
എല്ലായിടത്തും ഇപ്പോൾ സോഷ്യൽ മീഡിയ വളരെ സജീവമാണ്. അതുപോലെ തന്നെയാണ് ചൈനയിൽ നിന്നുള്ള റെഡ്നോട്ട് എന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമും. യുഎസിൽ ടിക്‌ടോക്കിൻ്റെ ജനപ്രീതി കുറഞ്ഞതിന് പിന്നാലെയാണ് 21 -കാരിയായ കാതറീന സീലിയ ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ റെഡ്‌നോട്ടിലേക്ക് മാറിയത്. അതിന് പിന്നാലെ, ഒരിക്കൽ തന്റെ സഹപാഠിയായിരുന്ന യുവാവിനെ കണ്ടെത്തിയിരിക്കയാണ് കാതറീൻ. സൈമൺ എന്ന തന്റെ പഴയ കൂട്ടുകാരനെ 22 മണിക്കൂറിനുള്ളിലാണ് കാതറീൻ കണ്ടെത്തിയത്.
വളരെ പെട്ടെന്നാണ് ചൈനയിലെ സോഷ്യൽ മീഡിയാ യൂസർമാർ കാതറീനെ തന്റെ പഴയ കൂട്ടുകാരനെ കണ്ടെത്താൻ സഹായിച്ചത്. റെഡ്‌നോട്ടിൽ 20,000 -ത്തിലധികം ഫോളോവേഴ്‌സുണ്ട് കാതറീന്. ഏഴ് വർഷം മുമ്പ് അവളുടെ സഹപാഠിയായിരുന്നു സൈമൺ. സൈമണെ കണ്ടെത്താൻ തന്നെ സഹായിക്കണം എന്ന് ആവശ്യപ്പെട്ടാണ് അവൾ റെഡ്‍നോട്ടിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
2017 മുതൽ 2018 വരെ അയോവയിലെ ഒരു സ്വകാര്യ കാത്തലിക് സ്‌കൂളിലാണ് താൻ പഠിച്ചിരുന്നത് എന്ന് കാതറീൻ പറയുന്നു. ആ സമയത്താണ് സൈമൺ എന്ന വിദ്യാർത്ഥി അവളുടെ ക്ലാസ്സിൽ ചേർന്നത്. അതോടെ ഇരുവരും ഉറ്റസുഹൃത്തുക്കളായി മാറി. എന്നാൽ, പിന്നീട് ഇരുവരും തമ്മിലുള്ള കോണ്ടാക്ട് നഷ്ടപ്പെട്ടു പോവുകയായിരുന്നു. അതോടെയാണ് ചൈനീസ് സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ റെഡ്‍നോട്ടിൽ കാതറീൻ വീഡിയോ പോസ്റ്റ് ചെയ്തത്.
സൈമണെ കണ്ടെത്താൻ റെഡ്നോട്ടിലെ എല്ലാ നെറ്റിസൺസിന്റെയും സഹായം തനിക്ക് ആവശ്യമുണ്ട് എന്നാണ് അവൾ തന്റെ വീഡിയോയിൽ പറഞ്ഞത്. സൈമൺ, ഞാൻ നിന്നെ മിസ്സ് ചെയ്യുന്നുവെന്നും നമ്മുടെ സൗഹൃദം മിസ് ചെയ്യുന്നു എന്നും അവൾ തന്റെ വീഡിയോയിൽ പറയുന്നുണ്ട്.
എന്തായാലും, അവളുടെ വീഡിയോ വൈറലായി മാറി. നെറ്റിസൺസ് അവളെ സഹായിച്ചു. എന്ത് ചെയ്താൽ കൂട്ടുകാരനെ കണ്ടെത്താമെന്ന നിർദ്ദേശങ്ങൾ നൽകി. അതേത്തുടർന്ന് സൈമണിന്റെ ഒരു പഴയ ഫോട്ടോ അവൾ ഷെയർ ചെയ്തു. ഒടുവിൽ സൈമണെ അറിയുന്ന ഒരാൾ സഹായവുമായി എത്തി.
ഒടുവിൽ സൈമൺ തന്നെ വീഡിയോയ്ക്ക് കമന്റുമായി എത്തി. താനാണ് സൈമൺ എന്നും വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട തന്റെ സുഹൃത്തിനെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദിയെന്നും സൈമൺ പോസ്റ്റിന് കമന്റ് നൽകി. കാതറീനും സൈമണും തങ്ങളെ വീണ്ടും കണ്ടുമുട്ടാൻ സഹായിച്ച നെറ്റിസൺസിനോട് നന്ദി പറഞ്ഞു.
യുഎസ്സിലാണ് നിലവിൽ സൈമൺ താമസിക്കുന്നത്. ഡിസൈനറായിട്ടാണ് ജോലി ചെയ്യുന്നത്.