
പല പ്രധാനപ്പെട്ട ഇന്ത്യൻ നഗരങ്ങളിലും റൂമുകൾക്കും അപാർട്മെന്റുകൾക്കും ഒക്കെ ഇന്ന് കനത്ത വാടകകളാണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും ഉടമകളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കടുംപിടിത്തങ്ങളും മോശം പെരുമാറ്റങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നവരും ഒരുപാട് കാണും. അതുപോലെ ഒരു പോസ്റ്റാണ് റെഡ്ഡിറ്റിൽ ഒരു യുവാവ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
ബെംഗളൂരുവിൽ ഇലക്ട്രോണിക് സിറ്റി ഫേസ് 2വിലാണ് യുവാവിന്റെ താമസം. തന്റെ വീട്ടുടമ എത്രമാത്രം ചൂഷണം ചെയ്യുന്നയാളാണ് എന്നും ഉത്തരവാദിത്തമില്ലാത്ത ആളാണ് എന്നുമാണ് യുവാവ് തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നത്. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ഇത്തരം വീട്ടുടമകൾ വർധിച്ചു വരുന്നതിനെ കുറിച്ച് അനേകങ്ങളാണ് കമന്റുകളുമായി എത്തിയത്.
ഇലക്ട്രോണിക് സിറ്റി ഫേസ് 2 -ന് സമീപമുത്തുള്ള ഒരു 1RK -യിലാണ് താൻ താമസിക്കുന്നത്. ഇത്രയും വൃത്തികെട്ടതും ഇടുങ്ങിയതുമായ ഒരു മുറിക്ക് മാസം 6,500 രൂപയാണ് വാടക കൊടുക്കുന്നത് എന്നാണ് യുവാവ് എഴുതുന്നത്. ഉയർന്ന വാടകയെ കുറിച്ച് മാത്രമല്ല, വളരെ മോശം അവസ്ഥയിലുള്ളതാണ് ആ മുറി എന്നും യുവാവ് എഴുതുന്നു. ചുമരിലൂടെ വെള്ളം ലീക്കാവുന്നുണ്ട് എന്ന് മാസങ്ങൾക്ക് മുമ്പ് വീട്ടുടമയെ അറിയിച്ചതാണ്. എന്നാൽ, അയാൾ അത് പരിഹരിച്ചില്ല എന്നും യുവാവ് പറയുന്നു. ഒപ്പം വിരോധാഭാസമെന്നോണം വീട്ടുടമയ്ക്ക് റിയൽ എസ്റ്റേറ്റ് ബിസിനസ് ഉണ്ട് എന്നും യുവാവ് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, അടുത്തിടെ യുവാവിനോട് ഉടമ ഒരു 300 രൂപ ആവശ്യപ്പെട്ടു. കുഴൽക്കിണറിന്റെ മോട്ടോർ തകരാറാണ് എന്നും അത് നന്നാക്കാനാണ് എന്നുമാണ് പറഞ്ഞത്. എന്നാൽ, അത് തരാനാവില്ല, അങ്ങനെ എഗ്രിമെന്റിൽ പറഞ്ഞിട്ടില്ല എന്ന് യുവാവ് ഉടമയോട് പറയുകയായിരുന്നു. മാത്രമല്ല, താനായിട്ട് എന്തെങ്കിലും തകരാറ് വരുത്തിയാൽ പണം നൽകാമെന്നാണ് എഗ്രിമെന്റിലുള്ളത് എന്നും യുവാവ് പറയുന്നു. എന്നാൽ, ഉടമ പറയുന്നത്, ആ 300 രൂപ തന്നില്ലെങ്കിൽ വീടൊഴിയാനാണത്രെ.
ആ വീടൊഴിയുക, അല്ലെങ്കിൽ പണം നൽകുക എന്നതല്ലാതെ മറ്റ് മാർഗങ്ങളില്ല എന്ന് അറിയാം. ഇവിടെ ഇങ്ങനെ വീട്ടുടമകൾ ചൂഷണം ചെയ്യുന്നുണ്ട് എന്ന് അറിയിക്കുന്നതിന് വേണ്ടി മാത്രമാണ് പോസ്റ്റിട്ടത് എന്നും യുവാവ് പറയുന്നു. വീട്ടുടമകളുടെ ചൂഷണത്തെ കുറിച്ച് വലിയ ചര്‍ച്ചയാണ് പോസ്റ്റിന് പിന്നാലെയുണ്ടായത്.
(ചിത്രം പ്രതീകാത്മകം)