നിര്‍ത്താതെ സംസാരിച്ചതിന് സഹതടവുകാരനെ കഴുത്തുഞെരിച്ചു കൊന്ന തടവുപുള്ളി മരിച്ചനിലയില്‍

Published : Sep 01, 2022, 08:01 PM IST
നിര്‍ത്താതെ സംസാരിച്ചതിന് സഹതടവുകാരനെ  കഴുത്തുഞെരിച്ചു കൊന്ന തടവുപുള്ളി മരിച്ചനിലയില്‍

Synopsis

 സദാ സമയം സംസാരിച്ചു കൊണ്ടിരിക്കും, എത്ര പറഞ്ഞാലും വായടക്കില്ല, അതാണ് കൊലപാതകത്തിനു കാരണമെന്നാണ് ഇയാള്‍ കോടതിക്കു മുമ്പാകെ മൊഴി നല്‍കിയത്. 

സംസാരം നിര്‍ത്തുന്നില്ല എന്നു പറഞ്ഞ് സഹതടവുകാരനെ വധിച്ച അമേരിക്കന്‍ തടവുകാരനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെബ്രാസ്‌കയിലെ ജയിലില്‍ കഴിയുകയായിരുന്ന വധശിക്ഷാ തടവുകാരനെയാണ് െസല്ലിനുള്ളില്‍ മരിച്ച നിലയില്‍ കെണ്ടത്തിയത്. കൊലക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്നതിനിടെ സഹതടവുകാരനെ കഴുത്തുഞെരിച്ചു കൊന്ന കേസിലാണ് ഇയാള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. 

45 വയസ്സുകാരനായ പാട്രിക് ഷ്‌റോഡര്‍ എന്ന വധശിക്ഷാ തടവുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇയാളുടെ മരണകാരണം അറിവായിട്ടില്ല. 

 

 

2006-ല്‍ തൊഴിലുടമയെ തല്ലിക്കൊന്ന് കിണറ്റിലിട്ടതിന്റെ പേരിലാണ് ഇയാള്‍ ജയിലിലായത്. കെനി ആല്‍ബേഴ്‌സ് എന്ന 75 കാരനായ കര്‍ഷകനാണ് അന്ന് കൊല്ലപ്പെട്ടത്. കെനി ആല്‍ബേഴ്‌സുമായി പണത്തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് അയാളുടെ വീട്ടിലെത്തി വടികൊണ്ട് തല്ലിക്കൊന്ന് കിണറ്റിലിട്ടു എന്നതായിരുന്നു കേസ്. തുടര്‍ന്ന് ഇയാളെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. 

നെബ്രാസ്‌ക ജയിലില്‍ ജീവപര്യന്തം തടവില്‍ കിടക്കുമ്പോഴാണ് 2017-ല്‍ അടുത്ത കൊലപാതകം നടക്കുന്നത്. ജീവപര്യന്തം തടവുകാര്‍ക്കുള്ള സെല്ലില്‍ രണ്ട് തടവുകാരെ ഒന്നിച്ചാണ് താമസിപ്പിച്ചിരുന്നത്.  പിടിച്ചുപറി, കവര്‍ച്ച കേസുകളില്‍ ശിക്ഷിക്കപ്പെട്ട 22 വയസ്സുകാരന്‍ ടെറി ബെറിയായിരുന്നു ഇയാളുടെ സഹതടവുകാരന്‍. ടെറി സെല്ലിലെത്തി ആറാം ദിവസമാണ് പാട്രിക് ഷ്‌റോഡര്‍ അയാളെ കഴുത്തു ഞെരിച്ചു കൊന്നത്. കൈകള്‍ കൊണ്ട് കഴുത്തു ഞെരിക്കുകയും പിന്നീട് മരണം ഉറപ്പാക്കാന്‍ തൂവാല ഉപയോഗിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. കൊല ചെയ്തതിനു ശേഷം ഗാര്‍ഡിനെ വിളിച്ച്, സഹതടവുകാരന്‍ മരിച്ചുവെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ഒരു കൊലക്കുറ്റം കൂടി ചുമത്തിയത്. 

കോടതിയില്‍ എത്തിയ പാട്രിക് ഷ്‌റോഡര്‍ പറഞ്ഞത് വിചിത്രമായ കാരണമാണ്. ടെറി ബെറി വായടക്കുന്നില്ല എന്നതായിരുന്നു ആ കാരണം. സദാ സമയം സംസാരിച്ചു കൊണ്ടിരിക്കും, എത്ര പറഞ്ഞാലും വായടക്കില്ല, അതാണ് കൊലപാതകത്തിനു കാരണമെന്നാണ് ഇയാള്‍ കോടതിക്കു മുമ്പാകെ മൊഴി നല്‍കിയത്.  ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരെ ഒറ്റയ്ക്ക് സെല്ലില്‍ താമസിപ്പിക്കണമെന്നും മറ്റൊരാളെ  സഹിച്ചു ജീവിക്കാനാവില്ലെന്നും ഇയാള്‍ മൊഴി നല്‍കി. തുടര്‍ന്ന്, കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍, വധശിക്ഷയ്ക്ക് എതിരെ അപ്പീലിനു പോവാന്‍ പാട്രിക് ഷ്‌റോഡര്‍ തയ്യാറായില്ല. താന്‍ വധശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും അതല്ലാതെ മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. 

ഇതിനു ശേഷം വധശിക്ഷ കാത്തുകഴിയവെയാണ് ഇന്നലെ പാട്രിക് ഷ്‌റോഡറിനെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

കോയമ്പത്തൂരിൽ റോഡിലേക്ക് പാഞ്ഞുകയറി കുതിരകൾ, കുട്ടികളുമായി സ്കൂട്ടിയിൽ പോവുകയായിരുന്ന സ്ത്രീയ്ക്ക് പരിക്ക്; വീഡിയോ
വരൻ സ്ത്രീധനം ചോദിച്ചെന്ന് വധു, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ചതാണെന്ന് വരൻ