സാൻ ജോസിൽ, മരിച്ച മകന്‍റെ വസ്ത്രങ്ങൾ ആവശ്യപ്പെട്ട കുടുംബത്തിന് ശ്മശാന ഡയറക്ടർ നൽകിയത് തലച്ചോർ. ഇന്ത്യൻ വംശജയായ ഡയറക്ടർ അനിത സിംഗിനെതിരെ ഗുരുതരമായ അനാസ്ഥയ്ക്ക് കുടുംബം കേസ് ഫയൽ ചെയ്തു. തലച്ചോർ മൃതദേഹത്തിനൊപ്പം അടക്കം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു
യുഎസിലെ കാലിഫോർണിയയിലെ സാൻ ജോസിലെ ശ്മശാന ഡയറക്ടർക്കെതിരെ അസാധാരണമായ കേസ്. മരിച്ച മകൻറെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം കുടുംബം അവന്‍റെ വസ്ത്രങ്ങൾ ആവശ്യപ്പെട്ടപ്പോൾ തലച്ചോർ നൽകിയെന്നാണ് കേസ്. പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത യുവാവിന്‍റെ കുടുംബാംഗങ്ങൾക്കാണ് ഇത്തരമൊരു അസാധാരണമായ അനുഭവം നേരിടേണ്ടിവന്നത്. ഇതിന് പിന്നാലെ സെമിത്തേരിയുടെ ഡയറക്ടറായ ഇന്ത്യൻ വംശജനെതിരെ പോലീസ് കേസെടുത്തു.
കുടുംബം ആവശ്യപ്പെട്ടത് മകൻറെ വസ്ത്രം
2025 മെയ് 19 -നാണ് 27 വയസ്സുള്ള അലക്സാണ്ടർ പിനോൺ മരിച്ചത്. അദ്ദേഹത്തിന്‍റെ കുടുംബം സാൻ ജോസിലെ ബേ ഏരിയയിലെ ലിമ ഫാമിലി എറിക്സൺ മെമ്മോറിയൽ ചാപ്പലിലെ ഒരു കല്ലറ വാടകയ്ക്കെടുത്തു. ശവസംസ്കാര ചടങ്ങുകൾക്കായി 10,000-ത്തിലധികം ഡോളറുകളും (ഏതാണ്ട് 9 ലക്ഷത്തിന് മുകളിൽ ഇന്ത്യൻ രൂപ) നൽകി. പിന്നാലെ ശവസംസ്കാര ചടങ്ങിനായി അലക്സാണ്ടറിന് ഔപചാരിക വസ്ത്രം ധരിപ്പിക്കണമെന്നും മരണസമയത്ത് അദ്ദേഹം ധരിച്ചിരുന്ന വസ്ത്രങ്ങൾ തിരികെ നൽകണമെന്നും കുടുംബം അഭ്യർത്ഥിച്ചു.
ഡയറക്ടർ നൽകിയത് മകൻറെ തലച്ചോർ
ചടങ്ങുകൾക്കൊടുവിൽ സെമിത്തേരിയുടെ ഡയറക്ടറും ഇന്ത്യൻ വംശജയുമായ അനിത സിംഗ്, അലക്സിന്‍റെ പിതാവിന് മകന്‍റെ വസ്ത്രങ്ങൾ അടങ്ങിയ ഒരു ബാഗ് നൽകി. വീട്ടിലെത്തിയ കുടുംബം മകന്‍റെ ഓർമ്മകൾക്കായി അവന്‍റെ വസ്ത്രങ്ങൾ കഴുകാനായി എടുത്തപ്പോൾ ഞെട്ടി. അതിൽ വസ്ത്രങ്ങളായിരുന്നില്ല. പകരം ആരുടേതെന്ന് വ്യക്തമല്ലാത്ത ഒരു തലച്ചോറായിരുന്നു പൊതിഞ്ഞ് വച്ചിരുന്നതെന്ന് കുടുംബത്തിന്‍റെ അഭിഭാഷകൻ സമീർ ഹബ്ബാസ് എബിസി 7 -നോട് പറഞ്ഞു.
അലക്സിന്‍റെ പിതാവ് തനിക്ക് ലഭിച്ച മനുഷ്യാവയവം സെമിത്തേരിയിലേക്ക് കൊണ്ട് പോവുകയും സെമിത്തേരി ഡയറക്ടർ അനിത സിംഗിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. എന്നാല്‍, അത്തരമൊരു ഗുരുതര കുറ്റം സംഭവിച്ചതിന് ക്ഷമാപണം നടത്താനോ, വിശദീകരണം നൽകാനോ അനിത തയ്യാറായില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർക്കുന്നു. ആഴ്ചകൾക്ക് ശേഷം സെമിത്തേരിയിലെ ഒരു വിസിൽബ്ലോവർ ബാഗിലുണ്ടായിരുന്നത് അലക്സിന്‍റെ തലച്ചോറായിരുന്നെന്ന് സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഡയറക്ടറുടെ അനാസ്ഥ
എന്നാൽ, അവിടം കൊണ്ടും തീർന്നില്ല. അനിൽ തിരികെ ലഭിച്ച അലക്സിന്‍റെ തലച്ചോർ അടങ്ങിയ ബാഗ് സെമിത്തേരി കെട്ടിടത്തിന്‍റെ പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. ഒടുവിൽ, രണ്ടര മാസങ്ങൾക്ക് ശേഷം അഴുകിയ മാംസത്തിന്‍റെ രൂക്ഷ ഗന്ധം അന്വേഷിച്ച സെമിത്തേരി ജീവനക്കാർ ഈ ബാഗ് കണ്ടെടുക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സംഭവം പുറത്തായതോടെ അനിത സിംഗിനെതിരെ കേസെടുത്തു. അതിനിടെ മരിച്ച മകന്‍റ തലച്ചോർ ശവക്കല്ലറയിലെ ശരീരഭാഗത്തിനൊപ്പം അടക്കം ചെയ്യണമെന്ന ആവശ്യവുമായി കുടംബം രംഗത്തെത്തി. സംഭവം വിവാദമായതിന് പിന്നാലെ ഒരു പള്ളി സെമിത്തേരിയിൽ വച്ച് വസ്ത്രത്തിന് പകരം എങ്ങനെയാണ് തലച്ചോർ കൈമാറുകയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും ചോദിക്കുന്നു.


