ട്രംപ് തോല്‍ക്കുന്നതിന് നാലുനാള്‍ മുമ്പ് യുഎസ് സൈനിക മേധാവി എന്തിനാണ് ചൈനീസ് ജനറലിനെ വിളിച്ചത്?

By Web TeamFirst Published Sep 15, 2021, 1:33 PM IST
Highlights

ഡൊണാള്‍ഡ് ട്രംപിന്റെ വിധി നിര്‍ണയിച്ച തെരഞ്ഞെടുപ്പിന്റെ നാലു ദിവസം മുമ്പ് അമേരിക്കന്‍ സൈന്യാധിപന്‍ എന്തിനാണ് ചൈനയുടെ സൈനികമേധാവിയെ രഹസ്യമായി വിളിച്ചത്? ഇതാണ് അമേരിക്കയിലെ പുതിയ ചര്‍ച്ചാ വിഷയം.

ഡൊണാള്‍ഡ് ട്രംപിന്റെ വിധി നിര്‍ണയിച്ച തെരഞ്ഞെടുപ്പിന്റെ നാലു ദിവസം മുമ്പ് അമേരിക്കന്‍ സൈന്യാധിപന്‍ എന്തിനാണ് ചൈനയുടെ സൈനികമേധാവിയെ രഹസ്യമായി വിളിച്ചത്? ഇതാണ് അമേരിക്കയിലെ പുതിയ ചര്‍ച്ചാ വിഷയം.  

മാധ്യമ പ്രവര്‍ത്തകരായ ബോബ് വൂഡ്‌വാര്‍ഡ്, റോബര്‍ട്ട് കോസ്റ്റ എന്നിവര്‍ എഴുതിയ പുതിയ പുസ്തകത്തിലാണ് അമേരിക്കന്‍ സൈന്യാധിപന്‍ ചൈനീസ് സൈനിക മേധാവിയെ രഹസ്യമായി വിളിച്ച കാര്യം പുറത്തുവന്നത്.  തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി ട്രംപ് ചൈനയ്ക്ക് എതിരെ ആക്രമണം നടത്തിയേക്കുമെന്ന ആശങ്കയിലാണ് യുഎസ് സൈന്യാധിപനായ ജനറല്‍ മാര്‍ക്ക് മില്ലേ ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജനറല്‍ ലി സുവോചെങിനെ വിളിച്ചത് എന്നാണ് പുസ്തകത്തില്‍ പറയുന്നത്. യു എസ് പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അമേരിക്കയില്‍ സജീവമായി. 

അമേരിക്കന്‍ സൈനിക മേധാവി രണ്ട് തവണയാണ് ചൈനീസ് ജനറലിനെ വിളിച്ചത്. തെരഞ്ഞെടുപ്പിന് നാലു ദിവസം മുമ്പ് 2020 ഒക്‌ടോബര്‍ 30-നാണ് ആദ്യം വിളിച്ചത്. ട്രംപ് അനുയായികള്‍ യു എസ് കാപ്പിറ്റോളില്‍ കയറി ആക്രമണം നടത്തിയതിന്റെ രണ്ടാം ദിവസം-ജനുവരി എട്ടിന്-രണ്ടാമത് വിളിച്ചു. 

പ്രസിഡന്റ് പദവിയിലുള്ള ട്രംപിന്റെ അവസാന ദിനങ്ങളെക്കുറിച്ചാണ് പുസ്തകം. ട്രംപ് ഭരണകൂടത്തില്‍ വലിയ പദവികള്‍ വഹിച്ച 200 ഉന്നത വൃത്തങ്ങളുമായി സംസാരിച്ച ശേഷം തയ്യാറാക്കിയ 'പെറില്‍' എന്ന തലക്കെട്ടിലുള്ള പുസ്തകം അടുത്ത ആഴ്ച വിപണിയിലിറങ്ങും. 

പരാജയ ഭീതി മുന്നില്‍ കണ്ട് ട്രംപ് ചൈനക്കെതിരെ യുദ്ധം ആരംഭിച്ചേക്കുമെന്ന ഭീതിയിലാണ് അമേരിക്കന്‍ സൈന്യാധിപന്‍ ചൈനീസ് ജനറലിനെ വിളിച്ചത് എന്നാണ് പുസ്തകത്തില്‍ പറയുന്നത്. അമേരിക്ക ഭദ്രമായ അവസ്ഥയിലാണ് എന്നും ചൈനയെ ആക്രമിക്കില്ലെന്നും ജനറല്‍ മാര്‍ക്ക് മില്ലേ ചൈനീസ് സൈന്യാധിപനെ അറിയിച്ചു. അഥവാ യുദ്ധ സാദ്ധ്യത ഉണ്ടാവുകയാണെങ്കില്‍ നേരത്തെ തന്നെ അക്കാര്യം അറിയിക്കാമെന്ന് ജനറല്‍ മില്ലെ ചൈനീസ് സൈന്യാധിപനെ അറിയിച്ചതായും പുസ്തകത്തില്‍ പറയുന്നു. 

