
പണി ഇരന്നു വാങ്ങുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 71 -കാരിയായ പത്മശ്രീ പുരസ്കാര ജേതാവിനെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ച സാമൂഹിക പ്രവർത്തകയാണ് പുലിവാല് പിടിച്ചിരിക്കുന്നത്.
ഒഡീഷയിലെ കട്ടക്കിൽ ആണ് സംഭവം. പത്മശ്രീ പുരസ്കാര ജേതാവായ കമലാ പുജാരിയ്ക്കാണ് സാമൂഹിക പ്രവർത്തകയിൽ നിന്ന് മോശം അനുഭവം ഉണ്ടായത്. 71 -കാരിയായ കമലാ പുജാരിയെ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിലാണ് സംഭവം നടന്നത്. ആശുപത്രിയിൽ സ്ഥിരമായി പുജാരിയെ സന്ദർശിക്കാൻ എത്തിയിരുന്ന സാമൂഹിക പ്രവർത്തക മമത ബെഹ്‌റയാണ് ഇവരെക്കൊണ്ട് നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ചത്. പുജാരിയ്ക്കൊപ്പം ബെഹ്റയും നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
താൻ ഒരിക്കലും നൃത്തം ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ലെന്നും പലതവണ സാധിക്കില്ലെന്നു പറഞ്ഞിട്ടും മമതാ ബഹ്റാ തന്നെ നിർബന്ധിക്കുകയായിരുന്നു എന്നുമാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ശേഷം പുജാരി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ തനിക്ക് ദുരുദ്ദേശം ഒന്നുമില്ലായിരുന്നുവെന്നും പുജാരിയുടെ മനസ്സിന് സന്തോഷം കിട്ടാനാണ് താൻ നൃത്തം ചെയ്യിപ്പിച്ചതെന്നുമാണ് ബെഹ്റയുടെ വാദം.
ഏതായാലും വിഷയത്തിൽ വലിയ രോഷപ്രകടനമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. സാമൂഹിക പ്രവർത്തകയ്ക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ലെങ്കിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന് ട്രൈബൽ കമ്മ്യൂണിറ്റി അസോസിയേഷൻ ചീഫ് ഹരീഷ് മുദുളി പറഞ്ഞു.
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നൂറിലധികം നാടൻ വിത്തുകൾ സംരക്ഷിക്കുന്നതിനും ആണ് 2019 -ൽ ശ്രീമതി പുജാരിക്ക് പത്മശ്രീ ലഭിച്ചത്. ഇപ്പോൾ കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. പുജാരി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് ആശംസിച്ചു.