
വിചിത്രമായ ചില പേരുകളുള്ള പല സ്ഥലങ്ങളും നമ്മുടെ നാട്ടിലുണ്ട്. അതുപോലെ ലോകത്തിന്റെ പല ഭാഗങ്ങളിലും അത്തരത്തിലുള്ള വിചിത്രമായ പേരുകളുള്ള സ്ഥലങ്ങളുണ്ട്. അതിൽ കോണ്ടം, നോ നെയിം, പീ പീ ടൗൺഷിപ്പ് അങ്ങനെ പല പേരുകളും വരുന്നു. അത്തരത്തിലുള്ള ചില സ്ഥലങ്ങളെ പരിചയപ്പെടാം.
കോണ്ടം, ഫ്രാൻസ് (Condom, France) : തെക്ക് പടിഞ്ഞാറൻ ഫ്രാൻസിലെ ഒരു സ്ഥലമാണ് കോണ്ടം. എന്നാൽ, ഇംഗ്ലീഷ് വാക്ക് കോണ്ടവുമായി ഇതിന് പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ല. ഗൗളിഷ് വാക്കുകളായ condate, magos എന്നീ വാക്കുകൾ ചേർന്നാണ് ഈ പേര് ഉണ്ടായത്. അതിന്റെ അർത്ഥം മാർക്കറ്റുകളോ പാടങ്ങളോ കൂടിച്ചേരുന്ന സ്ഥലം എന്നാണ്.
പീ പീ ടൗൺഷിപ്പ്, ഓഹിയോ (Pee Pee Township, USA) : ഓഹിയോയിലെ പൈക് കൺട്രിയിലെ ഒരു ടൗൺഷിപ്പാണ് പീ പീ ടൗൺഷിപ്പ്. ആ പേര് വന്നിരിക്കുന്നത് പീ പീ ക്രീക്ക് ജലാശയത്തിൽ നിന്നുമാണ്. പൈക് കൺട്രിയിലെ 14 ടൗൺഷിപ്പുകളിൽ ഒന്നാണ് പീ പീ ടൗൺഷിപ്പ്. രണ്ടായിരത്തിലെ സെൻസസ് പ്രകാരം ഇവിടെ ഏഴായിരത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്.
നോ നെയിം, കൊളറാഡോ (No Name, USA) : നോ നെയിം എന്നാൽ പേരില്ല എന്നാണ് അല്ലേ? എന്നാൽ നോ നെയിം കൊളറാഡോയിലെ ഒരു സ്ഥലത്തിന്റെ പേരാണ്. 2010 -ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 123 ആണ്. നോ നെയിം ക്രീക്ക്, നോ നെയിം കാന്യോൺ എന്നിവയിൽ നിന്നുമാണ് പ്രദേശത്തിന് ഈ പേര് കിട്ടിയിരിക്കുന്നത്. സ്ഥിരമായി വിചിത്രമായ പേരുകളുള്ള സ്ഥലത്തിന്റെ പട്ടികയിൽ ഇടം പിടിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണിത്.
ഡിൽഡോ, കാനഡ (Dildo, Canada) : കാനഡയിലെ ന്യൂഫൗണ്ട്‍ലാൻഡ് ആൻഡ് ലാബ്രഡോറിലുള്ള സ്ഥലമാണ് ഡിൽഡോ. ഇവിടെ 200 താമസക്കാരാണുള്ളത്. വിചിത്രമായ പേര് കാരണം പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള സ്ഥലമാണ് ഡിൽഡോ. എങ്ങനെയാണ് ഈ സ്ഥലത്തിന് ഇങ്ങനെ ഒരു പേര് വന്നത് എന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്.
വൈ, അരിസോണ (Why, Arizona) : അരിസോണയിലെ പൈമ കൺട്രിയിലെ ഒരു സ്ഥലമാണ് വൈ. 2010 -ലെ സെൻസസ് പ്രകാരം 167 പേരാണ് ഇവിടെ താമസിക്കുന്നത്. രണ്ട് പ്രധാന ഹൈവേകളുമായി ബന്ധപ്പെടുത്തിയാണ് ഇതിന് ഈ പേര് വന്നിരിക്കുന്നത്.
വൈനോട്ട്, മിസ്സിസ്സിപ്പി (Whynot, Mississippi) : മിസ്സിസ്സിപ്പിയിലെ ഒരു സ്ഥലമാണ് വൈനോട്ട്. ആദ്യമായി ഇവിടെ തുടങ്ങിയത് ഒരു പോസ്റ്റ് ഓഫീസ് ആണ്. അത് 1852 ജൂൺ 23 -നാണ്. 1852 ഡിസംബർ 30 -നാണ് ഈ സ്ഥലത്തിന് വൈ നോട്ട് എന്ന പേര് വരുന്നത്.
തീർന്നില്ല, ഇനിയുമുണ്ട് ഇന്റർകോഴ്സ്, ഡിസപോയിൻമെന്റ്, സാന്താ ക്ലോസ് തുടങ്ങി അനേകം വിചിത്രമായ പേരുകളുള്ള സ്ഥലങ്ങൾ.