
കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളി ജയിലില്‍നിന്നും രക്ഷപ്പെട്ടു. ജയിലിലെ ഉന്നത ഉദ്യോഗസ്ഥയെയും ഇയാള്‍ക്കൊപ്പം കാണാതായി. ജയില്‍ ഉദ്യോഗസ്ഥയുടെ സഹായത്തോടെയാണോ ഇയാള്‍ രക്ഷപ്പെട്ടതെന്നും അതല്ല ഉദ്യോഗസ്ഥയെ ഇയാള്‍ ബന്ദിയാക്കിയതാണോ എന്നുമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്. ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രത്യേക പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ലോഡര്‍ഡെയില്‍ ഡിറ്റഷന്‍ സെന്ററില്‍ തടവില്‍ കഴിയുകയായിരുന്ന കെയ്‌സി വൈറ്റ് എന്ന കൊടും കുറ്റവാളിയാണ് തടവില്‍നിന്നും രക്ഷപ്പെട്ടത്. ജയിലിലെ കറക്ഷന്‍സ് ഡയരക്ടര്‍ ആയ വിക്കി വൈറ്റിനൊപ്പമാണ് ഇയാള്‍ ജയിലില്‍നിന്നിറങ്ങിയത്. അതിനു ശേഷം ഇരുവരെയും കുറിച്ച് വിവരമൊന്നുമില്ല. അത്യന്തം അപകടകാരിയായ കുറ്റവാളിയെന്നാണ് കെയ്‌സി വൈറ്റ് അറിയപ്പെടുന്നത്.
കോടതിയില്‍ മനോരോഗ പരിശോധനയ്ക്ക് കൊണ്ടുപോവുന്നു എന്നു പറഞ്ഞാണ് ഔദ്യോഗിക വാഹനത്തില്‍ ഉദ്യോഗസ്ഥ കെയ്‌സി വെറ്റ് എന്ന കുറ്റവാളിയെ കൊണ്ടുപോയത്. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തനിക്ക് ആശുപത്രിയില്‍ പോവണമെന്നും ഇവര്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കെയ്‌സി വൈറ്റിനെ പോലുള്ള കൊടും കുറ്റവാളികളെ കൊണ്ടുപോവുമ്പോള്‍ രണ്ട് ഉദ്യോഗസ്ഥര്‍ കൂടെ പോവണമെന്നാണ് നിയമം. എന്നാല്‍, ഉദ്യോഗസ്ഥ ഇയാളെ തനിച്ചാണ് കൊണ്ടുപോയത്. വൈകുന്നേരമായിട്ടും കുറ്റവാളിയെ ജയിലില്‍ എത്തിക്കാത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടന്നത്. അന്വേഷണത്തില്‍ ഉദ്യോഗസ്ഥയെയും കാണാനില്ലെന്ന് കണ്ടെത്തി. കെയ്‌സി വൈറ്റിനെ കൊണ്ടുപോയ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തി.
കുറ്റവാളിയെ ജയില്‍ ഉദ്യോഗസ്ഥ തടവില്‍നിന്നും രക്ഷപ്പെടാന്‍ സഹായിച്ചോ എന്ന കാര്യം അറിവായിട്ടില്ലെന്ന് ലോഡര്‍ഡെയില്‍ കൗണ്ടി ഷെറിഫിന്റെ ഓഫീസ് പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഉദ്യോഗസ്ഥ ബോധപൂര്‍വ്വം കെയ്‌സി വൈറ്റിനെ രക്ഷപ്പെടുത്തുകയായിരുന്നോ അതോ ഇയാള്‍ ഉദ്യോഗസ്ഥയെ ബന്ദിയാക്കി രക്ഷപ്പെടുകയായിരുന്നോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്. ഉദ്യോഗസ്ഥയുടെ കൈവശമുള്ള തോക്ക് കുറ്റവാളിയുടെ കൈയില്‍ എത്തിയോ എന്നും അറിവില്ല. അപകടകാരിയായ കുറ്റവാളിയായി കരുതപ്പെടുന്ന കെയ്‌സി വൈറ്റ് രക്ഷപ്പെട്ടുവെങ്കില്‍, ഉദ്യോഗസ്ഥയുടെ ജവന്‍ അപകടത്തിലാണെന്നും കരുതുന്നതായി അധികൃതര്‍ പറഞ്ഞു.
നീണ്ട 25 വര്‍ഷത്തെ അനുഭവസമ്പത്തുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് കാണാതായ വിക്കിവൈറ്റ്. തടവുകാരുടെ മാനസിക പരിവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡയരക്ടര്‍ ആണ് ഇവര്‍. നിരവധി തവണ മികച്ച ജീവനക്കാരിക്കുള്ള അവാര്‍ഡ് നേടിയ ഈ ഉദ്യോഗസ്ഥയ്ക്ക് എതിരെ ഇതുവരെ ഒരു പരാതി പോലുമുണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. വിശ്വസ്ഥയും കര്‍ത്തവ്യനിരതയുമായ ഈ ഉദ്യോഗസ്ഥ കുറ്റവാളിയെ രക്ഷപ്പെടുത്തി എന്ന കാര്യം അമ്പരപ്പിക്കുന്നതാണെന്നാണ് ഷെറിഫിന്റെ ഓഫീസ് മാധ്യമങ്ങളോട് പറഞ്ഞത്.
38-കാരനായ കെയ്‌സി വൈറ്റ് നിരവധി കേസുകളില്‍ പ്രതിയാണ്. 2020 സെപ്തംബറില്‍ 58-കാരിയായ കോണി റിജ് വേ എന്ന സ്ത്രീയെ കുത്തിക്കൊന്ന കേസിലാണ് ഇയാള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. നിരവധി കുറ്റകൃത്യങ്ങളുടെ പേരില്‍ ഇയാള്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കവര്‍ച്ച, വാഹന മോഷണം, പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. നേരത്തെ ഒരു ജയില്‍ ജീവനക്കാരനെ ബന്ദിയാക്കി രക്ഷപ്പെടാന്‍ ഇയാള്‍ പദ്ധതി ഇട്ടിരുന്നുവെങ്കിലും അന്ന് ഉദ്യോഗസ്ഥര്‍ ആ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.