ചന്ദ്രനു വേണ്ടി യുദ്ധം; ചൈന ചന്ദ്രനെ സ്വന്തമാക്കുമെന്ന് നാസ, യു എസാണ് വില്ലന്‍മാരെന്ന് ചൈന

Published : Jan 03, 2023, 07:46 PM IST
ചന്ദ്രനു വേണ്ടി യുദ്ധം; ചൈന ചന്ദ്രനെ സ്വന്തമാക്കുമെന്ന് നാസ, യു എസാണ് വില്ലന്‍മാരെന്ന് ചൈന

Synopsis

തങ്ങള്‍ ഇപ്പോള്‍ ഒരു ബഹിരാകാശ മത്സരത്തില്‍ ആണെന്നും. ശാസ്ത്രത്തിന്റെ മറവില്‍ ചൈന ചന്ദ്രനില്‍ എത്താതിരിക്കാന്‍  ശ്രദ്ധിക്കുന്നതാണ് നല്ലതെന്നും നാസയുടെ ഉന്നത അധികാരി

ശീത സമര കാലത്തെ റഷ്യയുടെയും അമേരിക്കയുടെയും അവസ്ഥയിലാണ് ഇപ്പോള്‍ അമേരിക്കയും ചൈനയും. ബഹിരാകാശമാണ് അവരുടെ യുദ്ധക്കളം. ബഹിരാകാശ ഗവേഷണങ്ങളെ ശത്രു രാജ്യത്തിനു മേല്‍ ആധിപത്യം നേടാനുള്ള അവസരമായാണ് ഇരു രാജ്യങ്ങളും കാണുന്നത്. അന്താരാഷ്ട്ര ബഹിരകാശനിലയത്തിനു പകരമായി സ്വന്തം നിലയം സ്ഥാപിച്ച ചൈന പുതിയ ബഹിരാകാശ പദ്ധതികളിലൂടെ അമേരിക്കയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. ഇതിനെ ഗൗരവത്തോടെ കണ്ട് പകരത്തിനു പകരം പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് അമേരിക്ക. 

അതിനിടെയാണ്, നാസയുടെ ഉന്നതന്‍ ചൈനയ്‌ക്കെതിരെ വിവാദ പ്രസ്താവനയുമായി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും ചന്ദ്ര പര്യവേക്ഷണ ശ്രമങ്ങളാണ് പുതിയ വിവാദത്തിന് വഴിമരുന്നിട്ടത്. ചന്ദ്രനില്‍ സ്വന്തം കോളനികള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഇരു രാജ്യങ്ങളും മുന്നോട്ടു വെക്കുന്നത്. അമേരിക്ക ചന്ദ്രനെ സ്വന്തമാക്കുമെന്ന് ചൈന നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതിനിടെയാണ്, നാസയുടെ ഉന്നത അധികാരിയും ബഹിരകാശ ഗവേഷകനും മുന്‍ സെനറ്ററുമായ ബില്‍ നെല്‍സണ്‍ ചൈനീസ് ആഗ്രഹങ്ങളെ വിമര്‍ശിച്ച് രംഗത്തുവന്നത്. ചന്ദ്രനില്‍ ആദ്യം താവളമുറപ്പിക്കുന്നത് ചൈനയാണെങ്കില്‍ അതിനു മേല്‍ അവര്‍ അവകാശവാദമുന്നയിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ചന്ദ്രനില്‍ എത്തിയാല്‍ ഉടന്‍ തന്നെ ചൈന, അത് തങ്ങളുടെ സ്ഥലമാണ് എന്ന അവകാശവാദവുമായി എത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. ചൈനയുടെ സ്വഭാവം അതാണെന്നും അതിന് തടയിടാന്‍ ആണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തങ്ങള്‍ ഇപ്പോള്‍ ഒരു ബഹിരാകാശ മത്സരത്തില്‍ ആണെന്നും. ശാസ്ത്രത്തിന്റെ മറവില്‍ ചൈന ചന്ദ്രനില്‍ എത്താതിരിക്കാന്‍  ശ്രദ്ധിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . അങ്ങനെ സംഭവിച്ചാല്‍ മറ്റു രാജ്യക്കാരെ, ഇത് ഞങ്ങളുടെ സ്ഥലമാണ് നിങ്ങള്‍ പുറത്തുനില്‍ക്കുക എന്ന് പറഞ്ഞ് പുറത്താക്കാനും ചൈന മടിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റു രാജ്യങ്ങളുടെ ഭൂപ്രദേശങ്ങളില്‍ പരമാധികാരം സ്ഥാപിക്കുന്നതാണ് ചൈനയുടെ സ്വഭാവം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചന്ദ്രനില്‍ ആദ്യമാര് താവളമുറപ്പിക്കും എന്ന അമേരിക്കയുടെയും ചൈനയുടെയും മത്സരം കടുക്കുമ്പോഴാണ് ബില്‍ നെല്‍സന്റെ ഈ പ്രസ്താവന. വരുന്ന രണ്ടു വര്‍ഷങ്ങള്‍ ഇരു രാജ്യങ്ങളെയും സംബന്ധിച്ചും പ്രധാനമാണ്. ചന്ദ്രനില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഗവേഷണശ്രമങ്ങളിലാണ് ഇരു രാജ്യങ്ങളും . 

ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ തങ്ങളുടെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനില്‍ എത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി ബെയ്ജിംഗ് വ്യക്തമാക്കിയിട്ടുണ്ട്.  ഡിസംബറില്‍, ബഹിരാകാശ അടിസ്ഥാന സൗകര്യ വികസനം, ബഹിരാകാശ ഭരണസംവിധാനം സ്ഥാപിക്കല്‍ തുടങ്ങിയ കൂടുതല്‍  പദ്ധതികള്‍ക്കായുള്ള ആസൂത്രണങ്ങള്‍ ചൈന സര്‍ക്കാര്‍ രൂപപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

അമേരിക്കയും ചന്ദ്രനെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിലാണ്. ആര്‍ട്ടെമിസ് ദൗത്യമാണ് അവരുടെ തുരുപ്പുചീട്ട്. 2024 -ഓടെ ചന്ദ്രനിലേക്കെത്തി ഉപരിതലത്തിലും ചന്ദ്രന്റെ ഭ്രമണപഥത്തിലുമായി താവളമടിക്കാനുള്ള അടിസ്ഥാനമിടുകയാണ് ആര്‍ട്ടിമിസ് ദൗത്യം ലക്ഷ്യമിടുന്നത്. അതിനിടെ, ആര്‍ട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി ഡിസംബര്‍ 11 `-ന് നാസ വിക്ഷേപിച്ച ഓറിയോണ്‍ ബഹിരാകാശ പേടകം പസഫിക്ക് സമുദ്രത്തില്‍ തെറിച്ചു വീണിരുന്നു. 

ചന്ദ്രനിലുള്ള അവകാശം മുഴുവന്‍ മനുഷ്യരാശിക്കും ഒരുപോലെയാണെന്ന യുഎന്‍ പ്രഖ്യാപനത്തിന് വിരുദ്ധമാണ് അമേരിക്കന്‍ നീക്കമെന്നാണ് ചൈന ഇക്കാര്യത്തില്‍ ഉന്നയിക്കുന്ന വിമര്‍ശനം.

PREV
Read more Articles on
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി