
അഫ്ഗാനിസ്ഥാനി(Afghanistan)ലെ വാഷിംഗ്ടണിനെ(Afghanistan) പ്രതിനിധീകരിക്കുന്ന നയതന്ത്ര സ്ഥാനങ്ങളിലേയ്ക്ക് രണ്ട് വനിതകളെ തെരഞ്ഞെടുത്ത് യുഎസ്. യാത്ര, വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്ക്കുള്ള സ്ത്രീകളുടെ അവകാശങ്ങൾക്ക് മേൽ താലിബാൻ സർക്കാർ കൂച്ചുവിലങ്ങിട്ട സാഹചര്യത്തിലാണ് ഈ പുതിയ നിയമനങ്ങൾ.
അഫ്ഗാൻ വംശജയായ യുഎസിലെ റിന അമിരിയെ(Rina Amiri)യാണ് ഇപ്പോൾ അഫ്ഗാൻ സ്ത്രീകളുടെ സംരക്ഷണത്തിനായി നിയമിച്ചിരിക്കുന്നത്. നിയമനം നടത്തിയത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനാണ്. അഫ്ഗാൻ സ്ത്രീകൾ, പെൺകുട്ടികൾ, മനുഷ്യാവകാശം എന്നിവ സംബന്ധിക്കുന്ന പ്രത്യേക പ്രതിനിധിയായിരിക്കും ഇനി മുതൽ റിന. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴിൽ അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും യുഎസ് പ്രത്യേക പ്രതിനിധിയായിരുന്ന റിച്ചാർഡ് ഹോൾബ്രൂക്കിന്റെ ഉപദേഷ്ടാവായിരുന്നു റിന. മധ്യസ്ഥ ചർച്ചകളിൽ വിദഗ്ധയാണ് അവർ.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അവർ അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരുകൾക്കും, യുഎന്നിനും ഉപദേശവും പിന്തുണയും വാഗ്ദാനം നൽകി വരികയായിരുന്നു. കുട്ടിക്കാലത്ത് തന്നെ അഫ്ഗാനിസ്ഥാനിൽ നിന്നും യുഎസിലേക്ക് കുടിയേറിയ അവർ ഇപ്പോൾ കുടുംബത്തോടൊപ്പം കാലിഫോർണിയയിലാണ് സ്ഥിരതാമസം. സെപ്തംബർ 11 ആക്രമണം നടന്നപ്പോൾ, വിദ്യാർത്ഥിയായിരുന്ന അവർ താലിബാൻ ഭരണത്തിൻകീഴിൽ ജീവിക്കുന്ന സ്ത്രീകളെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു.
അവരെ കൂടാതെ, താലിബാന്റെ നീരസത്തിന് ഇരകളായ അഫ്ഗാനികളെ ഒഴിപ്പിക്കാനും പുനരധിവസിപ്പിക്കാനുമുള്ള യുഎസ് ഓപ്പറേഷൻ ടീമിന്റെ കീഴിൽ വരുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രതിനിധിയായി മുതിർന്ന ഉപദേശക സ്റ്റെഫെനി ഫോസ്റ്ററും നിയമിക്കപ്പെട്ടു. താലിബാൻ അധികാരത്തിൽ കയറിയതിനെ ശേഷം, സ്ത്രീകളുടേയും പെൺകുട്ടികളുടേയും അവകാശങ്ങൾ വലിയ രീതിയിൽ ഹനിക്കപ്പെട്ടു. സ്ത്രീകളെ ജോലിയ്ക്കു പോകുന്നതിൽ നിന്നും, സ്‌കൂളുകളിൽ ചേരുന്നതിൽ നിന്നും സർക്കാർ വിലക്കി.
കഴിഞ്ഞ ആഴ്ച പുരുഷ കുടുംബാംഗം ഒപ്പമില്ലാതെ സ്ത്രീകളെ ദൂരയാത്ര ചെയ്യുന്നതിൽ നിന്ന് താലിബാൻ വിലക്കിയിരുന്നു. ഹിജാബ് ധരിച്ച മാത്രമേ സ്ത്രീകൾ വാഹനങ്ങളിൽ കയറാവൂ എന്നും, സ്ത്രീകൾ പുരുഷ കുടുംബാംഗം ഇല്ലാതെ 72 കിലോമീറ്ററിനപ്പുറം യാത്ര ചെയ്യാൻ പാടില്ലെന്നും താലിബാന്റെ പുതിയ ഉത്തരവിൽ പറയുന്നു. നടിമാർ ഉൾപ്പെടുന്ന സീരിയലുകളും പരിപാടികളും നിർത്തിവയ്ക്കാൻ അഫ്ഗാനിലെ ടെലിവിഷൻ ചാനലുകളോട് മന്ത്രാലയം ഉത്തരവ് നൽകിയിരുന്നു. വനിതാ ടെലിവിഷൻ ജേണലിസ്റ്റുകൾക്ക് വിലക്കില്ലെങ്കിലും, ശിരോവസ്ത്രം ധരിച്ച് മാത്രം ടിവിയിൽ പ്രത്യക്ഷപ്പെടാൻ അവർക്ക് നിർദേശം ഉണ്ടായിരുന്നു.