
എല്ലാം സാധാരണ പോലെയായിരുന്നു. ഒരാള്‍ ബാങ്കിലേക്ക് പോവുന്നതിന് ഊബര്‍ ടാക്‌സി ബുക്ക് ചെയ്യുന്നു. ടാക്‌സി ഡ്രൈവര്‍ വന്നപ്പോള്‍, താന്‍ ബാങ്കില്‍ പോയി വരുന്നതു വരെ പുറത്തു കാത്തുനില്‍ക്കാന്‍ പറയുന്നു. ഡ്രൈവര്‍ ടാക്‌സി ബാങ്കിനു പുറത്തുനിര്‍ത്തിയിടുന്നു. വണ്ടിയിറങ്ങി പുറത്തേക്കു പോയ ആള്‍ തിരിച്ചു വന്നപ്പോള്‍ ഊബര്‍ ഡ്രൈവര്‍ പുറപ്പെടുന്നു. ഉപഭോക്താവിന്റെ വീട്ടിലെത്തിച്ചശേഷം അയാള്‍ മടങ്ങുന്നു.
എല്ലാം തികച്ചും സാധാരണം. എന്നാല്‍, അതു കഴിഞ്ഞ് നടന്നതൊന്നും സാധാരണ കാര്യങ്ങളായിരുന്നില്ല. പിറ്റേന്ന് അയാളെ തിരക്കി പൊലീസ് എത്തുന്നു. ഒരു ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ വന്നതെന്ന് അറിയിക്കുന്നു. ബാങ്കില്‍ കവര്‍ച്ച നടത്തിയ ശേഷം അയാളുടെ കാറിലാണ് രക്ഷപ്പെട്ടതെന്നും പൊലീസ് അറിയിക്കുന്നു.
ആകെ അന്തംവിട്ട ഡ്രൈവര്‍ അപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. ബാങ്കിലേക്ക് ഊബര്‍ ബുക്ക് ചെയ്ത ഉപഭോക്താവ് സത്യത്തില്‍ കവര്‍ച്ചക്കാരനായിരുന്നു എന്നാണ് അയാള്‍ തിരിച്ചറിഞ്ഞത്. കവര്‍ച്ചയ്ക്കു ശേഷം പണവുമായി എത്തിയ അയാളെ താന്‍ രക്ഷപ്പെടുത്തുകയായിരുന്നു എന്നും അയാള്‍ തിരിച്ചറിയുന്നു. കവര്‍ച്ചയുമായി തനിക്കൊരു ബന്ധവുമില്ലെന്നും താന്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും കൂടി അയാള്‍ പറയുന്നു. വൈകിയില്ല, ബാങ്കിലേക്ക് ടാക്‌സി ബുക്ക് ചെയ്ത ആളുടെ വീട്ടിലേക്ക് അയാള്‍ പൊലീസിനെ എത്തിക്കുന്നു. കവര്‍ച്ചക്കാരനെ പൊലീസ് കൈയോടെ പിടികൂടുന്നതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
അമേരിക്കയിലെ മിഷിഗണിലുള്ള സൗത്ത് ഫീല്‍ഡിലാണ് ഊബര്‍ ടാക്‌സി ഉപയോഗിച്ച് ബാങ്ക് കൊള്ള നടന്നത്. 42-കാരനായ ജെയിസണ്‍ ക്രിസ്മസാണ് സംഭവത്തില്‍ അറസ്റ്റിലായത്. സൗത്ത്ഫീല്‍ഡിലെ ഹണ്ടിഗ്ടണ്‍ ബാങ്ക് ശാഖയിലാണ് ഇയാള്‍ മുഖംമൂടി ധരിച്ച് കവര്‍ച്ച നടത്തിയത്. കൈത്തോക്കുമായി ബാങ്കില്‍ കയറിച്ചെന്ന ഇയാള്‍ ജീവനക്കാരെ ഭിഷണിപ്പെടുത്തി പണം തട്ടിയെടുത്ത് ഊബര്‍ ടാക്‌സിയില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കവര്‍ച്ച പ്ലാന്‍ ചെയ്ത ജെയിസണ്‍ ്രകിസ്മസ് ഇതിനായി ഒരു ഊബര്‍ ടാക്‌സി വിളിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവറോട് വണ്ടി ബാങ്കിനു പുറത്ത് നിര്‍ത്താനാവശ്യപ്പെട്ട ശേഷം ഇയാള്‍ മുഖംമൂടി ധരിച്ച് ബാങ്കില്‍ പ്രവേശിക്കുകയായിരുന്നു. ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ഇയാള്‍ ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന പണം ഒന്നിച്ച് വാങ്ങി പുറത്തുനിര്‍ത്തിയിട്ട വണ്ടിയില്‍ രക്ഷപ്പെടുകയായിരുന്നു. കൊള്ള കഴിഞ്ഞ് കൂളായി വീട്ടില്‍ വിശ്രമിക്കുന്ന സമയത്താണ് പൊലീസ് എത്തിയത്.
കൊള്ള നടന്ന വിവരമറിഞ്ഞ് എത്തിയ പൊലീസ് പുറത്തു നിര്‍ത്തിയിട്ട വണ്ടിയില്‍ ഇയാള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് കഥ മാറുന്നത്. ടാക്‌സി നമ്പര്‍ അന്വേഷിച്ച പൊലീസ് ഡ്രൈവറെ കണ്ടെത്തുകയും അയാള്‍ കൊള്ള നടത്തിയ ആളുടെ വീട്ടിലേക്ക് പൊലീസിനെ എത്തിക്കുകയുമായിരുന്നു.