
ഉറങ്ങുന്ന കാമുകന്റെ ദേഹത്ത് ചുട്ടുപൊള്ളുന്ന വെള്ളം ഒഴിക്കുകയും ആ ക്രൂരദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സ്‌നാപ് ചാറ്റില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത കേസില്‍ യുവതിക്ക് 10 വര്‍ഷം തടവ്. യുവാവിന്റെ വണ്ടിയുടെ താക്കോല്‍ ഒളിപ്പിച്ചു വെച്ച ശേഷമായിരുന്നു ആക്രമണം. വേദനകൊണ്ട് പുളഞ്ഞ യുവാവ് തന്നെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും യുവതി സമ്മതിച്ചില്ല. തുടര്‍ന്ന് ഒളിപ്പിച്ചുവെച്ച താക്കോല്‍ കണ്ടെത്തിയ കാമുകന്‍ തനിയെ ആശുപത്രിയിലേക്ക് ഡ്രൈവ് ചെയ്തു പോവുകയായിരുന്നു. മൂന്നാഴ്ചയോളം ആശുപത്രിയില്‍ കിടന്നശേഷമാണ് ഇയാള്‍ ഡിസ്ചാര്‍ജായത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ യുവതിയെ രണ്ടാഴ്ചയ്ക്കു ശേഷം പൊലീസ് പൊക്കി. തുടര്‍ന്നാണ്, ഇവരെ കോടതി 10 വര്‍ഷം തടവിനു ശിക്ഷിച്ചത്. ആക്രമണത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല
അമേരിക്കയിലെ ഇല്ലിനോയിസിലാണ് സംഭവം. അലക്‌സിസ് സൈക്‌സ് എന്ന എന്ന 23 കാരിക്കാണ് തടവുശിക്ഷ വിധിച്ചതെന്ന് കോടതി വൃത്തങ്ങള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
അലക്‌സിസ് സൈക്‌സ്
റോസല്ലയിലുള്ള അപ്പാര്‍ട്‌മെന്റിലായിരുന്നു അലക്‌സിസും കാമുകനും താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് കാമുകന്‍ ഉറങ്ങിക്കിടക്കെ യുവതി ക്രൂരമായി ആക്രമിച്ചത്. തിളയ്ക്കുന്ന വെള്ളം ദേഹത്തേക്ക് ഒഴിയ്ക്കുകയായിരുന്നു ഇവര്‍. അരയിലും വയറിലും മുഖത്തും ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചാടിയെഴുന്നേറ്റ് തന്നെ ആശുപ്രതിയില്‍ കൊണ്ടുപോവണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി സമ്മതിച്ചില്ല. പകരം വേദനയാല്‍ പിടയുന്ന അയാളുടെ വീഡിയോ പകര്‍ത്തി സ്‌നാപ് ചാറ്റില്‍ പോസ്റ്റ് ചെയ്തു. ''അവന് മുഖം മുതല്‍ അരക്കെട്ട് വരെയുള്ള ഭാഗത്ത് നല്ല പൊള്ളലേറ്റു. ഇപ്പോള്‍ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്. മോശമായിപ്പോയെന്ന് തോന്നുന്നു'' എന്ന അടിക്കുറിപ്പോടെയാണ് ഇവര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഒപ്പം നിറയെ ചിരിക്കുന്ന സ്‌മൈലികളും ഹൃദചിഹ്‌നമുള്ള ഇമോജികളും പോസ്റ്റ് ചെയ്തു.
ആക്രമണത്തിനു മുമ്പേ യുവാവിന്റെ വാഹനത്തിന്റെ താക്കോല്‍ അലക്‌സിസ് ഒളിപ്പിച്ചു വെച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍, വാഹനം കിട്ടാതെ ഇയാള്‍ വലഞ്ഞു. അലക്‌സിസിനോട് തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്ന് കരഞ്ഞു പറഞ്ഞുവെങ്കിലും അവര്‍ സമ്മതിച്ചില്ല. തുടര്‍ന്ന്, ഒളിപ്പിച്ചു വെച്ച താക്കോല്‍ കണ്ടെടുത്ത് ഇയാള്‍ എങ്ങനെയോ വാഹനമോടിച്ച് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിന് മൂന്നാഴ്ചകള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നു.
സംഭവത്തിനു ശേഷം അലക്‌സിസ് ഒളിവില്‍ പോയി. ഇവര്‍ക്കു വേണ്ടി പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെ രണ്ടാഴ്ചയ്ക്കു ശേഷം മിസിസിപ്പിയിലെ വിദൂര സ്ഥലത്തുവെച്ച് ഇവര്‍ അറസ്റ്റിലായി. തുടര്‍ന്നാണ് കേസ് കോടതിയില്‍ എത്തിയത്. ആദ്യ വര്‍ഷങ്ങളില്‍ പരോള്‍ ലഭിക്കാത്ത തടവുശിക്ഷയാണ് ഇവര്‍ക്ക് വിധിച്ചിട്ടുള്ളത്.