Uyghur crackdown : ചൈനയിൽ ഉയ്​ഗുർ വംശജരെ അടിച്ചമർത്തുക തന്നെയാണ്, ഉന്നതനേതാക്കള്‍ക്ക് നേരിട്ട് ബന്ധം

Published : Dec 01, 2021, 10:56 AM IST
Uyghur crackdown : ചൈനയിൽ ഉയ്​ഗുർ വംശജരെ അടിച്ചമർത്തുക തന്നെയാണ്, ഉന്നതനേതാക്കള്‍ക്ക് നേരിട്ട് ബന്ധം

Synopsis

സിൻജിയാങ്ങിൽ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ചൈന വൻ അന്താരാഷ്ട്ര സമ്മർദ്ദത്തിന് വിധേയമായിട്ടുണ്ട്. 

പ്രസിഡൻറ് ഷി ജിൻപിംഗ്(President Xi Jinping) ഉൾപ്പടെയുള്ള ഉന്നത ചൈനീസ് നേതാക്കൾക്ക് ഉയ്ഗുർ(Uyghur) മുസ്ലിംകൾക്കെതിരായ ഭരണകൂടത്തിന്റെ അടിച്ചമർത്തലുമായി നേരിട്ട് ബന്ധമുണ്ട് എന്ന് കാണിക്കുന്ന പുതിയ ചില വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉയ്​ഗുറുകളുടെ കൂട്ടത്തടവിലേക്കും നിർബന്ധിത ജോലിയിലേക്കും നയിച്ച നടപടികൾക്ക് മുതിർന്ന നേതാക്കൾ ആഹ്വാനം ചെയ്തതായി വിശകലന വിദഗ്ധർ പറയുന്ന പ്രസംഗങ്ങളും ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നു. ഉയ്ഗുറുകൾക്കെതിരെ രാജ്യത്ത് വംശഹത്യ(genocide) നടത്തുകയാണെന്ന് കാലാകാലങ്ങളായി ആരോപണം ഉയര്‍ന്നു വരുന്നുണ്ട് എങ്കിലും ചൈന നിരന്തരം അത് നിഷേധിക്കുകയായിരുന്നു. 

നേരത്തെ ഇതില്‍ ചില രേഖകള്‍ പുറത്ത് വരികയും അത് ചില റിപ്പോര്‍ട്ടുകള്‍ക്ക് ആധാരമാവുകയും ചെയ്‍തിട്ടുണ്ട്. എന്നാല്‍, ഏറ്റവും പുതുതായി ചോര്‍ന്ന രേഖകളിലെ വിവരങ്ങളെല്ലാം പുതിയതാണ് എന്ന് ബിബിസി എഴുതുന്നു. അവ സെപ്റ്റംബറിൽ യുകെയിലെ ഒരു സ്വതന്ത്ര പീപ്പിൾസ് ട്രിബ്യൂണലായ ഉയ്ഗുർ ട്രിബ്യൂണലിലേക്ക് പാസാക്കപ്പെട്ടതാണ്. എന്നാൽ, മുമ്പ് പൂർണ്ണമായി പ്രസിദ്ധീകരിച്ചവയല്ല. ഡോക്‌ടർ അഡ്രിയാൻ സെൻസ്, ഡേവിഡ് ടോബിൻ, ജെയിംസ് മിൽവാർഡ് എന്നിവരോട് ഈ രേഖകൾ ആധികാരികമാക്കാൻ ട്രിബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

'സിൻജിയാങ് പേപ്പേഴ്‌സ്' എന്ന് പേര് നൽകപ്പെട്ടവയാണ് ഈ രേഖകൾ. ചൈനയില്‍ ഏറ്റവുമധികം ഉയ്‍ഗുറുകള്‍ താമസിക്കുന്ന പ്രദേശമാണ് സിന്‍ജിയാങ്. ഇതില്‍, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) നേതാക്കൾ ഷിയും പ്രീമിയർ ലീ കെച്യാങും എങ്ങനെയാണ് പ്രസ്താവനകൾ നടത്തിയതെന്ന് വെളിപ്പെടുത്തുന്നു. ഇത് ഉയ്ഗറുകളെയും മറ്റു മുസ്സിംകളെയും ബാധിക്കുന്ന നയങ്ങളിലേക്ക് നേരിട്ട് നയിച്ചുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിർബന്ധിതമായി ആളുകളെ തടവില്‍ പാര്‍പ്പിക്കുക, ഉയ്​ഗുർ സ്ത്രീകളെ കൂട്ട വന്ധ്യംകരണം നടത്തുക, പുനർവിദ്യാഭ്യാസം എന്ന പേരില്‍ തടങ്കലിൽ വച്ചിരിക്കുന്ന ഉയ്ഗുറുകളെ ഫാക്ടറികളിൽ ജോലി ചെയ്യാൻ നിർബന്ധിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

