
അന്യഗ്രഹജീവികള്‍ യാഥാര്‍ത്ഥ്യമാണോ അതോ സങ്കല്പമാണോ എന്ന കാര്യത്തില്‍ ഒരു വ്യക്തത ഇതുവരെയും വന്നിട്ടില്ലെങ്കിലും കാലാകാലങ്ങളായി സിനിമകളായും കഥകളായും ഒക്കെ അവര്‍ നമ്മോടൊപ്പം ഉണ്ട് . കൂടാതെ ഈ ഗ്രഹത്തിനപ്പുറമുള്ള ഒരു ജീവിതം എങ്ങനെയായിരിക്കുമെന്ന് ചിത്രീകരിക്കുന്ന നിരവധി സിനിമകളും കഥകളും ഇതിനോടകം പുറത്തിറങ്ങിയിട്ടുമുണ്ട്. ചിലര്‍ അന്യഗ്രഹ ജീവികളെ സൗഹാര്‍ദ്ദപരമായി ചിത്രീകരിക്കുന്നു എന്നാല്‍ മറ്റു ചിലര്‍ അപകടകാരികളായും. എന്തുതന്നെയായാലും ഭൂമിക്കപ്പുറത്ത് ജീവനുണ്ടോ എന്ന് സ്ഥാപിക്കാന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
അതിനിടെ, ഈ വസ്തുതകള്‍ കാര്യമായി പരിശോധിക്കാനുള്ള തീരുമാനത്തിലാണ് അമേരിക്ക ഇപ്പോള്‍. പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ച വാര്‍ഷിക പ്രതിരോധ നയ നിയമത്തില്‍ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള പഠനത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1945 മുതലുള്ള മുഴുവന്‍ സംഭവങ്ങളെ കുറിച്ചും പഠിക്കാനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
ജ്യോതിശാസ്ത്രജ്ഞനായ ജാക്വസ് വല്ലി പറയുന്നതനുസരിച്ച്, ടെക്‌സാസിലെ സാന്‍ അന്റോണിയോയില്‍ തകര്‍ന്ന പറക്കുംതളികയുടെ അന്വേഷണത്തിനാകും ഈ തീരുമാനം ഏറെ സഹായകമാവുക, ഇത് 1945-ല്‍ വാര്‍ത്തകളില്‍ ഇടം നേടിയെങ്കിലും ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. മൂന്ന് പ്രധാന സാക്ഷികളുടെ മൊഴികളെ അടിസ്ഥാനമാക്കി സംഭവത്തില്‍ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്താനാണ് സാധ്യത.
അപകട സമയത്ത് നിലം കുലുങ്ങുന്നതായി അനുഭവപ്പെട്ടന്നും അതിഭീകരമായ ശബ്ദത്തോടെ ഒരു സ്‌ഫോടനം നടന്നുവെന്നുമാണ് മുന്‍ യുഎസ് മറൈന്‍ റെമെ ബാക്ക് ഇതേക്കുറിച്ച് പിന്നീട് പറഞ്ഞത്. എന്നാല്‍ സംഭവത്തിന്റെ ദൃക്‌സാക്ഷിയായ 86- കാരനായ ജോസ് പാഡില്ല അവകാശപ്പെട്ടത് വിചിത്ര രൂപത്തിലുള്ള ജീവികള്‍ പേടകത്തിനുള്ളില്‍ ചലിക്കുന്നത് താന്‍ കണ്ടെന്നാണ്. ഇന്നും ദുരൂഹമായി തുടരുന്ന ഈ സംഭവത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ അമേരിക്ക മനപൂര്‍വ്വം മറച്ചുവയ്ക്കുകയാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട് . എന്തുതന്നെയായാലും ഇപ്പോള്‍ എടുത്തിരിക്കുന്ന ഈ തീരുമാനത്തിലൂടെ മറഞ്ഞിരിക്കുന്ന പല കാര്യങ്ങളും പുറത്തുവരും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്