 

ജനറല്‍ മാര്‍ക്ക് മില്ലേ, ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജനറല്‍ ലി സുവോചെങ

 

അന്നത്തെ സി ഐ എ ഡയരക്ടര്‍ ജിന ഹാസ്‌പെല്‍, ദേശീയ സുരക്ഷാ ഏജന്‍സി മേധാവി പോള്‍ നകാസോണ്‍ എന്നിവരുമായും ജനറല്‍ മില്ലേ ഈ ആശങ്ക പങ്കുവെച്ചതായും പുസ്തകത്തില്‍ പറയുന്നു. വെളിവില്ലാതെ ട്രംപ് എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടാനിടയുണ്ടെന്നും ഇക്കാര്യത്തില്‍ അതീവജാഗ്രത പാലിക്കണമെന്നുമാണത്രെ ജനറല്‍ മില്ലെ ഇവരോട് പറഞ്ഞത്. ഇതിന് മറുപടിയായി, രാജ്യം അതീവ അപകടകരമായ അവസ്ഥയിലാണെന്ന് സി ഐ എ മേധാവി പറഞ്ഞതായും പുസ്തകത്തിലുണ്ട്.  ഇക്കാര്യത്തില്‍ ജനറല്‍ മില്ലെ, അതിരുകടന്നതായും അസാധാരണമായ അധികാരം വിനിയോഗിച്ചതായുമാണ് പുസ്തകം വിലയിരുത്തുന്നത്. 

വെളിപ്പെടുത്തല്‍ വിവാദമായതിനിടെ, സംഭവത്തില്‍ ട്രംപിന്റെ പ്രസ്താവന പുറത്തുവന്നു. ഇത് കെട്ടിച്ചമച്ച കഥ ആണെന്നും അഥവാ ഇത് നടന്ന കാര്യമാണെങ്കില്‍, ജനറല്‍ മില്ലേയെ രാജ്യദ്രോഹകുറ്റത്തിന് വിചാരണ ചെയ്യണമെന്നും ട്രംപ് ആവശ്യപ്പെട്ടു. താനൊരിക്കലും ചൈനയെ ആക്രമിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. 

ഈ വാര്‍ത്തയോട് ജനറല്‍ മില്ലെയുടെ ഓഫീസ് ്രപതികരിച്ചിട്ടില്ല. വൈറ്റ് ഹൗസ് വക്താവും സംഭവത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

അതിനിടെ, സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റര്‍ മാര്‍ക്കോ റൂബിയോ പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു. അമേരിക്കന്‍ സൈന്യത്തിന്റെ രഹസ്യ വിവരങ്ങള്‍ ചൈനയ്ക്ക് കൈമാറിയ സംഭവം അപകടകരമാണെന്നും ഇക്കാര്യത്തില്‍, അടിയന്തിര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അമേരിക്കന്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുയായികള്‍ നടത്തിയ അഴിഞ്ഞാട്ടത്തിനു പിന്നാലെ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുമായി മില്ലെ സംസാരിച്ചിരുന്നു. അതിനു തൊട്ടുപിറെകയാണ് അദ്ദേഹം ചൈനീസ് ജനറലിനെ വിളിച്ചത്. സ്ഥിരതയില്ലാത്ത ഒരു പ്രസിഡന്റ് ആണവയുദ്ധം വല്ലതും നടത്താന്‍ തീരുമാനിച്ചാല്‍, അതിനെ തടയാന്‍ എന്തു കാര്യമാണ് ചെയ്തതെന്ന് അന്നത്തെ ചര്‍ച്ചയില്‍ പെലോസി ജനറല്‍ മില്ലെയോട് ചോദിച്ചിരുന്നു. ''അയാള്‍ക്ക് കിറുക്കാണ് , നിങ്ങള്‍ക്കറിയാമല്ലോ' എന്ന് പെലോസി പറഞ്ഞതായാണ് ടെലിഫോണ്‍ സംഭാഷണ രേഖകള്‍ പുറത്തുവിട്ട് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. 'താങ്കള്‍ പറയുന്നതെല്ലാം അംഗീകരിക്കുന്ന'ു എന്നായിരുന്നത്രെ അതിന് ജനറല്‍ മില്ലെയുടെ മറുപടി. 

2018-ലാണ് മില്ലെയെ ട്രംപ് സൈനിക മേധാവിയായി നിയമിച്ചത്. തെരഞ്ഞെടുപ്പ് പരാജയത്തിനെ തുടര്‍ന്ന് ഇദ്ദേഹത്തിനും സൈന്യത്തിലെ മറ്റ് ഉന്നതര്‍ക്കുമെതിരെ ട്രംപ് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

click me!