
യുക്രൈനിനെ ആക്രമിക്കാന്‍ റഷ്യയ്ക്ക് ആയുധം നല്‍കുന്ന റഷ്യന്‍ ശതകോടീശ്വരന് യുക്രൈന്‍കാരനായ ജീവനക്കാരന്റെ വക കട്ടപ്പണി. മുതലാളിയുടെ ഉടമസ്ഥതയിലുള്ള 70 ലക്ഷം യൂറോ വിലമതിക്കുന്ന (59.2 കോടി രൂപ) അത്യാഡംബര നൗക ഇയാള്‍ കടലില്‍ മുക്കാന്‍ ശ്രമിക്കുകയായിരുന്നു. കപ്പലിലെ ചീഫ് എഞ്ചിനീയറായ യുക്രൈന്‍ നാവികന്‍ സംഭവത്തെ തുടര്‍ന്ന് പിടിയിലായി. സ്പാനിഷ് തുറമുഖത്ത് നടന്ന സംഭവത്തില്‍ അറസ്റ്റിലായ ശേഷം വിട്ടയക്കപ്പെട്ട ഇയാള്‍ അതിനുശേഷം യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് തിരിച്ചു. റഷ്യന്‍ അക്രമികള്‍ക്ക് എതിരായി യുക്രൈന്‍ ജനത നടത്തുന്ന പോരാട്ടത്തില്‍ പങ്കാളിയാവുമെന്ന് ജയില്‍മോചിതനായ ശേഷം നാട്ടിലേക്കു പോവുന്നതിനായി പോളണ്ടിലെ വാഴസയിലേക്ക് വിമാനം കയറുന്നതിനു തൊട്ടുമുമ്പ് എ പി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ പറഞ്ഞു.
ശനിയാഴ്ചയാണ് അമ്പരപ്പിക്കുന്ന ഈ സംഭവം നടന്നത്. റഷ്യന്‍ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ശതകോടീശ്വരനായ ആയുധക്കച്ചവടക്കാരന്‍ അലക്‌സാണ്ടര്‍ മിഖീവിന്റെ അത്യാഡംബര നൗകയാണ് യുക്രൈന്‍ നാവികന്‍ കടലില്‍ മുക്കാന്‍ ശ്രമിച്ചത്. റഷ്യന്‍ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലുള്ള ആയുധനിര്‍മാണ കമ്പനിയായ റോസ്‌റ്റെകിന്റെ ആയുധക്കയറ്റുമതി ഏജന്‍സിയായ റോസോബൊറോന്‍ എക്‌സ്‌പോര്‍ട്ട് കമ്പനിയുടെ സി ഇ ഒയാണ് അലക്‌സാണ്ടര്‍ മിഖീവ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലേഡി അനസ്താസിയ എന്ന ആഡംബര നൗകയിലാണ് വിവാദസംഭവങ്ങള്‍ നടന്നത്.
2001-ല്‍ നിര്‍മിച്ച 48 മീറ്റര്‍ നീളമുള്ള ഈ അത്യാഡംബര നൗക 70 ലക്ഷം യൂറോ വിലമതിക്കുന്നതാണ്. സ്‌പെയിനിലെ മലോര്‍ക്കയിലുള്ള അഡ്രിയാനോ തുറമുഖത്താണ് ഈ നൗക ഉള്ളത്. കോടീശ്വരന്‍മാരുടെ അത്യാഡംബര നൗകകള്‍ നിര്‍ത്തിയിടുന്ന യൂറോപ്പിലെ പ്രശസ്തമായ തുറമുഖമാണിത്. ഇത്തരം ആഡംബര നൗകകള്‍ നികുതിവെട്ടിപ്പ് നടത്തുന്നതിനായി, ബിനാമി പേരുകളിലാണ് രജിസ്റ്റര്‍ ചെയ്യാറുള്ളത്. ഈ നൗകയുടെ ഉടമസ്ഥന്‍ റഷ്യന്‍ ആയുധവ്യാപാരിയാണെന്ന കാര്യം വളരെ കുറച്ചുപേര്‍ക്കേ അറിയുകയുള്ളൂ.
ആ രഹസ്യം അറിയുന്ന ഒരാളാണ്, യുക്രൈന്‍കാരനായ ചീഫ് എഞ്ചിനീയര്‍ റാസ് ഒസ്റ്റാപ്ചുക്. 58-കാരനായ ഇദ്ദേഹം മികച്ച നാവികനും കമ്പനിയുടെ വിശ്വസ്തനുമായാണ് അറിയപ്പെടുന്നത്. അതിനിടെയാണ് ശനിയാഴ്ച ഈ ആഡംബര നൗക കടലില്‍ മുക്കിക്കളയാന്‍ ഇദ്ദേഹം ശ്രമിച്ചത്. റഷ്യയുടെ യുക്രൈന്‍ ആക്രമണമാണ് അതിനു പ്രേരിപ്പിച്ചതെന്നാണ് സംഭവത്തിനു ശേഷം സ്പാനിഷ് കോടതിയില്‍ അദ്ദേഹം നല്‍കിയ മൊഴി. റഷ്യന്‍ മിസൈലുകള്‍ യുക്രെനിലെ അപ്പാര്‍ട്ട്‌മെന്റില്‍ വീണ് വന്‍ ദുരന്തമുണ്ടാവുന്ന ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ടതിനു പിന്നാലെയാണ് കപ്പല്‍ മുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം മൊഴി നല്‍കി.
