Missing Baby Found: രണ്ട് വയസ്സുള്ള കുഞ്ഞ് ഉറങ്ങിക്കിടക്കുന്നതിനിടെ കാര്‍ അടിച്ചുമാറ്റി, യുവതി കുടുങ്ങി

Web Desk   | Asianet News
Published : Mar 01, 2022, 08:21 AM IST
Missing Baby Found:  രണ്ട് വയസ്സുള്ള കുഞ്ഞ് ഉറങ്ങിക്കിടക്കുന്നതിനിടെ  കാര്‍ അടിച്ചുമാറ്റി, യുവതി കുടുങ്ങി

Synopsis

 ഉറങ്ങുകയായിരുന്ന കുട്ടിയെ കാറില്‍ കിടത്തി സമീപത്തുള്ള കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങുകയായിരുന്നു അമ്മ മെലിസ ജോര്‍ഡൈന്‍. സാധനങ്ങള്‍ വാങ്ങി കാര്‍ നിര്‍ത്തിയിട്ട പാര്‍ക്കിംഗ് സ്ഥലത്ത് ചെന്നപ്പോള്‍ വാഹനമോ കുട്ടിയോ അവിടെ ഉണ്ടായിരുന്നില്ല.

രണ്ടു വയസ്സുളള കുഞ്ഞിനെ കാറിന്റെ പിന്‍സീറ്റില്‍ ഉറക്കിക്കിടത്തി മാതാവ് സാധനങ്ങള്‍ വാങ്ങുന്നതിനിടെ കാര്‍ മോഷണം പോയി. സംഭവത്തെ തുടര്‍ന്ന് പൊലീസ് വന്‍ തിരച്ചില്‍ നടത്തിയശേഷം, ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിറ്റേന്ന് കാര്‍ കണ്ടെത്തി. കുഞ്ഞ് അതില്‍ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതി അറസ്റ്റിലായി. വിചിത്രമായ ഈ സംഭവങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. 

 

 

അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള സണ്ണിവെയിലിലാണ് സംഭവം. രണ്ടു വയസ്സുള്ള ജേക്കബ് ജോര്‍ഡെന്‍ എന്ന ആണ്‍കുട്ടിയെയാണ് കാണാതായത്. ഉറങ്ങുകയായിരുന്ന കുട്ടിയെ കാറില്‍ കിടത്തി സമീപത്തുള്ള കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങുകയായിരുന്നു അമ്മ മെലിസ ജോര്‍ഡൈന്‍. സാധനങ്ങള്‍ വാങ്ങി കാര്‍ നിര്‍ത്തിയിട്ട പാര്‍ക്കിംഗ് സ്ഥലത്ത് ചെന്നപ്പോള്‍ വാഹനമോ കുട്ടിയോ അവിടെ ഉണ്ടായിരുന്നില്ല.

 

 

തുടര്‍ന്ന് പരിഭ്രാന്തരായ അമ്മ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് കുട്ടിക്ക് വേണ്ടി വമ്പിച്ച തെരച്ചില്‍ നടത്തുകയായിരുന്നു. 

 

 

ഞായറാഴ്ച കാലത്താണ് കുട്ടിയെ കാണാതായത്. പിറ്റേന്നാണ് ബ്രൗണ്‍ നിറത്തിലുള്ള കാര്‍  നാലു മൈല്‍ അകലെ സാന്‍ഫ്രാന്‍സിസ്‌കോ ബേയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കിയ നിലയിലായിരുന്നു. പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നു കുട്ടി. ഉടന്‍ തന്നെ കുട്ടിയെ പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് ലുവോങ് ടാമി ഹുയിന്‍ എന്ന 29 കാരിയ്ക്കു വേണ്ടി പൊലീസ് അതിനകം തെരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കുട്ടിയെ കൊണ്ടുപോയത് ഇവരാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. കാര്‍ കണ്ടുകിട്ടി മണിക്കൂറിനകം സാന്‍ജോസിലെ വസതിയില്‍വെച്ച് ഈ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ റിമാന്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും കാര്‍ മോഷ്ടിച്ചതിനുമുള്ള കേസുകള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു. 

 

 

കുട്ടിയെ കിട്ടിയതറിഞ്ഞ് അമ്മ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു. കുട്ടിയെ കാണാതെ ഭ്രാന്തു പിടിച്ച അവസ്ഥയിലായിരുന്നു താനെന്നും പൊലീസ് തക്കസമയത്ത് ഇടപെട്ടതുകൊണ്ടാണ് കുഞ്ഞ് രക്ഷപ്പെട്ടതെന്നും അമ്മ പറഞ്ഞു. 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!