ഉത്തർപ്രദേശിലെ ജലൗണിൽ എസ്എച്ച്ഒ അരുൺ കുമാർ റായിയെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. റായിയുടെ കുടുംബത്തിൻ്റെ പരാതിയിൽ വനിതാ കോൺസ്റ്റബിൾ മീനാക്ഷി ശർമ്മയ്‌ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.
ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിലെ കുത്തൗണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) അരുൺ കുമാർ റായിയെ ഔദ്ധ്യോഗിക വസതിയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു ദിവസത്തിന് ശേഷം, കൊഞ്ചിലെ ഡയൽ 112 -ൽ സേവനമനുഷ്ഠിച്ച മീനാക്ഷി ശർമ്മ എന്ന പോലീസ് കോൺസ്റ്റബിളിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അരുൺ കുമാർ റായിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
തെളിവായി സിസിടിവി ദൃശ്യങ്ങൾ
വെള്ളിയാഴ്ച രാത്രി വൈകിയാണ് റായിയെ ഔദ്യോഗിക വസതിയിൽ വെടിയേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ച് കൊണ്ട് പോലീസ് സ്റ്റേഷനിലേക്കെത്തിയ ആദ്യ ഫോണ്‍ കോൾ സംഭവസ്ഥലത്തുണ്ടായിരുന്ന കോൺസ്റ്റബിൾ മീനാക്ഷി ശർമ്മയിൽ നിന്നായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. എസ്എച്ച്ഒ സ്വയം വെടിവച്ചു എന്നാണ് അവർ ജീവനക്കാരോട് പറഞ്ഞതെന്നും റിപ്പോർട്ടുണ്ട്.
അതേസമയം ഒരു മാളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത് കൊലപാതകത്തിൽ മീനാക്ഷി ശർമ്മയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ അവർ ഓഫീസറുടെ ക്വാർട്ടേഴ്‌സിൽ നിന്നും ഒരു ബാഗുമായി പിന്നിലെ വാതിലിലൂടെ ഹൈവേയിലേക്ക് തിടുക്കത്തിൽ നടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
പരാതിക്ക് പിന്നാലെ അറസ്റ്റ്
വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെ വനിതാ കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തതായും സംഭവത്തിൽ അവരുടെ പങ്ക് അന്വേഷിക്കുന്നതായും പോലീസ് അറിയിച്ചു. എസ്എച്ച്ഒയുടെ വസതിയിൽ രാത്രി വൈകിയും മീനാക്ഷി ശർമ്മ ഉണ്ടായിരുന്നതും സംഭവത്തിന് അവർ വീട് വിട്ടിറങ്ങിയതാണെന്നും സൂചനകളുണ്ട്. അരുൺ കുമാർ റായി ആത്മഹത്യ ചെയ്യില്ലെന്ന് അദ്ദേഹത്തിന്‍റെ കുടുംബം അവകാശപ്പെട്ടു. റായിയുടെ ഭാര്യയുടെ പരാതിക്ക് പിന്നാലെയാണ് കോൺസ്റ്റബിൾ മീനാക്ഷി ശർമ്മയ്‌ക്കെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.


