ഡിഫൻസ് എക്‌സ്‌പോ; യു പിയില്‍ മുറിക്കുക 63,799 മരങ്ങൾ

By Web TeamFirst Published Dec 1, 2019, 4:43 PM IST
Highlights

എന്നിരുന്നാലും, ഈ സീസണിൽ മരങ്ങളും ചെടികളും മാറ്റിസ്ഥാപിക്കുന്നത് സാധ്യമല്ലെന്ന് വനം അധികൃതർ അറിയിച്ചു. “സ്ഥലം മാറ്റുകയാണെങ്കിൽ മരങ്ങൾ നശിക്കും. നദിക്കരയിലുള്ള ചെടികളും ലാൻഡ്സ്കേപ്പിംഗും വീണ്ടും ചെയ്യേണ്ടിവരും” മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

മരം നടുന്നതിനെ കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന സർക്കാർ പക്ഷേ പ്രവൃത്തിയിൽ അത് കാണിക്കാൻ മറന്നുപോകുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പ്രതിരോധ എക്‌സ്‌പോയ്ക്കായി ഗോമതി നദിക്കരയിലെ 63,799 ഓളം മരങ്ങൾ വെട്ടിമാറ്റാൻ ഒരുങ്ങുകയാണ് ഉത്തർപ്രദേശ് സംസ്ഥാന സർക്കാർ.

പ്രതിരോധ എക്‌സ്‌പോയുടെ നിരവധി പരിപാടികൾക്കായി ഹനുമാൻ സേതു മുതൽ നിഷത്ഗഞ്ച് പാലം വരെയുള്ള മരങ്ങൾ മുറിക്കാൻ ലഖ്‌നൗ ഡവലപ്‌മെന്റ് അതോറിറ്റി (എൽഡിഎ) ഒരു കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ ശക്തി തെളിയിക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ നിരവധി രാജ്യങ്ങളാണ് എത്തുന്നത്.  

2020 ജനുവരി പതിനഞ്ചിനകം പ്രദേശം പൂർണ്ണമായും വൃത്തിയാക്കണമെന്ന് എൽ‌ഡി‌എ ആവശ്യപ്പെടുന്നു, എത്രയും വേഗം സ്ഥലം വൃത്തിയാക്കിയാൽ മാത്രമേ  പരിപാടി സംഘടിപ്പിക്കുന്ന ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎൽ) അത് കൈമാറാൻ കഴിയൂ. ഡിഫൻസ് എക്സ്പോ അവസാനിച്ചശേഷം പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും നീക്കം ചെയ്യപ്പെടുന്ന മരങ്ങൾ മാറ്റിസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്താമെന്നും എൽഡിഎ അറിയിച്ചു. മുനിസിപ്പാലിറ്റിയിൽ നിന്ന് പുതിയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ 59 ലക്ഷം രൂപയും എൽഡിഎ ആവശ്യപ്പെട്ടു.

എന്നിരുന്നാലും, ഈ സീസണിൽ മരങ്ങളും ചെടികളും മാറ്റിസ്ഥാപിക്കുന്നത് സാധ്യമല്ലെന്ന് വനം അധികൃതർ അറിയിച്ചു. “സ്ഥലം മാറ്റുകയാണെങ്കിൽ മരങ്ങൾ നശിക്കും. നദിക്കരയിലുള്ള ചെടികളും ലാൻഡ്സ്കേപ്പിംഗും വീണ്ടും ചെയ്യേണ്ടിവരും” മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

എൽ‌ഡി‌എ സെക്രട്ടറി എം‌പി സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞതിങ്ങനെയാണ്, “വരാനിരിക്കുന്ന ശൈത്യകാലം കാരണം മരങ്ങൾ മാറ്റിസ്ഥാപിച്ച് മറ്റെവിടെയെങ്കിലും നടുന്നത് ബുദ്ധിമുട്ടാണ്. ഇത് ആത്യന്തികമായി മരങ്ങളുടെയും തൈകളുടെയും നാശത്തിന് കാരണമാകും, അതിനാൽ ഒരേ സ്ഥലത്ത് തൈകൾ നട്ടുപിടിപ്പിക്കുന്നതിന് പണം ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മുനിസിപ്പൽ കമ്മീഷണർക്ക് കത്ത് എഴുതിയിട്ടുണ്ട്. ”

‘ഇന്ത്യ: എമർജിംഗ് ഡിഫൻസ് മാനുഫാക്ചറിംഗ് ഹബ്’ എന്ന വിഷയത്തെ ആസ്പദമാക്കി ആദ്യമായി ലഖ്‌നൗവിൽ നടക്കുന്ന ഡിഫൻസ് എക്‌സ്‌പോ ഫെബ്രുവരി അഞ്ച് മുതൽ എട്ട് വരെയാണ് നടക്കുന്നത്. പ്രതിരോധസേനയുടെ ഏറ്റവും പുതിയ ആയുധങ്ങളും യന്ത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.


 

click me!