300 ഐഫോണുകള്‍ ഒന്നിച്ചു വാങ്ങിയിറങ്ങിയ യുവാവിനെ തല്‍ക്ഷണം കൊള്ളയടിച്ചു!

By Web TeamFirst Published Dec 2, 2022, 7:25 PM IST
Highlights

പിടിവലിക്കിടയില്‍ 125 ഫോണുകള്‍ അടങ്ങിയ ഒരു ബാഗ് കള്ളന്‍മാര്‍ കൊണ്ടുപോയി. 95,000 അമേരിക്കന്‍ ഡോളര്‍ (77 ലക്ഷം രൂപ) വില മതിക്കുന്ന ഫോണുകളാണ് നഷ്ടപ്പെട്ടത്.

അമരിക്കയിലെ ആപ്പിള്‍ സ്‌റ്റോറില്‍നിന്നും 300 ഐഫോണ്‍ 13 ഫോണുകള്‍ വാങ്ങിപ്പോവുകയായിരുന്ന യുവാവിനെ കടയില്‍നിന്നിറങ്ങി മിനിറ്റുകള്‍ക്കകം കൊള്ളയടിച്ചു. നഗരത്തിലെ തന്റെ ചെറിയ കടയിലേക്ക് ഐഫോണുകളും വാങ്ങിപ്പോവുകയായിരുന്ന 27-കാരനായ യുവാവിനെയാണ് സിനിമാ സ്‌റ്റെലില്‍ കൊള്ളയടിച്ചത്. കടയ്ക്കു മുന്നില്‍ വെച്ച് യുവാവിനെ ആക്രമിച്ച് 125 പുതുപുത്തന്‍ ഐഫോണുകള്‍ അടങ്ങിയ ബാഗുകള്‍ പിടിച്ചുപറിച്ച് കാറില്‍ രക്ഷപ്പെടുകയായിരുന്നു കവര്‍ച്ചക്കാര്‍. 

മന്‍ഹാട്ടന്‍ ഫിഫ്ത് അവന്യൂവിലെ ആപ്പിള്‍ സ്‌റ്റോറിനു മുന്നിലായിരുന്നു സംഭവം. ബ്ലാക്ക് ഫ്രൈഡേ ഓഫര്‍ നിലനില്‍ക്കുന്നതിനാല്‍ നല്ല കച്ചവടം നടക്കുന്ന സമയമായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കടയില്‍ പുലര്‍ച്ചെ ഒന്നേ മുക്കാലിനായിരുന്നു സംഭവം. ഈ സമയത്താണ് ഐഫോണുകള്‍ ഒന്നിച്ചു വാങ്ങുന്നതിനായി യുവാവ് കടയിലെത്തിയതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

300 ഐഫോണ്‍ 13 ഫോണുകള്‍ വാങ്ങിയ യുവാവ് പുറത്തു നിര്‍ത്തിയിട്ട കാറിലേക്ക് പോവുകയായിരുന്നു. മൂന്ന് വലിയ ബാഗുകളിലായിരുന്നു ഐഫോണുകള്‍. കടയില്‍നിന്നിറങ്ങി കാറിലേക്ക് കയറുന്നതിന് തൊട്ടുമുമ്പായി ഒരു കാര്‍ സമീപം വന്നു നിന്നു. അതില്‍നിന്നിറങ്ങിയ രണ്ട് കവര്‍ച്ചക്കാര്‍ ബാഗുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. യുവാവ് വിസമ്മതിച്ചപ്പോള്‍ അവര്‍ അയാളെ ആക്രമിച്ചു. പിടിവലിക്കിടയില്‍ 125 ഫോണുകള്‍ അടങ്ങിയ ഒരു ബാഗ് കള്ളന്‍മാര്‍ കൊണ്ടുപോയി. അതിവേഗം തങ്ങളുടെ കാറില്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. 95,000 അമേരിക്കന്‍ ഡോളര്‍ (77 ലക്ഷം രൂപ) വില മതിക്കുന്ന ഫോണുകളാണ് നഷ്ടപ്പെട്ടത്. യുവാവിന് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. 

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തങ്ങളുടെ സ്ഥാപനത്തില്‍ സാധാരണയായി വന്ന് ഐഫോണുകള്‍ ഒന്നിച്ച് വാങ്ങിപ്പോവുന്ന യുവാവാണ് കൊള്ളയടിക്കപ്പെട്ടതെന്ന് ആപ്പിള്‍ സ്‌റ്റോര്‍ അധികൃതര്‍ പൊലീസിനോട് പറഞ്ഞു. നഗരത്തിലെവിടെയോ ചെറിയ വ്യാപാര സ്ഥാപനമുണ്ടായിരുന്ന യുവാവ് അവിടേക്കാണ് ഒന്നിച്ച് ഐഫോണുകള്‍ വാങ്ങിപ്പോയിരുന്നത്. ഇതോടൊപ്പം മറ്റ് ഗാഡ്ജറ്റുകളും ഇയാള്‍ ഒന്നിച്ച് വാങ്ങിയിരുന്നതായും ഇവര്‍ പറയുന്നത്. പതിവായി, പുലര്‍ച്ചെ ഒരു മണിക്കു ശേഷമാണ് ഇയാള്‍ ഫോണുകള്‍ വാങ്ങാന്‍ എത്താറുള്ളത്. ഈ സമയത്ത് വന്ന് പെട്ടെന്ന് ഫോണുകള്‍ വാങ്ങി പോവുകയായിരുന്നു പതിവ്. ഇത്തവണയും അതു പോലെ വന്ന് ഫോണ്‍ വാങ്ങിപ്പോവുന്നതിനിടയിലായിരുന്നു ആക്രമണവും കവര്‍ച്ചയും നടന്നതെന്ന് അവര്‍ വ്യക്തമാക്കി. 

സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. യുവാവ് ഇത്രയും ഐഫോണുകള്‍ വാങ്ങിപ്പോവുന്നത് അറിഞ്ഞ് വന്നവരാണ് കവര്‍ച്ച നടത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 
 

click me!