റാസ് ഒസ്റ്റാപ്ചുക്.
''എന്റെ ജനതയെ കൊന്നൊടുക്കാന്‍ ശ്രമിക്കുന്നത് എന്റെ മുതലാളിയുടെ കമ്പനി നിര്‍മിച്ച മിസൈലാണ് എന്നത് ഞെട്ടലോടെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്. ഒരു രാജ്യത്തെയും അവിടത്തെ ജനങ്ങളെയും കൊന്നുതീര്‍ക്കാന്‍ ശ്രമിക്കുന്ന ക്രിമിനലാണ് ഞാന്‍ ജോലി ചെയ്യുന്ന കപ്പലിന്റെ ഉടമയെന്ന തിരിച്ചറിവിലാണ് നൗക മുക്കിക്കളയാന്‍ ഞാന്‍ ശ്രമിച്ചത്. അതിലെനിക്കൊരു കുറ്റബോധവുമില്ല. ഇനിയും ഇത്തരം കാര്യങ്ങള്‍ ചെയ്യും എന്നാണ് എനിക്ക് പറയാനുള്ളത്.''-റാസ് ഒസ്റ്റാപ്ചുക് നല്‍കിയ മൊഴിപ്രസ്താവം കണ്ട എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
യുക്രൈന്‍ അധിനിവേശത്തിന് പ്രതികാരം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ എഞ്ചിന്‍ മുറിയിലെ വമ്പന്‍ വാല്‍വ് തുറന്നിടുകയാണ് ആദ്യം ഇദ്ദേഹം ചെയ്തത്. പിന്നീട്, കപ്പല്‍ ജീവനക്കാരുടെ താമസസ്ഥലത്തുള്ള മറ്റൊരു വമ്പന്‍ വാല്‍വും തുറന്നിട്ടു. പിന്നീട് വൈദ്യുതി സ്വിച്ചോഫ് ചെയ്യുകയും ഇന്ധന വാല്‍വ് അടച്ചിടുകയും ചെയ്തു. ഇതോടെ കപ്പലിന്റെ രണ്ട് ഭാഗങ്ങള്‍ മുങ്ങുമെന്ന് ഉറപ്പായി.
അതിനിടെ, കപ്പലിലെ സഹപ്രവര്‍ത്തകരില്‍ ചിലരോട് എത്രയുംവേഗം കപ്പലില്‍നിന്നും രക്ഷപ്പെടാന്‍ ഇദ്ദേഹം അറിയിച്ചു. യുക്രൈന്‍കാര്‍ തന്നെയായിരുന്നു ഇവരില്‍ കൂടുതലും. സ്വന്തം ജനങ്ങളെ കശാപ്പ് ചെയ്യുന്നത് മുതലാളിയുടെ കമ്പനി നിര്‍ംിച്ച ആയുധങ്ങളാലാണെന്നും അതിനു പ്രതികാരം ചെയ്യുകയാണെന്നും അദ്ദേഹം അവരെ അറിയിച്ചു. എന്നാല്‍, ജീവനക്കാരില്‍ ചിലര്‍ ഇതിനോട് വിയോജിച്ചു. തുടര്‍ന്ന് ഇദ്ദേഹവും ജീവനക്കാരും തമ്മില്‍ വഴക്കുണ്ടായി. അവരില്‍ ചിലരാണ് ഈ വിവരം കപ്പല്‍ മാനേജ്‌മെന്റിനെ അറിയിച്ചത്. തുടര്‍ന്ന്, പൊലീസ് എത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനിടയില്‍ കപ്പല്‍ ജീവനക്കാര്‍ തന്നെ, വാല്‍വുകള്‍ തുറന്നിടുകയും കപ്പല്‍ മുങ്ങാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.
കോടതിയില്‍ എത്തിയ ഈ യുക്രൈന്‍ നാവികന്‍ അഭിമാനത്തോടെയാണ് താന്‍ ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചതെന്ന് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ യുദ്ധവെറിയോടുള്ള പ്രതിഷേധമായാണ് സ്വന്തം ജനങ്ങളെ കൊലചെയ്യുന്ന ആയുധങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മുതലാളിക്ക് എതിരായ പ്രവൃത്തി എന്നും അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തെ സ്വന്തം നാട്ടിലേക്ക് വിട്ടയക്കാന്‍ കോടതി വിധിച്ചു. ഇവിടെ നിന്നും പോളണ്ടിലെ വാഴ്‌സയിലേക്ക് വിമാനം കയറിയ ഇദ്ദേഹം അതിനു തൊട്ടുമുമ്പാണ് എ പി വാര്‍ത്താ ഏജന്‍സിയോട് സംസാരിച്ചത്.