപ്പൊറുതി ഇല്ലാതായി. സോലാപൂരിൽ നിന്ന് മുംബൈയിലെ ഭിവണ്ടിയിലെ തന്റെ കുഞ്ഞുവീട് ലക്ഷ്യമാക്കി അയാൾ ഇറങ്ങി നടന്നു. ഭാര്യയെയും മക്കളെയും ഓർത്ത് പൊറുതിമുട്ടി താൻ ഇറങ്ങി നടന്നത് തന്റെ മരണത്തിലേക്കാണ് എന്ന് ദത്താറായ അപ്പോൾ അറിഞ്ഞിരുന്നില്ല. 

 

 

നടന്ന് നടന്ന് ഒടുവിൽ ദത്താറായ സോളാപൂരിനും മുംബൈക്കും ഇടയിലുള്ള നിഗ്ഡി എന്ന സ്ഥലത്തെത്തി. അവിടെയാണ് അയാൾ തന്റെ മരണത്തിന് കാരണക്കാരായ മൂവർ സംഘത്തെ കണ്ടുമുട്ടുന്നത്. അവർ അയാളോട് പണം കടം ചോദിച്ചു. കയ്യിൽ ആകെ 500 -ൽ താഴെ മാത്രം രൂപയുണ്ടായിരുന്ന അയാൾ പണമില്ല എന്നവരോട് പറഞ്ഞു. എന്നാൽ, വഴിയിൽ വെച്ച് താൻ കണ്ടുമുട്ടിയ ആ മൂവർ സംഘം അപകടകാരികളായ കുറ്റവാളികളാണ് എന്ന് ദത്താറായക്ക് മനസ്സിലായിരുന്നില്ല അപ്പോൾ. 

ആ മൂന്നു കൗമാരക്കാരും തമ്മിൽ പരിചയപ്പെട്ടത് ഹൈദരാബാദിലെ ഒരു ദുർഗുണ പരിഹാര പാഠശാലയിലെ ശിക്ഷാ കാലയളവിനിടെയാണ്. പുറത്തിറങ്ങിയ ശേഷം തമ്മിൽ കണ്ടുമുട്ടിയ അവർ ഇനിയെന്ത് എന്ന കാര്യത്തിൽ കൂലങ്കഷമായ ചർച്ചകൾ നടത്തി. നാട്ടിലെ കൊച്ചുകൊച്ച് മോഷണങ്ങളും, പോക്കറ്റടികളും അവർക്ക് മടുത്തിരുന്നു. പോക്കറ്റടിക്കിടെ പിടിക്കപ്പെട്ട അവർക്ക് നാട്ടുകാരിൽ നിന്നും പൊലീസിൽ നിന്നുമെല്ലാം കടുത്ത മർദ്ദനങ്ങൾ ഏറ്റതുതന്നെ കാരണം. ചെറിയ കളികൾ ഇനി വേണ്ട, അങ്ങ് മുംബൈ അധോലോകത്തിലേക്ക് ചെന്ന് അവിടത്തെ ഭായിമാർക്ക് വേണ്ടിയാകാം ഇനിയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ എന്ന് അവരുറപ്പിച്ചു. അതിനിടെ ലോക്ക് ഡൌൺ വന്നതോടെ അവർ മുംബൈ വരെ നടന്നു തന്നെ പോകാൻ തീരുമാനിച്ചു. 

ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട വഴിയിൽ വെച്ചുതന്നെ ആദ്യത്തെ ഇരയെ കണ്ടെത്തിയ അവർ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനിടെ നടന്ന മല്പിടുത്തതിൽ അയാളെ കൊല്ലുന്നതിന്റെ വക്കോളമെത്തി. അതിനു ശേഷം സോളാപൂരിൽ വെച്ച് അവർ ഒരാളുടെ മൊബൈൽ മോഷ്ടിച്ചു. അവിടെ ഒരു ഹോട്ടലിൽ മൂവരും ജോലിക്കു കയറി. അവിടത്തെ മറ്റൊരു തൊഴിലാളിയുടെ ഫോൺ മോഷ്ടിച്ചതിന് കയ്യോടെ പിടിക്കപ്പെട്ട അവരെ ഹോട്ടലുടമ നല്ല അടികൊടുത്ത് ഇറക്കിവിട്ടു. അതിനു ശേഷം അവർ വീണ്ടും മുംബൈ ലക്ഷ്യമാക്കി ഇറങ്ങി നടന്നുതുടങ്ങി. പോകും വഴി കണ്ടവരെ ഒക്കെ പോക്കറ്റടിച്ചും, ഒറ്റയ്ക്ക് കിട്ടിയവരെ കൊള്ളയടിച്ചും ഒക്കെയായിരുന്നു ആ യാത്ര. 