ന്യൂയോർക്ക് ടൈംസ് 2019 -ൽ, ചോർന്ന സമാനരേഖകളെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, എല്ലാം പൊതുജനങ്ങൾക്ക് ലഭ്യമാക്കിയില്ല. ഡോക്യുമെന്റുകളെക്കുറിച്ചുള്ള ഒരു റിപ്പോർട്ടിൽ, ഡോ സെൻസ് പറയുന്നത്, തന്റെ വിശകലനം കാണിക്കുന്നത് സര്‍ക്കാരിലുള്ള ഉന്നത വ്യക്തികളുടെ പ്രസ്താവനകളും ഉയ്ഗുറുകൾക്കെതിരെ നടപ്പാക്കിയ നയങ്ങളും തമ്മിലുള്ള ബന്ധം മുമ്പ് മനസ്സിലാക്കിയതിനേക്കാൾ 'വളരെ വിപുലവും വിശദവും പ്രാധാന്യമർഹിക്കുന്നതു'മാണ് എന്നാണ്. 

സിൻജിയാങ്ങിൽ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ചൈന വൻ അന്താരാഷ്ട്ര സമ്മർദ്ദത്തിന് വിധേയമായിട്ടുണ്ട്. 2013 -ൽ ബെയ്ജിംഗിലും 2014 -ൽ കുൻമിംഗ് നഗരത്തിലും കാൽനടയാത്രക്കാർക്കും യാത്രക്കാർക്കും നേരെ നടന്ന രണ്ട് ക്രൂരമായ ആക്രമണങ്ങളിൽ നിന്ന് ഈ മേഖലയോടുള്ള ചൈനയുടെ സമീപനത്തിൽ പ്രകടമായ മാറ്റം കണ്ടെത്താൻ കഴിയും. 

'പുനര്‍വിദ്യാഭ്യാസ'ത്തിന് എന്ന് പേരിട്ട് ചൈന നിര്‍മ്മിച്ചിരിക്കുന്ന ക്യാമ്പുകളിലെല്ലാം ഉയ്‍ഗറുകളെ പീഡിപ്പിക്കുകയാണ് എന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്ത് വന്നിട്ടുണ്ട്. അവരെക്കൊണ്ട് നിര്‍ബന്ധിതജോലി ചെയ്യിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ, ചൈന ഉയ്‍ഗര്‍ സ്ത്രീകളെ കൂട്ടവന്ധ്യംകരണം നടത്തുന്നു, കുട്ടികളെ കുടുംബത്തില്‍ നിന്നും വേര്‍പിരിക്കുന്നു, ഉയ്ഗറുകളുടെ സാംസ്കാരികവും പാരമ്പര്യവുമായ കാര്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നുമെല്ലാം ആരോപണങ്ങളുണ്ട്. 

അമേരിക്ക, കാനഡ, നെതർലാൻഡ്‌സ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ചൈന വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചെയ്തതായി ആരോപിച്ചു. ചൈന ഈ ആരോപണങ്ങളെ ശക്തമായി നിഷേധിച്ചു, തീവ്രവാദത്തെ തടയുന്നതിനും ഇസ്ലാമിക തീവ്രവാദത്തെ വേരോടെ പിഴുതെറിയുന്നതിനും സിൻജിയാങ്ങിലെ അടിച്ചമർത്തൽ അനിവാര്യമാണെന്നും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ തടവുകാർക്ക് 'പുനർ വിദ്യാഭ്യാസം' നൽകുന്നതിനുള്ള ഫലപ്രദമായ ഉപകരണമാണ് ക്യാമ്പുകൾ എന്നുമായിരുന്നു ചൈനയുടെ പക്ഷം

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!