
ഈറോഡിലെ റെയിൽവേ സ്റ്റേഷനിലും പ്രധാന ബസ് സ്റ്റാന്‍റിലും സ്‌ഫോടനം നടക്കുമെന്ന ഭീഷണി സന്ദേശം കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ പോലീസ് കൺട്രോൾ റൂമിലേക്ക് എത്തിയത്. ഭീഷണി സന്ദേശത്തെ ഗൗരവപൂർവ്വം തന്നെ സമീപിച്ച ചെന്നൈയിലെ കൺട്രോൾ റൂം ഉദ്യോഗസ്ഥർ പ്രധാന ബസ് സ്റ്റാന്‍റ്, റെയിൽവേ സ്റ്റേഷൻ, ടൗണിലെ ഷോപ്പിംഗ് മോളുകള്‍ എന്നിവിടങ്ങളിൽ സുരക്ഷാ നടപടികൾ ശക്തമാക്കാൻ ഈറോഡ് പോലീസിനെ അറിയിച്ചു. ഇതോടെ ഇവിടങ്ങളിലെ സുരക്ഷ കർശനമാക്കി.
അതോടൊപ്പം തന്നെ പോലീസിനെ ഫോൺ വിളിച്ച ആളെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. ആ അന്വേഷണം ഒടുവിൽ അവസാനിച്ചത് കോയമ്പത്തൂർ സ്വദേശിയായ ഒരു 34 കാരനിലായിരുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. താൻ നൽകിയത് ഒരു വ്യാജ സന്ദേശമാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. എന്തിനായിരുന്നു ഇത്തരത്തിൽ ഒരു പ്രവർത്തി എന്ന പോലീസിന്‍റെ ചോദ്യത്തിന് ഇയാൾ നൽകിയ മറുപടിയാണ് ഇപ്പോൾ ഏവരെയും അമ്പരപ്പിക്കുന്നത്. തൊഴിൽരഹിതനായ തനിക്ക് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സാധിക്കുന്നില്ലെന്നും ഭക്ഷണത്തിനുള്ള വക പോലും ഇല്ലെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
കൂടുതല്‍ വായനയ്ക്ക്: രണ്ട് ഭാര്യമാര്‍, ഓരോ ഭാര്യമാർക്കുമൊപ്പം അര ആഴ്ച വീതം, ഞായറാഴ്ച ഭർത്താവിന് സ്വന്തം!
ഏതെങ്കിലും കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടാൽ എല്ലാ ദിവസവും മുടങ്ങാതെ ആഹാരം കിട്ടുമല്ലോ എന്നോർത്താണ് ഇത്തരത്തിൽ ഒരു കാര്യം ചെയ്തത് എന്നായിരുന്നു ഇയാളുടെ കുറ്റസമ്മതം. മേട്ടുപ്പാളയം സ്വദേശിയായ സന്തോഷ് കുമാർ എന്ന യുവാവാണ് ഇത്തരത്തിൽ വിശപ്പടക്കാൻ ഏറെ വിചിത്രമായ ഒരു വഴി കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജയിലിൽ പോകാനായി ഇത്തരത്തിൽ വ്യാജ ഫോൺവിളികൾ നടത്തുന്നത് ഇയാളുടെ പതിവാണെന്ന് പോലീസ് പറയുന്നു. 2019 ലും 2021 ലും ഇത്തരത്തിൽ വ്യാജ ഫോൺ സന്ദേശങ്ങൾ നൽകിയതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 506, 507 വകുപ്പുകൾ പ്രകാരം പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. മൊഴി രേഖപ്പെടുത്തിയ ശേഷം, സന്തോഷ് കുമാറിനെ ഞായറാഴ്ച ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി, 15 ദിവസത്തേക്ക് കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കൂടുതല്‍ വായനയ്ക്ക്: ഇന്ത്യന്‍ സാംസ്കാരിക - സാമ്പത്തിക പരിസ്ഥിതി പഠിക്കാന്‍ താലിബാന്‍; കോഴ്സ് നടത്തുന്നത് കോഴിക്കോട് ഐഐഎം !