അങ്ങനെ മുംബൈയിലേക്കുള്ള അവരുടെ യാത്രക്കിടെയാണ് നിഗ്ഡിയിലെ ഭക്തി ശക്തി ചൗക്കിൽ വെച്ച് അവർ ദത്താറായ എന്ന പാവം മനുഷ്യനെ കണ്ടുമുട്ടുന്നത്. " ചേട്ടൻ എങ്ങോട്ടാണ്..? " അവർ ദത്താറായയോട് തിരക്കി. " മുംബൈ, ഭിവണ്ടി..." എന്ന് അയാൾ മറുപടി പറഞ്ഞു. "ഞങ്ങൾ ഹൈദരാബാദിൽ നിന്നാണ്, മുംബൈക്കുള്ള വഴി അറിയില്ല, ഞങ്ങളെക്കൂടി കൂടെക്കൂട്ടണം... " എന്ന് പിള്ളേർ പറഞ്ഞപ്പോൾ ദത്താറായക്ക് അതിൽ ആശങ്കയൊന്നും തോന്നിയില്ല. അവരെയും കൂടെക്കൂട്ടി അയാൾ നടപ്പ് തുടർന്നു. ഇടക്കെപ്പോഴോ അവർ അയാളോട് പണം ആവശ്യപ്പെട്ടു. തന്റെ കയ്യിൽ പണമൊന്നും ഇല്ലെന്ന് അയാൾ പറഞ്ഞു. എന്നാൽ, അത് അവർക്ക് വിശ്വാസമായില്ല. അയാൾ തന്റെ ശരീരത്തിൽ എവിടെയെങ്കിലും പണം കരുതിയിട്ടുണ്ടാകും എന്ന് അവർക്ക് ഉറപ്പായിരുന്നു. " ഇപ്പോൾ ഒന്നും ചെയ്യണ്ട. ഇടക്ക് എവിടെയെങ്കിലും എത്തുമ്പോൾ കിടന്നുറങ്ങുമല്ലോ. അപ്പോൾ മതി. " എന്ന് കൂട്ടത്തിൽ ഒരാൾ. 

അങ്ങനെ, രാത്രി രണ്ടുമണിയോടെ നടന്നു നടന്നു തളർന്ന് ഒടുവിൽ ദത്താറായ റോഡരികിൽ തന്നെ ഒന്ന് തലചായ്ക്കാൻ ഉറച്ചു. അടുത്തുകണ്ട ഒരു മരച്ചുവട്ടിൽ അയാൾ കിടന്നു. കിടന്നതും ഗാഢനിദ്രയിലേക്ക് അയാൾ വഴുതിവീണു. പകൽ മുഴുവൻ നടന്നതിന്റെ ക്ഷീണം അത്രയ്ക്കുണ്ടായിരുന്നു അയാൾക്ക്. ദത്താറായയുടെ കൂർക്കം വലി കേട്ടുതുടങ്ങിയതോടെ പരിസരത്തുതന്നെ ഒളിച്ചിരുന്ന പയ്യന്മാർ ഇറങ്ങി വന്നു. അവർ ചേർന്ന് അടുത്തുണ്ടായിരുന്ന ഒരു പാറക്കല്ല് പൊക്കിയെടുത്തുകൊണ്ടുവന്ന് ദത്താറായയുടെ തലയിലേക്കിട്ടു. അഞ്ചാറ് പിടിച്ചിൽ പിടഞ്ഞ ശേഷം ആ പാവം മനുഷ്യന്റെ ജീവൻ ആ ശരീരം വെടിഞ്ഞു. 

എന്നാൽ, അയാളുടെ ഉടുപ്പും, തോൾബാഗുമെല്ലാം പരിശോധിച്ച അവർക്ക് നിരാശയായിരുന്നു ഫലം. കുറേ മുഷിഞ്ഞ തുണികളും, പേഴ്‌സിന്റെ ഉള്ളിൽ തിരുകി വെച്ചിരുന്ന അഞ്ചൂറ് രൂപയും ഒഴിച്ച് മറ്റൊന്നും തന്നെ അയാളുടെ പക്കൽ ഉണ്ടായിരുന്നില്ല.  മൊബൈൽ ഫോണും, പേഴ്സും, തോൾബാഗും അടക്കമുള്ള ദത്താറായയുടെ വസ്തുക്കൾ എല്ലാം അപഹരിച്ച്, ആ മൃതദേഹം റോഡരികിൽ തന്നെ ഉപേക്ഷിച്ച് മൂവർ സംഘം മുംബൈയിലേക്കുള്ള യാത്ര തുടർന്നു. 

