
പ്രണയത്തില്‍ കാമുകി കാമുകന്മാര്‍ വേര്‍പിരിയുന്നതും മറ്റു ബന്ധങ്ങള്‍ തേടിപ്പോകുന്നതുമൊക്കെ ധാരാളമായി നമ്മള്‍ കണ്ടിട്ടുണ്ട്. ഉപേക്ഷിച്ചു പോയ കാമുകനോടോ അല്ലെങ്കില്‍ കാമുകിയോടോ അത്ര വേഗത്തില്‍ പൊറുക്കാനും ക്ഷമിക്കാനും പലര്‍ക്കും ആകില്ല. ചിലപ്പോഴെങ്കിലും ഇങ്ങനെ ഉപേക്ഷിച്ചു പോകുന്ന കാമുകനെയോ കാമുകിയേയോ ആജന്മ ശത്രുക്കളായി കാണുകയും ഏതെങ്കിലും വിധത്തില്‍ പകരം വീട്ടാനുമുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്.
എന്നാല്‍ ഇവിടെ ഒരു യുവതി ആരും പ്രതീക്ഷിക്കാത്ത രീതിയിലാണ് മുന്‍കാമുകനോട് പ്രതികാരം ചെയ്യുന്നത്. തന്നെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ തേടി പോയ കാമുകനോട് അവര്‍ പ്രതികാരം ചെയ്തത് വ്യത്യസ്തമായ രീതിയിലാണ്. കാമുകന്റെ വീടിന് മുന്‍പിലും അയാള്‍ പോകാന്‍ ഇടയുള്ള നഗരത്തിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലും ഇക്കാര്യം പറയുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് യുവതി പ്രതികാരം ചെയ്തത്.
ലോസ് എയ്ഞ്ചല്‍സില്‍ നിന്നുള്ള പോപ്പ് ഗായികയും ഗാനരചയിതാവുമായ ഇസ എന്ന 25 -കാരിയാണ് കാമുകനോട് ഇത്തരത്തില്‍ മധുരപ്രതികാരം ചെയ്തത്. കാമുകനും അയാളുടെ പുതിയ കാമുകിയും ഒരുമിച്ചു താമസിക്കുന്ന വീടിന് തൊട്ടു മുന്‍പില്‍ ആയാണ് ഇസ തന്റെ ഒരു ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. തന്നെ ഉപേക്ഷിച്ചു പോയ കാമുകന്‍ കണ്ണു തുറന്നു പുറത്തേക്ക് നോക്കുമ്പോള്‍ തന്റെ മുഖമായിരിക്കണം കാണേണ്ടത് എന്ന വാശിയോടെയാണ് ഇവര്‍ ഇങ്ങനെ ചെയ്തത്. ഇതിലൂടെ കാമുകന്റെയും അയാളുടെ പുതിയ പങ്കാളിയുടെയും സ്വസ്ഥത നശിപ്പിക്കുകയാണ് തന്റെ ലക്ഷ്യം എന്നും ഇവര്‍ പറയുന്നു. തീര്‍ന്നില്ല നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍- പ്രത്യേകിച്ച് കാമുകന്‍ പോകാന്‍ ഇടയുള്ള സ്ഥലങ്ങളില്‍-ഇസ ഇത്തരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
'ഐ സെ ദിസ് വിത്ത് ലവ്' എന്ന ക്യാപ്ഷനോടെ സ്വന്തം പടം ഉള്‍പ്പെടെയാണ് ഇസ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കാമുകനോട് ഇത്തരത്തില്‍ ഒരു പ്രതികാരം ചെയ്ത വിവരം ഇസ തന്നെയാണ് ടിക്‌ടോക്ക് വീഡിയോയിലൂടെ പങ്കുവെച്ചത്. വന്‍ സ്വീകാര്യതയാണ് ഇസയുടെ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും പറഞ്ഞത് മധുര പ്രതികാരം വളരെ നന്നായിരിക്കുന്നു എന്നാണ്.
കാമുകന്‍ തന്നെ ഉപേക്ഷിച്ചത് പോയതില്‍ ഇപ്പോള്‍ തനിക്ക് യാതൊരു വിഷമവും ഇല്ലെന്നും എന്നാല്‍ തന്നെ ഉപേക്ഷിച്ചത് അയാള്‍ക്കൊരു നഷ്ടമായി തോന്നണമെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പ്രതികാരം ചെയ്തതെന്നുമാണ് ഇസ പറയുന്നത്