അടുത്ത ദിവസം രാവിലെ 9 മണി ആയപ്പോഴേക്കും അച്ഛനെക്കാത്തിരുന്നു മടുത്ത് ദത്താറായയുടെ മകൾ അയാളുടെ നമ്പറിലേക്ക് വിളിച്ചു. ഫോണെടുത്ത് ആ കൗമാരക്കാരിൽ ഒരാൾ അവളോട് ഇങ്ങനെ പറഞ്ഞു, "നോക്ക്... നിന്റെ അച്ഛനെ ഞങ്ങൾ തട്ടി. ഈ ഫോണും മോഷ്ടിച്ചെടുത്തു കഴിഞ്ഞു. ഇനി ഇതിലേക്ക് വിളിക്കരുത്..."  ആ പറച്ചിൽ എന്തോ വിശ്വാസം വരാതെ അവൾ ആ ഫോൺ കട്ട് ചെയ്തു. അവൾ ആ പറഞ്ഞത് വിശ്വസിച്ചില്ല എന്ന് തോന്നിയ ആ കൗമാരക്കാരിൽ ഒരാൾ, സ്വന്തം ഫോൺ എടുത്ത്  ഒരിക്കൽ കൂടി വിളിച്ചുപറഞ്ഞു," നേരത്തെ പറഞ്ഞത് വിശ്വാസമായില്ല അല്ലേ? നിന്റെ അച്ഛന്റെ നമ്പറിലേക്ക് ഇനി വിളിക്കണ്ട. അയാളെ ഞങ്ങൾ കൊന്നു. ഈ സിമ്മിലേക്ക് ഇനി വിളിച്ചാൽ കിട്ടില്ല. വിളിക്കരുത്...." ഇത്തവണ അവൾ ആകെ ഭയന്നു. നേരെ പൊലീസ് സ്റ്റേഷനിലേക്ക് ചെന്ന് പരാതി നൽകി. 

ദത്താറായയുടെ ഷർട്ടിന്റെ കോളറിലെ ടെയ്‌ലറുടെ വിവരവും, പൊലീസ് പരാതിക്കു ശേഷം സോഷ്യൽ മീഡിയയിൽ വന്ന ചിത്രങ്ങളും ഒക്കെ വെച്ചാണ് പൊലീസ് അയാളുടെ വധത്തിന്റെ അന്വേഷണത്തിൽ തുമ്പുണ്ടാക്കുന്നത്. . ഒരു കുടുംബത്തിന്റെ നാഥനെ ഇല്ലാതാക്കിയിട്ട് ആ പിള്ളേർക്ക് പകരം കിട്ടിയതോ വെറും 500 രൂപയും. രണ്ടാമതും ദത്താറായയുടെ മകളെ വിളിച്ച ആ കോളിലെ നമ്പർ ട്രേസ് ചെയ്തിട്ടാണ് പൊലീസ് മൂവർ സംഘത്തിലേക്ക് എത്തിച്ചേർന്നത്. അവർ ഇന്ന് ഐപിസി 302 പ്രകാരം കൊലക്കുറ്റത്തിന് വിചാരണ നേരിടുകയാണ്. അധോലോകത്തെ ചേർന്ന് പ്രവർത്തിക്കാനുള്ള തങ്ങളുടെ യാത്രയ്ക്കിടെ വഴിയിൽ വെച്ച് കണ്ടുമുട്ടിയ ആ മനുഷ്യന്റെ കയ്യിൽ കാര്യമായി എന്തെങ്കിലും കാണും എന്നുകരുതി അവർ നടത്തിയ ആ ക്രൂരമായ ആക്രമണം ഒരു കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇല്ലാതാക്കിയത്. ലോക്ക് ഡൌൺ അല്ലായിരുന്നെങ്കിൽ, അന്ന് സോളാപൂരിൽ നിന്ന് പതിവുപോലെ എസ്ടി ബസ്സുകൾ മുംബൈയിലേക്ക് സർവീസ് നടത്തുന്നുണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ ദത്താറായ എന്ന പാവം മനുഷ്യൻ ഇന്നും ജീവനോടെ ഉണ്ടായിരുന്നേനെ. 

click me!